ബെംഗളൂരു പോലുള്ള ചെലവേറിയ ഒരു നഗരത്തിൽ കുടുംബത്തിന്റെ പ്രതിമാസ വരുമാനം 30,000 രൂപയായി കുറഞ്ഞതോടെ, കോളേജിലേക്കുള്ള തയ്യാറെടുപ്പിനിടെ തന്നെ വീട്ടിലെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ കൂടി സിദ്ധാന്തിന് ഏറ്റെടുക്കേണ്ടി വന്നു.

വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്ന ഒരാൾ, അതിപ്പോൾ അമ്മയാവട്ടെ അച്ഛനാവട്ടെ ആരുമാവട്ടെ. അവരുടെ മരണത്തോടെ ജീവിതം വളരെ കഠിനമായി മാറും എന്ന കാര്യത്തിൽ സംശയമില്ല. അവിടെ നിന്നാവും നമ്മൾ ചിലപ്പോൾ കരുത്തോടെ മുന്നോട്ട് നടക്കാൻ ശീലിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന വേദനയോടൊപ്പം തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന ഉത്തരവാദിത്തവും വന്നുചേരും. അതുപോലെ ഒരു അനുഭവമാണ് ഐഐടി ബിഎച്ച്‌യു വിദ്യാർത്ഥിയായ യുവാവ് പങ്കുവയ്ക്കുന്നത്. 17 -ാം വയസ്സിലാണ് സിദ്ധാന്ത് സിം​ഗിന് തന്റെ പിതാവിനെ നഷ്ടപ്പെടുന്നത്.

അവിടെ നിന്നും, ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നിന് തയ്യാറെടുക്കുന്നതിനോടൊപ്പം എങ്ങനെയാണ് കുടുംബത്തിന്റെ സാമ്പത്തികമായിട്ടുള്ള കാര്യങ്ങൾ കൂടി താൻ കൈകാര്യം ചെയ്യുന്നത് എന്ന് വിവരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിലവിൽ ഐഐടി ബിഎച്ച്‌യുവിൽ പഠിക്കുകയാണ് 20 വയസ്സുള്ള സിദ്ധാന്ത്. പിതാവിന്റെ മരണശേഷം തന്റെ ജീവിതം എങ്ങനെ മാറിയെന്ന് സിദ്ധാന്ത് തന്റെ പോസ്റ്റിൽ പറയുന്നു.

ബെംഗളൂരു പോലുള്ള ചെലവേറിയ ഒരു നഗരത്തിൽ കുടുംബത്തിന്റെ പ്രതിമാസ വരുമാനം 30,000 രൂപയായി കുറഞ്ഞതോടെ, കോളേജിലേക്കുള്ള തയ്യാറെടുപ്പിനിടെ തന്നെ വീട്ടിലെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ കൂടി സിദ്ധാന്തിന് ഏറ്റെടുക്കേണ്ടി വന്നു. ആ പ്രയാസങ്ങൾക്കിടയിലും സിദ്ധാന്ത് ഐഐടിയിൽ പ്രവേശനം നേടി. കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ട്രേഡിംഗ് ആരംഭിച്ചു. 250 -ലധികം യൂസർമാരുള്ള ഒരു ഗെയിമിംഗ് സ്റ്റാർട്ടപ്പ് തുടങ്ങി. അത് വിജയിച്ചില്ലെങ്കിലും തന്റെ പരീക്ഷണം തുടർന്നു. പ്രൈവറ്റ് ഇക്വിറ്റിയിലും പിന്നീട് ഒരു കുടുംബത്തിന്റെ ഓഫീസിൽ അനലിസ്റ്റായും ജോലി ചെയ്തു.

അവിടെയും അവസാനിപ്പിക്കാതെ അവൻ പ്രതിമാസം ‍5 ലക്ഷം വരുമാനം ലഭിക്കുന്ന ഒരു മാർക്കറ്റിംഗ് ഏജൻസിയുടെ സഹസ്ഥാപകനായി. ഒരു വർഷത്തിനുള്ളിൽ നാല് രാജ്യങ്ങൾ സന്ദർശിച്ചു, ബിരുദം നേടുന്നതിന് മുമ്പ് തന്റെ ട്രേഡിംഗ് ലാഭത്തിൽ നിന്ന് കോളേജ് ഫീസ് പോലും അടച്ചു. സിദ്ധാന്തിന് ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ട്. അവൻ പറയുന്നത്, എല്ലാവർക്കും ഇത് സാധിക്കും എന്നാണ്. 'എല്ലാം നിങ്ങൾക്ക് എതിരാണെന്ന് തോന്നുമ്പോഴും ഓരോ ദിവസവും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ പുരോ​ഗതി വരുത്തുക' എന്നും സിദ്ധാന്ത് പറയുന്നു. നിരവധിപ്പേരാണ് സിദ്ധാന്തിനെ അഭിനന്ദിച്ചും ഈ പ്രചോദനാത്മകമായ പോസ്റ്റിന് നന്ദി പറഞ്ഞും കമന്റുകൾ നൽകിയത്.

Scroll to load tweet…