വീട്ടുകാർക്ക് ഒരു അത്യാവശ്യം വന്നാൽ താൻ ഉറപ്പായും സഹായിക്കും എന്നും അവർ അത്യാഗ്രഹികളായതു കൊണ്ട് മാത്രമാണ് താൻ കോടീശ്വരനാണ് എന്ന വിവരം മറച്ചു വച്ചത് എന്നും ഇയാൾ പറയുന്നു.
ആളുകൾ പലപ്പോഴും വളരെ വ്യത്യസ്തമായതും കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്നതുമായ പല കാര്യങ്ങളും റെഡ്ഡിറ്റെന്ന ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ പങ്ക് വയ്‍ക്കാറുണ്ട്. അതുപോലെ ഒരാൾ പങ്കു വച്ച കാര്യമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലാവുന്നത്. അയാൾ പറയുന്നത് താനൊരു കോടീശ്വരനാണ്, എന്നാൽ അത്യാഗ്രഹികളായ തന്റെ വീട്ടുകാരിൽ നിന്നും ആ വിവരം താൻ മറച്ചു വച്ചിരിക്കുകയാണ് എന്നാണ്.
അതിനാൽ, ഓരോ തവണ കുടുംബാംഗങ്ങൾ ഇയാളെ കാണാൻ വരുമ്പോഴും താമസിക്കാൻ ഇയാൾ ഒരു ഫ്ലാറ്റ് വാടകയ്‍ക്ക് എടുത്തിരിക്കുകയാണത്രെ. ആ വീട്ടിലാണ് താൻ താമസിക്കുന്നത് എന്നാണ് ഇയാൾ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത്. പുറത്ത് ബിരുദം പൂർത്തിയാക്കിയ ഉടനെ തന്നെ അയാൾക്ക് ജോലി കിട്ടി. അപ്പോൾ തന്നെ വീട്ടുകാരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായി. താൻ നിൽക്കുന്ന രാജ്യത്ത് ചെറിയ തുകയാണ് തനിക്ക് കിട്ടുന്നുണ്ടായിരുന്നത്. അതിനാൽ താൻ ഓരോ പെന്നിയും സൂക്ഷിച്ച് വച്ചു. അത് സ്വന്തം രാജ്യത്തേക്ക് അയക്കുമ്പോൾ വലിയ തുക ആവുമായിരുന്നു.
അയാളുടെ കുടുംബം എല്ലായ്‍പ്പോഴും അയാളെ എടിഎമ്മും ടൂർ ഗൈഡും ഒക്കെ പോലെയാണ് കണക്കാക്കുന്നത് എന്നാണ് ഈ മനുഷ്യൻ പറയുന്നത്. അങ്ങനെ നിരന്തരം അവർ ഇയാളെ കാണാൻ വരും. മറ്റ് കുടുംബാംഗങ്ങളോടും തന്നെ സന്ദർശിക്കണം, പണമൊന്നും ചെലവാകില്ല, എല്ലാ കാര്യങ്ങളും താൻ നോക്കി കൊള്ളും എന്ന് പറയാനും കുടുംബാംഗങ്ങൾ തുടങ്ങി എന്നും കുറിപ്പിൽ പറയുന്നു. അങ്ങനെ നിരന്തരം വീട്ടുകാർ ഇയാളെ സന്ദർശിക്കാനും അയാളുടെ ചെലവിൽ ചുറ്റിയടിക്കാനും ഒക്കെ തുടങ്ങി.
മഹാമാരി തുടങ്ങിയ സമയത്ത് താൻ ചെറിയ ഒരു ബിസിനസ് തുടങ്ങി. പയ്യെപ്പയ്യെ അത് വിജയിച്ച് വന്നു. അയാൾ തന്റെ ജോലി രാജി വച്ചു. സമ്പാദ്യം വർധിച്ച് വന്നു തുടങ്ങി. എന്നാൽ, തന്റെ വീട്ടുകാരോട് താൻ പറഞ്ഞത് താനിപ്പോൾ ചെയ്യുന്നത് ചെറിയ ജോലിയാണ് എന്നാണ്. സാമ്പത്തികമായി കഷ്ടപ്പാടിലാണ് എന്നും പറഞ്ഞുവത്രെ. അതോടെ അവർ അയാളെ സന്ദർശിക്കാനെത്തുന്നത് കുറഞ്ഞു. വരുമ്പോൾ സ്വന്തം ചെലവും നോക്കാൻ തുടങ്ങി. അവർ വരുമ്പോൾ ജോലിക്കാരനെ വച്ച് അപാർട്‍മെന്റ് വാടകയ്ക്ക് എടുപ്പിക്കും. വീട്ടുകാർ കരുതുന്നത് അയാൾ അത്ര നല്ല അവസ്ഥയിൽ അല്ല എന്നാണ്.
എന്നാൽ, വീട്ടുകാർക്ക് ഒരു അത്യാവശ്യം വന്നാൽ താൻ ഉറപ്പായും സഹായിക്കും എന്നും അവർ അത്യാഗ്രഹികളായതു കൊണ്ട് മാത്രമാണ് താൻ കോടീശ്വരനാണ് എന്ന വിവരം മറച്ചു വച്ചത് എന്നും ഇയാൾ പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
