ദോശ-ഇഡലി മാവ് വിറ്റും മറ്റൊരു മുഴുവൻ സമയ ജോലി ചെയ്തും മകളെ പഠിപ്പിച്ച ബെംഗളൂരുവിൽ നിന്നുള്ള രാജു എന്നയാളുടെ കഥയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സന്ദീപ് രവില്ലു എന്ന ഇന്‍വെസ്റ്ററാണ് രാജുവിന്റെ പ്രചോദനാത്മകമായ ഈ കഥ പങ്കുവെച്ചത്.
ബെംഗളൂരുവിലെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് പുറത്ത് ദോശ- ഇഡലി മാവ് വിൽക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കഠിനാധ്വാനത്തിന്റേയും സമർപ്പണബോധത്തിന്റെയും ഉദാഹരണമായിട്ടാണ് പലരും ഈ മനുഷ്യനെ ചൂണ്ടിക്കാണിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള ഇൻവെസ്റ്റർ സന്ദീപ് രവില്ലുവാണ് 15 വർഷമായി ഇവിടെ ദോശ- ഇഡലി മാവ് വിൽക്കുന്ന രാജുവിന്റെ കഥ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. X -ൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിനോടൊപ്പം രാജുവിന്റെ ചിത്രവും കാണാം.
കഴിഞ്ഞ 15 വർഷമായി രവില്ലു സ്ഥിരമായി രാജുവിന്റെ കടയിൽ നിന്നും ദോശ - ഇഡലി മാവ് വാങ്ങുന്ന ഒരാളാണ്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, 'രാജുവിന്റെ ഒരു ദിവസം അതിരാവിലെ തന്നെ ആരംഭിക്കും. രാവിലെ 6 മുതൽ 10 വരെ അദ്ദേഹം ഗാർഡന്റെ അടുത്ത് ദോശ-ഇഡലി മാവ് വിൽക്കും. അതിനുശേഷം, അദ്ദേഹം തന്റെ രണ്ടാമത്തെ ജോലിക്ക് പോകുന്നു, അവിടെ അദ്ദേഹം ദിവസം മുഴുവനും ജോലി ചെയ്യുന്നു. അവിടെ മുഴുവൻ സമയ ജീവനക്കാരനാണ് രാജു. രാജു രാവിലെ 6 മുതൽ 10 വരെ മാവ് വിൽക്കുന്നു, തുടർന്ന് ബാക്കി സമയം ജോലിക്ക് പോകുന്നു. രണ്ട് ജോലികൾ. പരാതികളൊന്നുമില്ല' എന്നാണ് ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
ഇങ്ങനെ കഠിനാധ്വാനം ചെയ്താണ് രാജു തന്റെ മകളെ പഠിപ്പിച്ചത് എന്നും രവില്ലു പറയുന്നു. ബിരുദാനന്തരബിരുദം കഴിഞ്ഞ അവൾ ഇപ്പോൾ ഒരു മൾട്ടി നാഷണൽ ബയോടെക് കമ്പനിയിൽ ജോലി ചെയ്യുകയാണ് എന്നും പോസ്റ്റിൽ കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. രാജു ശരിക്കും മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ് എന്ന് അനേകങ്ങളാണ് കുറിച്ചിരിക്കുന്നത്.


