ഹോട്ടലുകളിൽ മുറിയെടുക്കും, കോണ്ടവും മുടിയിഴകളും ചത്ത പാറ്റയേയും കൊണ്ടിടും, പണം തട്ടിയ യുവാവ് അറസ്റ്റിൽ

കൂടുതൽ അന്വേഷണത്തിൽ കഴിഞ്ഞ വർഷം മുതൽ 300 -ലധികം ഹോട്ടലുകളിൽ താമസിച്ച് 63 ഇടങ്ങളിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

Man scams hotels for free stays and compensation using dirty condoms and dead cockroaches

ഉപയോഗിച്ച കോണ്ടവും ചത്ത പാറ്റകളും ഉപയോഗിച്ച് ഹോട്ടലുകളെ കബളിപ്പിച്ച് സൗജന്യ താമസവും നഷ്ടപരിഹാരവും നേടിയെടുക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. ഹോട്ടൽ അധികൃതരെ കബളിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നത് ആയിരുന്നു ഇയാളുടെ പതിവ്. കോളേജിൽ ചേരാൻ ഉപയോഗിക്കേണ്ടിയിരുന്ന പണം തീർന്നതിനെ തുടർന്ന് പണം കണ്ടെത്തുന്നതിനായാണ് ഇത്തരത്തിൽ ഒരു പദ്ധതി ഇയാൾ തയ്യാറാക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജിയാങ് എന്ന  21 -കാരൻ ആണ് പോലീസിന്റെ പിടിയിലായത്. ഹോട്ടലുകളിൽ സാധാരണ രീതിയിൽ ചെക്ക് ഇൻ ചെയ്യുന്ന ഇയാൾ തൻറെ കൈവശം സൂക്ഷിച്ചിട്ടുള്ള ഉപയോഗിച്ച കോണ്ടം, ചത്ത പാറ്റകൾ, മുടിയിഴകൾ എന്നിവ മുറിയിൽ വിതറുകയും ഹോട്ടലിന്റെ വൃത്തിഹീനമായ അവസ്ഥയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യും. 

മുറിയിൽ നിറയെ വൃത്തിഹീനമായ വസ്തുക്കൾ കണ്ടെത്തുന്ന ഹോട്ടൽ അധികൃതർക്ക് ഇയാളുടെ പരാതി അംഗീകരിക്കാതിരിക്കാനാവില്ലല്ലോ? ഈ അവസരം മുതലാക്കി ജിയാങ് ഹോട്ടൽ അധികൃതരിൽ നിന്ന് സൗജന്യ താമസവും ഒപ്പം നഷ്ടപരിഹാരവും നേടിയെടുക്കും.

കഴിഞ്ഞ പത്തുമാസക്കാലമായി ഇയാൾ ഈ തട്ടിപ്പ് നടത്തിവരുന്നതായാണ് സെജിയാംഗിലെ ലിൻഹായിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ദിവസം തന്നെ നാലോളം ഹോട്ടലുകളിൽ ഇയാൾ തട്ടിപ്പ് നടത്താറുണ്ട്. ഇതുവരെ 63 ഹോട്ടലുകളെ ജിയാങ് ഇത്തരത്തിൽ വിജയകരമായി കബളിപ്പിച്ചു എന്നാണ് പോലീസ് റിപ്പോർട്ട്.

ശുചിത്വ പ്രശ്നങ്ങൾ ആരോപിച്ച് പണം തട്ടിയെടുക്കുന്നതിനുള്ള ശ്രമം ഹോട്ടലുകളിൽ പതിവായതോടെ സംശയം തോന്നിയ ഹോട്ടൽ അധികൃതർ നടത്തിയ പരസ്പര ആശയവിനിമയത്തിലൂടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതോടെ ഒരു ഹോട്ടൽ ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നു. തുടർന്ന് പോലീസു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

ഒരു പ്രാദേശിക ഹോട്ടലിൽ നിന്ന് ജിയാങ്ങിനെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ തട്ടിപ്പ് നടത്താൻ ഉപയോഗിച്ച വസ്തുക്കൾ അടങ്ങിയ 23 പാക്കറ്റുകൾ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ കഴിഞ്ഞ വർഷം മുതൽ 300 -ലധികം ഹോട്ടലുകളിൽ താമസിച്ച് 63 ഇടങ്ങളിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതുവരെ, ഇയാൾ മൊത്തം 5,200 ഡോളർ (4.32 ലക്ഷം ഇന്ത്യൻ രൂപ)  ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്.

തനി തോന്ന്യവാസം; മുകളിൽ നിറയെ മണ്ണ്, താറിൽ പാഞ്ഞ് യുവാവ്, ​ഗുണ്ടായിസമെന്ന് കമന്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios