Asianet News MalayalamAsianet News Malayalam

ഇഷ്ടമാണ് എന്ന് സ്ത്രീക്ക് മെസേജയച്ചു, ഭർത്താവ് വന്ന് പൊതിരെ തല്ലി, പൊലീസിനെ ടാ​ഗ് ചെയ്ത് പോസ്റ്റും

സഹായാഭ്യർത്ഥന പഞ്ചാബ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടയുടൻ, അവർ അയാൾക്ക് മറുപടി നൽകി. അവരുടെ പ്രതികരണം ആളുകളുടെ മുഴുവൻ ശ്രദ്ധയും നേടി. അവരുടെ പ്രതികരണം ഇന്റർനെറ്റിൽ ഇപ്പോൾ വൈറലാണ്.

man sent i like you message to neighbor's wife gets beaten up
Author
Punjab, First Published Jul 21, 2022, 1:56 PM IST

പ്രണയം എത്ര ഒളിപ്പിച്ച് വയ്ക്കാൻ ശ്രമിച്ചാലും, ഒരു ദിവസം അത് പുറത്ത് ചാടുക തന്നെ ചെയ്യും. നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തിയോട് മനസിലുള്ളത് അറിയാതെ നമ്മൾ തുറന്ന് പറഞ്ഞെന്നുമിരിക്കും, പ്രത്യേകിച്ച് തന്റെ പ്രണയിനിയോട്. അത്തരം സന്ദർഭങ്ങളിൽ നമുക്ക് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല. പഞ്ചാബിൽ നിന്നുള്ള ഒരു പുരുഷനും ഇതുപോലെ ഒരു സ്ത്രീയെ ഭയങ്കര ഇഷ്ടമായി. സ്ത്രീയോട് തന്റെ ഇഷ്ടം തുറന്ന് പറയാതെ ഉറങ്ങാൻ കഴിയില്ലെന്ന അവസ്ഥയായി. ഒടുവിൽ അയാൾ തന്റെ ഇഷ്ടം അറിയിച്ച് കൊണ്ട് അവൾക്ക് ഒരു സന്ദേശം അയച്ചു. സുശാന്ത് ദത്ത് എന്നാണ് അയാളുടെ പേര്.

എന്നാൽ, തന്റെ പ്രണയം തുറന്ന് പറഞ്ഞ അയാൾക്ക് കിട്ടിയത് ഒന്നൊന്നര പണിയായിരുന്നു. അയാൾ ഇഷ്ടം അറിയിച്ച സ്ത്രീയ്ക്ക് ഒരു ഭർത്താവുണ്ടായിരുന്നു. ഈ സന്ദേശം നേരെ ചെന്നത് ഭർത്താവിന്റെ കൈകളിലേക്കാണ്. പിന്നെ എന്തായി എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? ഭർത്താവ് സുശാന്തിന് കണക്കിന് കൊടുത്തു. അവർ അയൽക്കാർ കൂടിയായിരുന്നു. സുശാന്തിനെ ഭർത്താവ് തല്ലി ഒരു പരുവമാക്കി. ഒടുവിൽ സുശാന്ത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ സംഭവത്തെ കുറിച്ച് വിശദീകരിച്ചു. തന്റെ ഇഷ്ടം കൈയോടെ പൊക്കിയ ഭർത്താവ് തന്റെ വീട്ടുപടിക്കൽ എത്തി തന്നെ മർദ്ദിച്ചു എന്ന് സുശാന്ത് ട്വീറ്റ് ചെയ്തു. താൻ നിരവധി തവണ മാപ്പപേക്ഷിച്ചിട്ടും അയാൾ തന്നെ വെറുതെ വിട്ടില്ലെന്നും സുശാന്ത് അതിൽ പറയുന്നു. തന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ഇയാൾ കൂട്ടിച്ചേർത്തു. "ദയവായി സഹായിക്കൂ. എനിക്ക് സുരക്ഷ തരൂ, ഇന്ന് ഞാൻ വീണ്ടും ആക്രമിക്കപ്പെട്ടേക്കാം". എന്നിട്ട് സുശാന്ത് പഞ്ചാബ് പൊലീസിനെ ടാഗ് ചെയ്‌തു.

സഹായാഭ്യർത്ഥന പഞ്ചാബ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടയുടൻ, അവർ അയാൾക്ക് മറുപടി നൽകി. അവരുടെ പ്രതികരണം ആളുകളുടെ മുഴുവൻ ശ്രദ്ധയും നേടി. അവരുടെ പ്രതികരണം ഇന്റർനെറ്റിൽ ഇപ്പോൾ വൈറലാണ്. പൊലീസ് സുശാന്തിനെ കണക്കിന് പരിഹസിച്ചെങ്കിലും, അയൽവാസിക്കെതിരെ പൊലീസ് സ്റ്റേഷനിൽ വന്ന് പരാതി നൽകിയാൽ, തീർച്ചയായും ശരിയായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

 

"ഒരു സ്ത്രീയ്ക്ക് അനാവശ്യ സന്ദേശം അയക്കുന്നതിലൂടെ, നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. എന്നാലും, നിങ്ങൾ അത് ചെയ്തതിന്റെ പേരിൽ അവളുടെ ഭർത്താവ് വന്ന് നിങ്ങളെ തല്ലാൻ പാടില്ലായിരുന്നു. പകരം അവർ പൊലീസിൽ പരാതി നൽകണമായിരുന്നു. അതിനുശേഷം, ഉചിതമായ വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്തുകൊണ്ട് ഞങ്ങൾ ആ പ്രശ്‌നം പരിഹരിച്ചേനെ. എന്നാൽ, ഈ രണ്ട് കുറ്റകൃത്യങ്ങളിലും, നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുന്നതായിരിക്കും" പൊലീസ് ട്വീറ്റ് ചെയ്തു. കത്തയച്ച കുറ്റത്തിന് സുശാന്തിനെതിരെയും, തല്ലിയ കുറ്റത്തിന് അയൽവാസിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സാരം. 

സുശാന്ത് പിന്നീട് സന്ദേശം എടുത്ത് മാറ്റിയെങ്കിലും, പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. പൊലീസിന്റെ കുറിക്ക് കൊള്ളുന്ന മറുപടിയെ പലരും പ്രശംസിച്ചപ്പോൾ, മറ്റുള്ളവർ സ്ത്രീയുടെ ഭർത്താവിൽ നിന്നുള്ള പ്രതികരണം ഉചിതമല്ലെന്ന് എഴുതി.

Follow Us:
Download App:
  • android
  • ios