അതിവേഗതയിൽ ഓടുന്ന ട്രക്കിനടിയിൽ സുഖമായി കിടന്നുറങ്ങുന്ന മനുഷ്യൻ; ആരേയും ഭയപ്പെടുത്തും ഈ വീഡിയോ
സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയ്ക്ക് ദൈർഘ്യം എങ്കിലും ആദ്യ കാഴ്ചയിൽ തന്നെ കാഴ്ചക്കാരെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ വീഡിയോ. ട്രക്കിന് സമീപത്തു കൂടി പോയ ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

നമ്മുടെ ചുറ്റുമുള്ള ആളുകളുടെ ചില പ്രവൃത്തികൾ ചിലപ്പോഴെങ്കിലും നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ആ പ്രവൃത്തികളിലെ അസാധാരണത്വം തന്നെയായിരിക്കും കാരണം. അത്തരത്തിൽ തീർത്തും അസാധാരണത്വം നിറഞ്ഞതും വേറിട്ട് നിൽക്കുന്നതുമായ ഒരു പ്രവൃത്തി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്.
അതിവേഗതയിൽ നീങ്ങുന്ന ഒരു ട്രക്കിന് താഴെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് തട്ടിൽ കിടന്നുറങ്ങുന്ന ഒരു മനുഷ്യൻറെ വീഡിയോ ആണ് ഇത്. ഏതെങ്കിലും കാരണത്താൽ അദ്ദേഹം അറിയാതെ നിലത്തേക്ക് വീണാൽ സംഭവിക്കുന്ന ദുരന്തം എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ഇത്തരത്തിലുള്ള ഒരു ആശങ്കകളും ഇല്ലാതെ ധൈര്യസമേതം ശാന്തമായി കിടന്നുറങ്ങുന്ന ഒരു മനുഷ്യനാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കിടയിൽ ഇപ്പോൾ ആശങ്ക നിറച്ചിരിക്കുന്നത്.
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അടിയിൽ പോലും കിടന്നുറങ്ങുന്നത് അത്യന്തം അപകടകരമായി കാണുമ്പോഴാണ് ഇവിടെ ഒരു മനുഷ്യൻ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രക്കിന് അടിയിൽ കിടന്നുറങ്ങുന്നത്. സാമാന്യം നല്ല വേഗതയിൽ തന്നെയാണ് ട്രക്ക് പോകുന്നത്.
ട്രക്കിനടിയിൽ പുറകുവശത്തെ ചക്രത്തിന് സമീപത്തായി ഘടിപ്പിച്ചിരിക്കുന്ന ഒരു ഇരുമ്പ് തട്ടിൽ തുണിവിരിച്ച് അതിലാണ് ഈ മനുഷ്യൻ കിടന്നുറങ്ങുന്നത്. സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയ്ക്ക് ദൈർഘ്യം എങ്കിലും ആദ്യ കാഴ്ചയിൽ തന്നെ കാഴ്ചക്കാരെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ വീഡിയോ. ട്രക്കിന് സമീപത്തു കൂടി പോയ ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ചൂടിൽ നിന്ന് രക്ഷപ്പെടാനും ഏറെ ക്ഷീണിതനായതിനാലും ആയിരിക്കണം ഇത്തരത്തിൽ ഒരു വിശ്രമസ്ഥലം ഇദ്ദേഹം തിരഞ്ഞെടുത്തത് എന്നാണ് ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കളും അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തന്നെ സംഭവിക്കാവുന്ന അപകടത്തെപ്പറ്റിയുള്ള ആശങ്കയും നെറ്റിസൺസ് പങ്കുവെക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ കണ്ടു കഴിഞ്ഞു.
ആശങ്കപ്പെടുത്തുന്ന ഈ വീഡിയോ ബെംഗളൂരുവിൽ നടന്ന മറ്റൊരു ദാരുണമായ സംഭവത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഏതാനും ആഴ്ചകൾ മുൻപാണ് മഴയിൽ നിന്ന് രക്ഷ നേടുന്നതിനായി ഒരു തൊഴിലാളി റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ട്രക്കിന്റെ അടിയിൽ കയറിക്കിടന്നത്.
പക്ഷേ, ദുഃഖകരം എന്ന് പറയട്ടെ ഇതറിയാതിരുന്ന ട്രക്ക് ഡ്രൈവർ വാഹനം മുമ്പോട്ട് എടുക്കുകയും അടിയിൽ കിടന്നിരുന്ന തൊഴിലാളി മരണപ്പെടുകയും ചെയ്തു. ബംഗളൂരുവിലെ വിവേക് നഗറിൽ നടന്ന ഈ ദാരുണ സംഭവത്തിൽ എൽആർ നഗർ സ്വദേശിയായ ഇമ്മാനുവൽ എന്നയാളാണ് കൊല്ലപ്പെട്ടത്.