വീഡിയോയിൽ സ്റ്റേഷനും ട്രെയിനും എല്ലാം കാണിക്കുന്നുണ്ട്. അതിന്റെ അകത്തും പുറത്തും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതും മറ്റും വ്യക്തമായി കാണാൻ സാധിക്കും.

പലപ്പോഴും നമ്മൾ‌ ഇന്ത്യയിലെ പൊതുസ്ഥലങ്ങൾ വൃത്തിയില്ല എന്ന് പറയാറുണ്ട്. വിദേശികളൊക്കെ ചിലപ്പോൾ ഇന്ത്യയിൽ വന്ന് ഇക്കാര്യത്തിൽ ഇന്ത്യയെ വിമർശിക്കുകയും ചിത്രങ്ങളും വീഡിയോകളും ഒക്കെയെടുത്ത് പോസ്റ്റ് ചെയ്യാറുമുണ്ട്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ന്യൂയോർക്കിൽ നിന്നുള്ള ഒരു വീഡിയോയാണ്. ന്യൂയോർക്ക് സബ്‍വേയിൽ നിന്നുള്ള തികച്ചും വൃത്തിഹീനമായ സാഹചര്യം കാണിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

നിതീഷ് അദ്വിതി എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, മൂത്രം വീണിരിക്കുന്ന സ്ഥലങ്ങളും, ചിതറിക്കിടക്കുന്ന മാലിന്യങ്ങളും ഒക്കെയുള്ള ന്യൂയോർക്ക് സബ്‌വേ സ്റ്റേഷനാണ് കാണുന്നത്. ഇതിലൂടെ നടക്കവേയാണ് നിതീഷ് വീഡിയോ പകർത്തുന്നത്. 'ന്യൂയോർക്ക് സബ്‌വേയിലെ ഏറ്റവും വൃത്തികെട്ട സബ്‌വേ' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.

ന്യൂയോർക്ക് സിറ്റി സബ്‌വേ ഇത്രയും വൃത്തിഹീനമായിക്കിടക്കാൻ കാരണം, നിരന്തരമായി ഏറെ ആളുകൾ ഉപയോ​ഗിക്കുന്നത്, സ്ബ്‍വേയുടെയും അടിസ്ഥാനസൗകര്യങ്ങളുടേയും പഴക്കം, മതിയായ ക്ലീനിംഗ് പ്രോട്ടോക്കോളുകളുടെ അഭാവം, അറ്റകുറ്റപ്പണികളുടെ അഭാവം തുടങ്ങിയവയാണ് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. ആളുകളുടെ തിരക്ക് ദിവസേനയുണ്ടാകുന്ന ഒരു സ്റ്റേഷനാണ് ഇതെന്നും കാണാം.

View post on Instagram

വീഡിയോയിൽ സ്റ്റേഷനും ട്രെയിനും എല്ലാം കാണിക്കുന്നുണ്ട്. അതിന്റെ അകത്തും പുറത്തും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതും മറ്റും വ്യക്തമായി കാണാൻ സാധിക്കും. വളരെ വൃത്തിഹീനമായ അവസ്ഥയാണ് ഇത് എന്നും വീഡിയോയിൽ വ്യക്തമായി കാണാം.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ഈ കാഴ്ച പലരേയും അമ്പരപ്പിച്ചു. എന്നാൽ, ചിലർ ഇത് സത്യമാണ് എന്നും, നേരിട്ട് കണ്ടിട്ടുണ്ട് എന്നും കമന്റിൽ പറഞ്ഞിട്ടുണ്ട്.