ജോഗേശ്വരി ഭാഗത്ത് നിന്നുമുള്ള യുവാവ് ഒരു പ്രൈവറ്റ് കമ്പനിയിൽ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി അനേകം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇയാൾ ലോൺ എടുത്തിട്ടുണ്ട്.
ഇന്ന് എന്ത് വിവരം വേണമെങ്കിലും ഇന്റർനെറ്റിൽ കിട്ടും. മിക്കവാറും ആളുകൾ എല്ലാ കാര്യങ്ങളും ആദ്യം തിരയുന്നതും ഇന്റർനെറ്റിൽ തന്നെയാണ്. അതുപോലെ എങ്ങനെ വേദനയില്ലാതെ ആത്മഹത്യ ചെയ്യാം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞ ഒരു യുവാവിനെ മുംബൈ പൊലീസ് പിന്തുടർന്ന് സ്വന്തം ജീവനൊടുക്കുന്നതിൽ നിന്നും മോചിപ്പിച്ചു. യുഎസ് എൻഫോഴ്സ്മെന്റ് ഏജൻസി വിവരം നൽകിയതിനെ തുടർന്നാണ് മുംബൈയിലെ പൊലീസ് യുവാവിനെ കണ്ടെത്തിയത്.
യുഎസ് നാഷണൽ സെൻട്രൽ ബ്യൂറോ-ഇന്റർപോൾ ഐപി വിലാസം, ലൊക്കേഷൻ തുടങ്ങിയ സുപ്രധാന വിവരങ്ങൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, ചൊവ്വാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ കുർള ഏരിയയിലെ ഒരു ഐടി കമ്പനിയിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തുന്നത്. ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തുകയും യുവാവിന് കൗൺസിലിംഗ് നൽകുകയും ചെയ്തു.
ജോഗേശ്വരി ഭാഗത്ത് നിന്നുമുള്ള യുവാവ് ഒരു പ്രൈവറ്റ് കമ്പനിയിൽ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി അനേകം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇയാൾ ലോൺ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ ഹൗസിംഗ് ലോണിന്റെ അടവും മുടങ്ങിക്കിടക്കുകയായിരുന്നു. ഇതോടെ ഇയാൾ ആകെ വിഷാദത്തിലാവുകയും വേദന ഇല്ലാതെ എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് ഇന്റർനെറ്റിൽ തിരയുകയും ചെയ്തു. അതോടെ യുഎസ് കേന്ദ്രീകരിച്ചുള്ള ഏജൻസി ന്യൂഡെൽഹിയിലെ ഇന്റർപോൾ ഓഫീസിൽ വിവരം അറിയിച്ചു. അവിടെ നിന്നുമാണ് മുംബൈ പൊലീസിൽ വിവരം കൈമാറുന്നത്.
മുംബൈ ക്രൈംബ്രാഞ്ചാണ് യുവാവിനെ അന്വേഷിച്ച് കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോയി കൗൺസലിംഗ് നൽകി. മൂന്നോ നാലോ തവണ നേരത്തെ ഇയാൾ തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംസാരിച്ച ശേഷം ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടു. ഒപ്പം സൈക്കോതെറാപ്പി നൽകണം എന്ന് വീട്ടുകാരോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
(ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
