നാട്ടുകാർ പറയുന്നത് എല്ലാ ദിവസവും രാവിലെ ചോട്ടു പ്രദേശത്തെ ശിവക്ഷേത്രത്തിൽ പോകുമായിരുന്നു എന്നാണ്. ഒരു മാസമായി അവിടെ പോയി ചോട്ടു പ്രാർത്ഥിക്കുന്നുണ്ട്. എന്നാൽ, അവന്റെ സാഹചര്യത്തിൽ മാത്രം മാറ്റമൊന്നും വന്നില്ല.
ദൈവത്തോട് പ്രാർത്ഥിച്ചാൽ നമ്മുടെ പല ആഗ്രഹങ്ങളും നടക്കും എന്നും നമ്മുടെ പ്രതിസന്ധികൾ തരണം ചെയ്യാൻ നമുക്ക് സാധിക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്. അതുപോലെ നിരന്തരം അതിനുവേണ്ടി ദൈവത്തിന്റെ അടുത്ത് ചെന്ന് പ്രാർത്ഥിക്കുന്നവരും ഉണ്ട് അല്ലേ? എന്നാൽ, ചിലപ്പോൾ ചില ആഗ്രഹങ്ങളൊന്നും പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും അങ്ങനെ നടക്കണം എന്നില്ല. എന്നാൽ, നിരന്തരമായി പ്രാർത്ഥിച്ചിട്ടും തന്റെ ആഗ്രഹം നടക്കാത്ത ഒരാൾ പിന്നീട് ചെയ്തത് വളരെ വിചിത്രമായ ഒരു കാര്യമാണ്.
ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള ചോട്ടു എന്ന 27 -കാരനാണ് കക്ഷി. ചോട്ടുവിന് ഒരു പ്രണയമുണ്ട്. അവളെ വിവാഹം ചെയ്യണം എന്നതാണ് അവന്റെ ആഗ്രഹം. എന്നാൽ, ചില കുടുംബപ്രശ്നങ്ങൾ കാരണം എത്ര കാത്തിരുന്നിട്ടും വിവാഹം മാത്രം നടന്നില്ല. അവസാനത്തെ അഭയം എന്ന നിലയിൽ അവൻ നേരെ ശിവന്റെ അടുത്തെത്തി എല്ലാ തടസങ്ങളും മാറ്റണമെന്നും തന്റെ വീട്ടുകാർ തന്റെ പ്രണയം അംഗീകരിക്കണമെന്നും എത്രയും പെട്ടെന്ന് താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെയും തന്റെയും വിവാഹം നടക്കണമേ എന്നും പ്രാർത്ഥിച്ചു.
എന്നാൽ, കുടുംബത്തിന്റെ അംഗീകാരം കിട്ടിയില്ല, ചോട്ടുവിന്റെയും അവൻ സ്നേഹിച്ച പെൺകുട്ടിയുടേയും വിവാഹവും നടന്നില്ല. അതോടെ ചോട്ടു ചെയ്തത് ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിക്കുക എന്നതാണ്. പക്ഷേ, പൊലീസ് ചോട്ടുവിനെ പിടികൂടി. ശിവലിംഗവും അവനിൽ നിന്നും തിരിച്ചെടുത്തു. നാട്ടുകാർ പറയുന്നത് എല്ലാ ദിവസവും രാവിലെ ചോട്ടു പ്രദേശത്തെ ശിവക്ഷേത്രത്തിൽ പോകുമായിരുന്നു എന്നാണ്. ഒരു മാസമായി അവിടെ പോയി ചോട്ടു പ്രാർത്ഥിക്കുന്നുണ്ട്. എന്നാൽ, അവന്റെ സാഹചര്യത്തിൽ മാത്രം മാറ്റമൊന്നും വന്നില്ല.
ആകെ നിരാശനായതുകൊണ്ടാണ് ചോട്ടു ശിവലിംഗം മോഷ്ടിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ശിവലിംഗം കാണാതായതിനെ തുടർന്ന് നാട്ടുകാരാണ് മഹേവ ഘട്ട് പൊലീസിൽ വിവരം അറിയിച്ചത്. അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ശിവലിംഗം കണ്ടെത്തിയത്. പിന്നീട്, ശിവലിംഗം ക്ഷേത്രത്തിൽ തന്നെ തിരികെ സ്ഥാപിച്ചു.
