ഇന്ത്യൻ ആർമിയിൽ ചേരാൻ വലിയ മോഹമാണ് സുരേഷിന്. മാർച്ച് 29 -ന് സിക്കാറിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 2 -ന് ഡൽഹിയിലെത്തിയ അദ്ദേഹം 50 മണിക്കൂർ കൊണ്ടാണ് 350 കിലോമീറ്റർ ദൂരം പിന്നിട്ടത്. 

സുരേഷ് ഭിചാർ(Suresh Bhichar) രാജസ്ഥാനിലെ സിക്കാറിൽ നിന്ന് ന്യൂഡൽഹി(Sikar to Delhi) വരെയുള്ള 350 കിലോമീറ്റർ ദൂരം 50 മണിക്കൂർ കൊണ്ട് ഓടി പൂർത്തിയാക്കി. എന്നാൽ, രാജസ്ഥാനിലെ നാഗൗർ ജില്ല(Rajasthan Nagaur district)ക്കാരനായ സുരേഷ് ഒരു ഓട്ടക്കാരനല്ല. പിന്നെ എന്തിനാണ് ഇത്ര പ്രയാസമേറിയ മാരത്തോൺ അദ്ദേഹം നടത്തിയതെന്ന് ചിന്തിക്കുന്നുണ്ടാവും. ഇന്ത്യൻ ആർമിയിൽ റിക്രൂട്ട് ചെയ്യപ്പെടാനാണ് സുരേഷ് ഈ ഓട്ടം നടത്തിയത്. എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, കൊറോണ പകർച്ചവ്യാധി കാരണം, കഴിഞ്ഞ രണ്ട് വർഷമായി സൈന്യത്തിൽ റിക്രൂട്ട്‌മെന്റ് ഒന്നും നടത്തിയിട്ടില്ല. ഇത് യുവാക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. ഈ രോഷം പ്രകടിപ്പിക്കാനും സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കാനുമാണ് സുരേഷ് ബിച്ചാർ ഈ മാരത്തോൺ നടത്തിയത്.

റിക്രൂട്ട്‌മെന്റ് വൈകുന്നതിനെതിരെ ചൊവ്വാഴ്ച ജന്തർ മന്തറിൽ സൈനിക ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പങ്കുചേരാനാണ് യുവാവ് ന്യൂഡൽഹിയിൽ ഓടി എത്തിയത്. "എനിക്ക് 24 വയസ്സായി. ഞാൻ നാഗൗർ ജില്ലയിൽ (രാജസ്ഥാൻ) നിന്നാണ് വരുന്നത്. എനിക്ക് ഇന്ത്യൻ ആർമിയിൽ ചേരാൻ ആഗ്രഹമുണ്ട്. 2 വർഷമായി റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല. നാഗൗർ, സിക്കാർ, ജുൻ‌ജുനു എന്നിവിടങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും പ്രായം ഏറി വരികയാണ്. മനസ്സ് തളർന്ന യുവാക്കളിൽ ആവേശം ജനിപ്പിക്കാനാണ് ഞാൻ ഡൽഹിയിലേയ്ക്ക് ഓടി എത്തിയത്" ഭിചാർ പറഞ്ഞു. 

ഇന്ത്യൻ ആർമിയിൽ ചേരാൻ വലിയ മോഹമാണ് സുരേഷിന്. മാർച്ച് 29 -ന് സിക്കാറിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 2 -ന് ഡൽഹിയിലെത്തിയ അദ്ദേഹം 50 മണിക്കൂർ കൊണ്ടാണ് 350 കിലോമീറ്റർ ദൂരം പിന്നിട്ടത്. മണിക്കൂറിൽ ആറ് കിലോമിറ്റർ എന്ന നിലയിലാണ് അദ്ദേഹം ഈ ദൂരം ഇത്ര ചെറിയ സമയം കൊണ്ട് മറികടന്നത്. സുരേഷ് ത്രിവർണ പതാക കയ്യിലേന്തിയാണ് ഓട്ടം നടത്തിയത്. അദ്ദേഹത്തിന്റെ ഈ ആത്മാർത്ഥത കണ്ട് ആളുകൾ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു.

Scroll to load tweet…

റിക്രൂട്ട്‌മെന്റ് നടപടികൾ വൈകുന്നതിനെതിരെ ഏപ്രിൽ 5 -ന് നിരവധി യുവാക്കൾ ജന്തർ മന്ദറിൽ കുത്തിയിരിപ്പ് സമരം നടത്തിയത് ശ്രദ്ധേയമാണ്. വ്യോമസേനയിൽ ഓഫീസർ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കിലും മറ്റ് തസ്തികളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് മാത്രമാണ് കാലതാമസം സംഭവിക്കുന്നതെന്ന് യുവാക്കൾ അവകാശപ്പെടുന്നു. ഈ ധർണയിൽ ചേരാൻ, യുവാക്കൾക്കിടയിൽ ആവേശം പകർന്നുനൽകാൻ സുരേഷ് ഭിച്ചാർ ഓടാൻ തീരുമാനിച്ചു. ഇന്ത്യൻ സൈന്യം അദ്ദേഹത്തിന്റെ അഭിനിവേശമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് അതിൽ ചേരാൻ കഴിഞ്ഞില്ല. 

ഇപ്പോൾ അദ്ദേഹം ടെറിട്ടോറിയൽ ആർമിയിൽ ചേരാൻ തയ്യാറെടുക്കുകയാണ്. “പരിശീലനത്തിനായി ഇപ്പോൾ ഒരു വർഷത്തിലേറെയായി ഞാൻ എന്റെ വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. പശുവിനെയും എരുമയെയും വിറ്റാണ് ഇതിനുള്ള പണം എന്റെ മാതാപിതാക്കൾ കണ്ടെത്തിയത്" അദ്ദേഹം പറഞ്ഞു. ഇപ്പോൾ സുരേഷ് ഹൈവേയിൽ ഓടുന്നതിന്റെ വീഡിയോ വൈറലാവുകയാണ്. എല്ലാവരും സുരേഷിന്റെ ധൈര്യത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ സ്വപ്നം ഉടൻ സാക്ഷാത്കരിക്കപ്പെടട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.