കുറച്ച് നേരങ്ങൾക്ക് ശേഷം ഇയാൾ വീണ്ടും വിളിച്ച് താൻ വെറുതെ പറഞ്ഞതാണ് എന്നും ബോംബ് ഇല്ല എന്നും സമ്മതിച്ചു. പക്ഷേ, അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു, ഓഫീസിലുള്ളവർ പൊലീസിനെ വിളിച്ചിരുന്നു.

ചില നേരങ്ങളിൽ ചിലർക്ക് തങ്ങളുടെ കമ്പനിയോട് വിരോധം തോന്നാറുണ്ട്. എന്നാലും ഓഫീസിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കുന്നവരൊന്നും കാണില്ല അല്ലേ? എന്നാൽ, ബം​ഗളൂരുവിൽ ഒരു യുവാവ് അത് ചെയ്തു. ബം​ഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 25 -കാരനായ യുവാവാണ് കമ്പനിക്ക് നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയത്. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഓഫീസിൽ നിന്ന് വിലക്കിയതിൽ മനംനൊന്താണാത്രെ പ്രസാദ് നവനീന്ത് എന്ന യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. 

പ്രസാദിന്റെ പ്രകടനം മോശമായതിനാൽ തന്നെ കമ്പനി ഇയാളെ ജോലിക്ക് വരുന്നതിൽ നിന്നും വിലക്കിയിരുന്നു. ഒപ്പം ഇയാളെ പിരിച്ചുവിടാനുള്ള നീക്കത്തിലായിരുന്നു കമ്പനി. പ്രസാദ് നിരന്തരം തന്റെ സഹപ്രവർത്തകരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഒപ്പം കമ്പനിയിലേക്ക് വിളിച്ച് പലതവണ തന്നെ തിരികെ വരാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ, അഭ്യർത്ഥന നിരസിക്കപ്പെടുകയാണ് ഉണ്ടായത്. പിന്നാലെ, ഇയാൾ വീണ്ടും ഓഫീസിലേക്ക് വിളിക്കുകയും താൻ ഓഫീസിനകത്ത് ബോംബ് വച്ചിട്ടുണ്ട് എന്ന് അറിയിക്കുകയും ആയിരുന്നു. അടുത്ത 30 മിനിറ്റിനുള്ളിൽ ബോംബ് പൊട്ടിത്തെറിക്കുമെന്നും ഇയാൾ സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തി. 

എന്നാൽ, കുറച്ച് നേരങ്ങൾക്ക് ശേഷം ഇയാൾ വീണ്ടും വിളിച്ച് താൻ വെറുതെ പറഞ്ഞതാണ് എന്നും ബോംബ് ഇല്ല എന്നും സമ്മതിച്ചു. പക്ഷേ, അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു, ഓഫീസിലുള്ളവർ പൊലീസിനെ വിളിച്ചിരുന്നു. ബോംബ് നിർവീര്യമാക്കാനുള്ള സംഘമടക്കം അറുപതോളം പേരാണ് ഓഫീസിലെത്തുകയും ബോംബിനായി അരിച്ചു പെറുക്കുകയും ചെയ്തത്. ഏതായാലും, പ്രസാദിനെതിരെ കേസെടുക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നാലെ അയാളെ പിടികൂടുകയും ചെയ്തു.