ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഹൽദിറാംസ് ഭക്ഷണശാലയിലെ ഉയർന്ന വിലയെക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി. ഒരു ദോശയ്ക്ക് 274 രൂപയും ചായയ്ക്ക് 74 രൂപയും ഈടാക്കിയ ബില്ല് പങ്കുവെച്ചതോടെ, ആശുപത്രികളിലെ ഭക്ഷണശാലകളുടെ വിലനിർണ്ണയത്തെക്കുറിച്ച് വലിയ ചർച്ചകൾക്ക് ഇത് വഴിവെച്ചു.
ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിക്കുള്ളിൽ പ്രവർത്തിക്കുന്ന ഹൽദിറാംസ് ഭക്ഷണശാലയിലെ ഉയർന്ന ഭക്ഷ്യവിലയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് വൈറലായി. ഇന്ത്യയിലെ ആരോഗ്യ രംഗം ഏറെ മാറിയെന്നും പണം മാത്രമാണ് ഇപ്പോൾ ആശുപത്രികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഏക ലക്ഷ്യമെന്നും നിരവധി പേരാണ് എഴുതിയത്. ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടുകിടക്കാൻ പോയതായിരുന്നെന്നും ആ സമയം വാങ്ങിയ ഭക്ഷണത്തിന്‍റെ ബില്ല് പങ്കുവച്ച് കൊണ്ട് യുവാവ് എഴുതി. കുറിപ്പിൽ ഒരു ദോശയ്ക്ക് 274 രൂപയും ഒരു ചായയ്ക്ക് 74 രൂപയുമാണ് വില ഇച്ചിരിക്കുന്നത്. ഇതിനെ “പകൽക്കൊള്ള” എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് യുവാവ് കുറിപ്പ് പങ്കുവച്ചത്.
വിലയേറിയ മരുന്ന്, വിലയേറി ഭക്ഷണം
'രണ്ട് മസാല ദോശ, ഒരു കപ്പ് ചായ, ഒരു ബോട്ടിൽ ചാസ് (ബട്ടർ മിൽക്ക്) എന്നിവയാണ് വാങ്ങിയത്. ബില്ല് വന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. 708 രൂപ! ബില്ലിലേക്ക് വിശദമായി നോക്കിയപ്പോൾ ഒരു മസാല ദോശയ്ക്ക് 274 രൂപ, 200 മില്ലിയുടെ ഒരു ബോട്ടിൽ ചാസിന് 85 രൂപ, ഒരു കപ്പ് ചായയ്ക്ക് 74 രൂപയും! ആശുപത്രിയിൽ എത്തിക്കഴിഞ്ഞാൽ, രോഗിയുടെ മരുന്ന്, ഡോക്ടറുടെ ഫീസ്, ആശുപത്രി ചെലവുകൾ എന്നിവ കാരണം നിങ്ങളുടെ ബാങ്ക് ബാലൻസ് തകരും, അതിനുപുറമെ ഇപ്പോൾ ഇത്രയും വിലയേറിയ ഭക്ഷണവും വേണ്ടിവരും.' ഭക്ഷണത്തിന്‍റെ ബില്ല് പങ്കുവച്ച് കൊണ്ട് സന്തോഷ് ഭരതവംശി കുറിച്ചു.
ആശുപത്രികൾ പോലുള്ള സ്ഥലങ്ങളിൽ, സന്ദർശകർ രോഗികളോടൊപ്പം പോകുകയും അപ്രതീക്ഷിത ചികിത്സാ ചെലവുകൾ നേരിടുകയും ചെയ്യുന്ന സ്ഥലങ്ങളിൽ, ഹാൽദിറാമിന് കുറച്ച് കൂടി മാന്യത കാണിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം, നിങ്ങൾ എല്ലായിടത്തും ആളുകളെ കൊള്ളയടിക്കുകയാണ്, കുറഞ്ഞത് ആശുപത്രികൾ പോലുള്ള സ്ഥലങ്ങളിലെങ്കിലും അവരെ കൊള്ളയടിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഹാൽദിറാമിന്‍റെ ഔട്ട്‌ലെറ്റുകളും ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളും ആശുപത്രി സ്ഥലങ്ങൾക്ക് പുറത്തുള്ള പ്രഭാതഭക്ഷണ ഓർഡറുകൾക്ക് പലപ്പോഴും 30 - 40 ശതമാനം കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ആശുപത്രി ഔട്ട്‌ലെറ്റിൽ അത്തരമൊരു ഓഫർ ലഭ്യമല്ല. അവർ ഞങ്ങളെ പരസ്യമായി കൊള്ളയടിക്കുന്നുവെന്ന് കുറിച്ച് കൊണ്ടാണ് സന്തോഷ് തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്.
അനുകൂലിച്ചും പ്രതികൂലിച്ചും കുറിപ്പ്
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ആശുപത്രികളിലെ ഭക്ഷണശാലകളിൽ രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണത്തിന് മറ്റ് മാർഗങ്ങൾ കുറവായതിനാൽ കഴിക്കാനെത്തുമെന്ന ഉറപ്പിൽ മേൽ ഇത്രയും ഉയർന്ന വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടു. ഇത് രോഗിയുടെയും കുടുംബങ്ങളുടെയും നിസഹായാവസ്ഥയെ മുതലെടുക്കുകയാണെന്നും പലരും വിമർശിച്ചു.
അതേസമയം, മറ്റ് ചിലർ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചു. ആശുപത്രിക്കുള്ളിലെ വാടക, പ്രവർത്തനച്ചെലവ്, പരിപാലനച്ചെലവ് എന്നിവ സാധാരണ ഭക്ഷണശാലകളെ അപേക്ഷിച്ച് കൂടുതലായിരിക്കാമെന്നും അതിനാലാണ് വിലയിൽ വ്യത്യാസമുണ്ടാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, മെനുവിൽ വില വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ ഉപഭോക്താവിന് വാങ്ങണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
സംഭവം സമൂഹ മാധ്യമങ്ങളിൽ ആശുപത്രി കാന്‍റീനുകളിലെയും ബ്രാൻഡഡ് ഭക്ഷണശാലകളിലെയും വിലനിർണയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. ആരോഗ്യസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ ലാഭവും സാമൂഹിക ഉത്തരവാദിത്തവും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടോയെന്ന ചോദ്യവും ഈ സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സജീവമായി ഉയർന്നു.


