ഏറെ നാടകീയമായ ഈ ക്ലിപ്പിലും ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ പൂർണവളർച്ചയെത്തിയ ഒരു രാജവെമ്പാലയെയാണ് യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ ഹോൾസ്റ്റൺ കൈകളിൽ എടുത്ത് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
പാമ്പുകളിൽ ആളുകൾ ഏറ്റവും ഭയക്കുന്ന വിഭാഗമാണ് രാജവെമ്പാല. ചെറിയൊരു രാജവെമ്പാലക്കുഞ്ഞിനെ കണ്ടാൽ പോലും ഭയന്ന് പോകുന്നവരാണ് നമ്മിൽ പലരും. എന്നാലിതാ ഭീമാകാരനായ ഒരു രാജവെമ്പാലയെ യാതൊരു ഭയവും ഇല്ലാതെ കൈകൾ കൊണ്ട് എടുത്ത് ഉയർത്തി വീഡിയോ ചിത്രീകരിക്കുകയാണ് ഇവിടെ ഒരാൾ.
'ദ റിയൽ താർസൺ' എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന വൈൽഡ് ലൈഫ് വ്ലോഗർ ആയ മൈക്ക് ഹോൾസ്റ്റൺ ആണ് ഈ വീഡിയോ പങ്കുവെച്ചത്. വന്യജീവികളുമായി വളരെ അടുത്തിടപഴകുന്ന ഇയാളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവയിൽ പലതും നമ്മെ ഭയപ്പെടുത്തുന്നതുമാണ്.
ഏറെ നാടകീയമായ ഈ ക്ലിപ്പിലും ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ പൂർണവളർച്ചയെത്തിയ ഒരു രാജവെമ്പാലയെയാണ് യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ ഹോൾസ്റ്റൺ കൈകളിൽ എടുത്ത് ഉയർത്തിപ്പിടിച്ചിരിക്കുന്നത്. ഹോൾസ്റ്റണിന്റെ ഉയരത്തേക്കാൾ വലിപ്പമുണ്ട് ഈ പാമ്പിന് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. എന്നാൽ, യാതൊരുവിധ ഭയവും കൂടാതെയാണ് വെറും കൈകളിൽ പാമ്പിനെ അനായാസേന കൈകാര്യം ചെയ്യുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കരുത് എന്ന് ഇദ്ദേഹത്തോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
പോസ്റ്റ് ചെയ്തതിനുശേഷം 8 ലക്ഷത്തിലധികം പേർ കണ്ട വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങളും ആശങ്കയും ഒരുപോലെ അറിയിച്ചിട്ടുണ്ട് ഇയാളുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സ്. അതേസമയം തന്നെ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ കണ്ടൻ്റുകൾ അപകടങ്ങളെക്കുറിച്ച് തിരിച്ചറിവില്ലാത്ത ആളുകൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ സോഷ്യൽ മീഡിയ കണ്ടൻറുകൾ സൃഷ്ടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഒരു വിഭാഗം നെറ്റിസൺസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.


