രാജ്യസേവനത്തിനിടയിൽ സ്വന്തം ജന്മദിനം മറന്നുപോയ ഒരു ഇന്ത്യൻ സൈനികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ കോളിലൂടെ മകൾ പിറന്നാൾ ആശംസിക്കുമ്പോൾ 'ഇന്നാണോ എന്റെ ജന്മദിനം' എന്ന് സൈനികൻ ആശ്ചര്യത്തോടെ ചോദിക്കുന്ന വൈകാരിക നിമിഷമാണ് ദൃശ്യങ്ങളിലുള്ളത്
അതിർത്തിയിലെ കാവൽ എപ്പോഴും ജാഗ്രത വേണ്ട ഒന്നാണ്. രാജ്യത്തിന്‍റെ അതിർത്തികൾ കാക്കുന്ന സൈനികർക്ക് ജന്മദിനങ്ങൾ, ഉത്സവങ്ങൾ, വ്യക്തിപരമായ സന്തോഷങ്ങൾ എന്നിവ അവർ പോലും അറിയാതെ നിശബ്ദമായി കടന്നു പോകുന്നു. സൈനികരെ സംബന്ധിച്ച് ഡ്യൂട്ടിയാണ് പ്രധാനം. അതിലൊരു പിഴവ് വന്നാൽ അത് രാജ്യത്തിന്‍റെ സുരക്ഷയെ തന്നെ ബാധിക്കുന്നു. ആ ജാഗ്രതയിൽ സ്വന്തം ജന്മദിനം പോലും മറന്ന് പോയ ഒരു ഇന്ത്യൻ സൈനികനെ മകൾ വിളിച്ച് ജന്മദിനം ഓർമ്മപ്പെട്ടുത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 17 സെക്കൻഡ് മാത്രമുള്ള വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിന് മേലെ ആളുകൾ കണ്ടു കഴിഞ്ഞു.
ഇന്നാണോ എന്റെ ജന്മദിനം?
ഒരു മൊബൈൽ വീഡിയോ കോളിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ മകളെയും കാണാം. 'ഹാപ്പി ബർത്ത്ഡേ, പപ്പാ' എന്ന് ഇളയ മകൾ അച്ഛനോട് പറയുമ്പോൾ അദ്ദേഹത്തിന്‍റെ മുഖഭാവം മാറുന്നു. വാക്കുകൾ ഇടറുന്നു. ആദ്യം നന്ദിയെന്ന് അദ്ദേഹം പറയുന്നെങ്കിലും തോട്ട് പിന്നാലെ എന്‍റെ ജന്മദിനം എന്നാണോയെന്ന് അദ്ദേഹം ആശ്ചര്യത്തോടെ ചോദിക്കുന്നു. അപ്പോൾ മകൾ അതെ ഇന്നാണെന്ന് പറഞ്ഞ് ചിരിക്കുന്നതും വീഡിയോയിൽ കാണാം. തന്‍റെ ഡ്യൂട്ടിക്കിടെ അദ്ദേഹം സ്വന്തം ജന്മദിനം പോലും മറന്ന് പോയിരുന്നു. തന്‍റെ വികാരം പുറത്ത് കാണിക്കാതിരിക്കാനായി അദ്ദേഹം പെട്ടെന്ന് ഒരു കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം.
യഥാർത്ഥ ദേശസ്നേഹം
നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനം ആശംസിക്കാനായി വീഡിയോയുടെ താഴെ കുറിപ്പെഴുതിയത്. നിരവധി പേർ ഇതാണ് യഥാർത്ഥ രാജ്യസ്നേഹമെന്ന് എഴുതി. അതിർത്തികളിൽ അദ്ദേഹത്തെ പോലുള്ളുവർ സ്വന്തം ജന്മദിനം പോലും മറന്ന് ജോലി ചെയ്യുന്നത് കൊണ്ട് നമ്മൾ സമാധാനമായി ഉറങ്ങുന്നെന്ന് ചിലരെഴുതി. മറ്റ് ചിലർ അച്ഛന്‍റെയും മകളുടെയും സ്നേഹത്തെ പ്രശംസിച്ചു. വീഡിയോ അതിർത്തി കാക്കുന്ന സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ആരും കാണാത്ത ത്യാഗത്തിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയായി.


