ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ ആമസോണും അതിന് മറുപടിയുമായി എത്തിയിട്ടുണ്ട്. ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് ആമസോൺ പ്രതികരിച്ചത്.
ഓൺലൈൻ ഓർഡറുകൾ ദിവസേനയെന്നോണം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. വേഗതയുടെ കാര്യത്തിലാണെങ്കിൽ എത്രയും പെട്ടെന്ന് എത്തിക്കാൻ പറ്റുന്നോ അത്രയും പെട്ടെന്ന് എത്തിക്കാനാണ് ശ്രമം. എന്തിനേറെ പറയുന്നു, 10 മിനിറ്റിനകം ഓർഡർ കയ്യിലെത്തുന്ന സാഹചര്യം വരേയും ഉണ്ടിന്ന്. എന്നാൽ, അതിൽ നിന്നും തികച്ചും വിഭിന്നവും കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്നതുമായ ഒരനുഭവമാണ് ഒരാൾ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്.
ജയ് എന്ന യുവാവിന്റേതാണ് അനുഭവം. ജയ് രണ്ട് വർഷം മുമ്പ് ആമസോണിൽ ഓർഡർ ചെയ്ത പ്രഷർ കുക്കർ ഇപ്പോഴാണത്രെ വന്നത്. 2022 ഒക്ടോബർ ഒന്നിനാണ് ജയ് ആമസോണിൽ പ്രഷർ കുക്കർ ഓർഡർ ചെയ്തത്. എന്നാൽ, പിന്നീട് അത് കാൻസൽ ചെയ്യുകയും ചെയ്തു. അതിന്റെ പൈസയും ജയ്ക്ക് തിരികെ കിട്ടിയിരുന്നു. എന്നാൽ, അതിശയമെന്നല്ലാതെ എന്ത് പറയും രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ ആ പ്രഷർ കുക്കർ ജയ്‍യുടെ വീട്ടിലെത്തിയത്രെ.
എന്തായാലും, ഈ സംഭവം ജയ് എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നന്ദി ആമസോൺ എന്നും പറഞ്ഞാണ് ജയ് ഇത് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഇതൊരു സ്പെഷ്യൽ പ്രഷർ കുക്കർ ആയിരിക്കണം എന്നും അദ്ദേഹം കുറിക്കുന്നു.
ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ ആമസോണും അതിന് മറുപടിയുമായി എത്തിയിട്ടുണ്ട്. ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് ആമസോൺ പ്രതികരിച്ചത്. ഒപ്പം തങ്ങളുടെ സപ്പോർട്ട് ടീമുമായി ബന്ധപ്പെട്ട് ഈ പ്രശ്നം അറിയിക്കാനും പറഞ്ഞിട്ടുണ്ട്.
എന്നാൽ, എന്ത് പ്രശ്നമാണ് താൻ പറയേണ്ടത്. താൻ ഓർഡർ കാൻസൽ ചെയ്ത് തനിക്ക് റീഫണ്ടും കിട്ടിയിരുന്നു എന്നാണോ എന്നായിരുന്നു ജയ് കുറിച്ചത്. എന്തായാലും, പോസ്റ്റ് അധികം വൈകാതെ വൈറലായി മാറി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇതെന്താ ഈ പ്രഷർ കുക്കർ വല്ല ചൊവ്വയിൽ നിന്നുമാണോ എത്തിച്ചത് ഇത്ര താമസിക്കാൻ എന്ന് തമാശയായി ചോദിച്ചവരുണ്ട്.
(ചിത്രം പ്രതീകാത്മകം)
