ഇത്ര ആത്മവിശ്വാസത്തോടെ പാമ്പുമായി സഞ്ചരിക്കണമെങ്കിൽ ഇയാൾ ഒരു പാമ്പുപിടുത്തക്കാരനോ പാമ്പുകളുമായി അടുത്തിടപഴകുന്ന വ്യക്തിയോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചിലർ കുറിച്ചത്.
പലതരത്തിലുള്ള സാഹസിക പ്രവൃത്തികൾ ചെയ്യുന്നവരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഒരു കൈയിൽ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്ക് ഓടിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇത്. മധ്യപ്രദേശിൽ നിന്നുള്ള വീഡിയോ ആണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, കൃത്യമായ സ്ഥലമോ ഈ വ്യക്തിയെ കുറിച്ചുള്ള മറ്റു വിവരങ്ങളോ ലഭ്യമല്ല.
ഒരു കൈകൊണ്ട് ബൈക്കിനെ നിയന്ത്രിച്ച് മറുകൈയിലാണ് ഇയാൾ പാമ്പിനെ പിടിച്ചിരിക്കുന്നത്. പാമ്പിനെ കൈത്തണ്ടയിൽ ചുറ്റി അതിന്റെ തല കൈപ്പത്തിക്കുള്ളിൽ മുറുക്കി പിടിച്ച് തെല്ലും ഭയം ഇല്ലാതെയാണ് അയാൾ സഞ്ചരിക്കുന്നത്. 'ഡെവിൾസ് കോൾ മീ ഡാഡ് ' എന്നൊരു വാചകവും ഇയാളുടെ ബൈക്കിനു പുറകിൽ എഴുതിയിട്ടുണ്ട്.
വളരെ വേഗത്തിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ നിരവധി ഉപയോക്താക്കൾക്കിടയിൽ ഞെട്ടലും അത്ഭുതവും ഉളവാക്കി. ഇത്ര ആത്മവിശ്വാസത്തോടെ പാമ്പുമായി സഞ്ചരിക്കണമെങ്കിൽ ഇയാൾ ഒരു പാമ്പുപിടുത്തക്കാരനോ പാമ്പുകളുമായി അടുത്തിടപഴകുന്ന വ്യക്തിയോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചിലർ കുറിച്ചത്. ചിലർ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പാമ്പിന് ജീവൻ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചു. അതോടൊപ്പം തന്നെ ഇത് യഥാർത്ഥ പാമ്പ് ആകാൻ സാധ്യതയില്ല പ്ലാസ്റ്റിക് പാമ്പ് ആയിരിക്കാനാണ് സാധ്യത എന്നും ചിലർ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അസാധാരണമായ ഒരു കാഴ്ച നൽകിയ ഈ വീഡിയോ ‘just.see0810’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ ആണ് പങ്കുവെച്ചിരിക്കുന്നത്. പത്തുലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. എന്നാൽ, പിന്നീട് ഈ വീഡിയോ നീക്കം ചെയ്യുകയായിരുന്നു.


