അമ്മയ്ക്ക് സ്വപ്നഭവനം സമ്മാനിച്ച് മകൾ. അപ്രതീക്ഷിതമായി മകളൊരുക്കിയ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഹൃദ്യമായ വീഡിയോ. ഭാഗ്യം വേണം ഇങ്ങനെ ഒരു മകളെ കിട്ടാനെന്ന് നെറ്റിസണ്‍സ്.
സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും വലിയ സ്വപ്നം തന്നെയാണ്. മുംബൈ സ്വദേശിയായ കൊറിയോഗ്രാഫറും കണ്ടന്റ് ക്രിയേറ്ററുമായ ഇഷിക സിംഗ് രാജ്പുത് തന്റെ അമ്മയ്ക്കായി അങ്ങനെ ഒരു സ്വപ്നവീട് യാഥാർത്ഥ്യമാക്കി നൽകിയതിന്റെ വീഡിയോയാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വാടകയ്ക്ക് ഒരു വീട് നോക്കാൻ പോകാം എന്ന് പറഞ്ഞാണ് ഇഷിക അമ്മയെ പുതിയ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എന്നാൽ, അമ്മ ഒട്ടും പ്രതീക്ഷിക്കാതെ വീട് കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് ഇഷിക താക്കോൽ അമ്മയുടെ കയ്യിൽ വെച്ചു കൊടുക്കുകയായിരുന്നു. "ഇനി നമ്മൾ വാടകവീട്ടിലല്ല, നമ്മുടെ സ്വന്തം വീട്ടിലാണ് താമസിക്കാൻ പോകുന്നത്" എന്ന് മകൾ പറഞ്ഞതോടെ അമ്മ വികാരാധീനയായി കരയുന്നതും വീഡിയോയിൽ കാണാം. തന്റെ ജന്മദിനത്തിലാണ് ഇഷിക അമ്മയ്ക്ക് ഈ സർപ്രൈസ് സമ്മാനം നൽകിയത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് 1.2 കോടിയിലധികം കാഴ്ചക്കാരാണുള്ളത്. എന്നാൽ, ഇഷികയുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആ യാത്രയിലേക്കുള്ള കഠിനമായ വഴികളെക്കുറിച്ച് ഇഷിക കുറിച്ചിട്ടുണ്ട്. 'വളരെ പ്രയാസകരമായ ഒരു യാത്രയായിരുന്നു ഇത്. എത്ര കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നുവെന്ന് എനിക്കറിയില്ല. പല രാത്രികളിലും ഉറക്കമില്ലാതെ സ്വന്തമായൊരു വീട് എന്ന സ്വപ്നം മാത്രം കണ്ട് ഇരുന്നിട്ടുണ്ട്. ഇപ്പോൾ ഈ വീട് വാങ്ങിയപ്പോൾ എനിക്ക് എനിക്കുതന്നെ ഒരു ട്രോഫി നൽകാൻ തോന്നുന്നു ' എന്നാണ് ഇഷിക കുറിച്ചത്.
ഗായിക നേഹ കക്കർ, നടൻ അപർശക്തി ഖുറാന തുടങ്ങിയവരടക്കം നൂറുകണക്കിന് ആളുകളാണ് ഇഷികയെയും അമ്മയെയും അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.


