എന്നാൽ, പോസ്റ്റിനോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായി പ്രതികരിച്ചതോടെ കള്ളനെ കണ്ടെത്താൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് പൊലീസ്.
അമേരിക്കയിലെ അലബാമയിൽ പോലീസിന് തലവേദനയായി സ്കൂബി-ഡൂ കള്ളൻ. സ്കൂബി-ഡൂ വേഷം ധരിച്ചെത്തി ഒരു കൺവീനിയൻസ് സ്റ്റോറിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കള്ളനെ എങ്ങനെ പിടികൂടും എന്നറിയാതെ വലയുകയാണ് പൊലീസ്. ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും ശരീരം മുഴുവൻ മൂടത്തക്ക വിധത്തിലുള്ള സ്കൂബി ഡൂ കാർട്ടൂൺ കഥാപാത്രത്തിൻറെ വേഷം ധരിച്ചിരിക്കുന്നതിനാൽ ഇയാളെ തിരിച്ചറിയാനുള്ള യാതൊരു തുമ്പും പൊലീസിനും കിട്ടിയില്ല എന്നതാണ് വെല്ലുവിളിയാകുന്നത്. ഞായറാഴ്ച പുലർച്ചെ ഡങ്കൻവില്ലെയിലെ ഹൈവേ 82 ലെ കടയിലാണ് മോഷണം നടന്നത്.
ടസ്കലൂസ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് അനുസരിച്ച്, പുലർച്ചെ 3:45 ഓടെ കടയുടെ സുരക്ഷാ അലാറം അടിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് കള്ളൻ രക്ഷപ്പെട്ടിരുന്നു. കള്ളനെ പിടികൂടുന്നതിനായി ഇപ്പോൾ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. സ്കൂബി ഡു കാർട്ടൂൺ വേഷധാരിയായ വ്യക്തിയെ എവിടെയെങ്കിലും ആരെങ്കിലും കണ്ടെങ്കിൽ പൊലീസിനെ വിവരം അറിയിക്കണം എന്നാണ് പുറത്തുവിട്ടിരിക്കുന്ന നിർദ്ദേശം.
ഇതുമായി ബന്ധപ്പെട്ട പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയാണ്; "ഹേയ് ഗാങ്! ഒരു കാര്യം കണ്ടെത്താൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. സ്കൂബി-ഡൂ സ്യൂട്ട് ധരിച്ച ഈ വ്യക്തി ഡങ്കൻവില്ലയിലെ ഹൈവേ 82 ലെ ക്വിക്ക് സ്റ്റോപ്പിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയിരിക്കുന്നു. ഞായറാഴ്ച പുലർച്ചെ 3:45 ന് ആണ് സംഭവം. കടയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയിരിക്കുന്നത്. സാധനങ്ങൾ മോഷ്ടിച്ചിട്ടില്ല. ഏകദേശം 5'9" അടി ഉയരമുള്ള വെളുത്ത നിറത്തിലുള്ള പുരുഷനാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർക്ക് 205-349-2121 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ ഞങ്ങളുടെ ആപ്പിൽ ഒരു അജ്ഞാതനായി നിന്നുതന്നെ സൂചന നൽകാം."
എന്നാൽ, പോസ്റ്റിനോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായി പ്രതികരിച്ചതോടെ കള്ളനെ കണ്ടെത്താൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് പൊലീസ്. സ്കൂബി ഡൂ കള്ളൻ നല്ല ക്യൂട്ട് ആയിട്ടുണ്ട്, കള്ളന്മാർക്ക് പറ്റിയ വേഷം എന്നിങ്ങനെയൊക്കെയുള്ള കമൻറുകൾ ആണ് പോസ്റ്റിനു താഴെ നിറയുന്നത്.


