ലോകാരോഗ്യസംഘടനയിൽ ഡോക്ടറെന്നും പറഞ്ഞ് യുവാവ് ഏഴുപേരിൽ നിന്നായി തട്ടിയത് 15 ലക്ഷം രൂപ
ഇയാൾ പറഞ്ഞത് വിശ്വസിച്ച ഏഴുപേരും ചേർന്ന് യുപിഐ വഴിയും കാശായും ഒക്കെക്കൂടി 14.80 ലക്ഷം രൂപയും ഇയാൾക്ക് നൽകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർക്ക് ഓഫർ ലെറ്ററും കിട്ടി. എന്നാൽ, സ്ഥാപനത്തിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് ഏഴുപേർക്കും മനസിലായത്.

പലതരം തട്ടിപ്പുവീരന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ വിവിധ ആളുകളിൽ നിന്നായി ഏകദേശം 15 ലക്ഷത്തോളം രൂപ പറ്റിച്ച ഒരാളെ ദില്ലിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ ഹെഡ്ഡ് ഓഫീസിൽ ഡോക്ടറായി ജോലി ചെയ്യുന്നു എന്ന് പറഞ്ഞാണ് ഇയാൾ ഏഴുപേരെ പറ്റിച്ചത്. ലോകാരോഗ്യസംഘടനയുടെ റീജിയണൽ ഓഫീസിൽ ജോലി വാങ്ങിത്തരാം എന്നും പറഞ്ഞായിരുന്നു ഇയാൾ ഇവരിൽ നിന്നും പണം തട്ടിയത്.
ഗൗരവ് കുമാർ എന്ന 33 -കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 14.80 ലക്ഷം രൂപയാണ് ഇയാൾ ഏഴുപേരിൽ നിന്നായി പറ്റിച്ചെടുത്തത് എന്ന് പൊലീസ് പറയുന്നു. ഇയാൾ ഇവരെ പറ്റിച്ച് കൈക്കലാക്കിയ തുക തന്റെ വീട് നവീകരിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തി എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) ജോയ് ടിർക്കി പറഞ്ഞു. ജ്യോതി നഗർ പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പറ്റിക്കപ്പെട്ടവർ പരാതി നൽകിയത്.
ഒരു പാർക്കിൽ വച്ചാണ് തങ്ങൾ ഗൗരവ് കുമാറിനെ കണ്ടുമുട്ടിയത് എന്നും ലോകാരോഗ്യസംഘടനയിൽ ഡോക്ടറാണ് എന്നും പറഞ്ഞാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത് എന്നും പരാതി നൽകിയവർ പറയുന്നു. നല്ല ശമ്പളത്തോടും ആനുകൂല്ല്യത്തോടുമുള്ള ജോലിയാണ് താൻ വാങ്ങിത്തരുന്നത് എന്നും ഗൗരവ് കുമാർ ഇവരോട് പറഞ്ഞിരുന്നു. ഒരു വ്യാജ തിരിച്ചറിയൽ കാർഡും ഇയാൾ പരാതിക്കാരെ കാണിച്ചു. ഒപ്പം അവർക്കുള്ള ഓഫർ ലെറ്റർ മെയിലിൽ ലഭിക്കും എന്നും അറിയിച്ചു.
ഇയാൾ പറഞ്ഞത് വിശ്വസിച്ച ഏഴുപേരും ചേർന്ന് യുപിഐ വഴിയും കാശായും ഒക്കെക്കൂടി 14.80 ലക്ഷം രൂപയും ഇയാൾക്ക് നൽകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർക്ക് ഓഫർ ലെറ്ററും കിട്ടി. എന്നാൽ, സ്ഥാപനത്തിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് ഏഴുപേർക്കും മനസിലായത്. അവർ ഗൗരവിനെ വിളിച്ച് പരാതി നൽകും എന്ന് അറിയിച്ചെങ്കിലും അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും എന്നായിരുന്നു ഗൗരവിന്റെ ഭീഷണി. എന്നാൽ, ഏഴ് പേരും പരാതിയുമായി മുന്നോട്ട് പോയി. പിന്നാലെ, ഇയാളെ മീറ്റ് നഗർ ഏരിയയിൽ നിന്നും അറസ്റ്റ് ചെയ്തു.
വായിക്കാം: പുലര്‍ച്ചെ റെയിൽവേ സ്റ്റേഷനിൽ ഒരു കാട്ടാന, പരിഭ്രമിച്ച് യാത്രക്കാര്‍, വൈറലായി രംഗങ്ങൾ!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: