ബാങ്കിന്റെ പ്രതിനിധിയാണ് എന്നും പറഞ്ഞ് തട്ടിപ്പുകാർ ഇയാളെ വിളിച്ചു. ശേഷം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് സംശകരമായ എന്തൊക്കെയോ സംഭവങ്ങൾ നടക്കുന്നുണ്ട്. അക്കൗണ്ടിൽ നിന്നും പണം വെട്ടിക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണ്. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ അക്കൗണ്ടിലുള്ള പണം മുഴുവനും തങ്ങൾക്ക് അയക്കണം. തങ്ങളുടെ കയ്യിൽ അത് സുരക്ഷിതമായിരിക്കും എന്നും പറഞ്ഞു.

പറ്റിക്കലുകൾ എല്ലാ കാലത്തും എല്ലായിടത്തും ഉണ്ട്. എന്നാൽ, പുതുപുതു ടെക്നോളജികളുടെ കാലത്ത് തട്ടിപ്പും വെട്ടിപ്പും എല്ലാം പുതിയ രൂപം സ്വീകരിച്ചു. അതുപോലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം തട്ടുന്നവരുടെ വലിയ സംഘം തന്നെ ഇപ്പോൾ ഉണ്ട്. സമാനമായ ഒരു സംഭവം റഷ്യയിലും നടന്നു. അതിലൂടെ ഒരു മനുഷ്യന് തന്റെ ജീവിതകാലം മുഴുവനും സമ്പാദിച്ച പണമെല്ലാം നഷ്ടപ്പെട്ടു. അത് മാത്രമല്ല പറ്റിച്ചവരുടെ പ്രേരണയാൽ ഇയാൾ ബാങ്കിന് തീവയ്ക്കാനും ശ്രമിച്ചു. അതിന്റെ പേരിൽ അറസ്റ്റിലുമായി.

ഏകദേശം 16 ലക്ഷം രൂപയാണ് തട്ടിപ്പുകാർ ഇയാളിൽ നിന്നും പറ്റിച്ചെടുത്തത്. അതിനുശേഷം കുപ്പി ബോംബ് (മൊളോടോവ് കോക്ടെയ്ൽ) ഇട്ട് ബാങ്ക് തകർക്കാനും ഇയാളോട് തട്ടിപ്പുകാർ പറഞ്ഞു. മോസ്‌കോയിലുള്ള ഒരു പട്ടണമായ റൂസയിൽ നിന്നുമുള്ള 48 -കാരനാണ് പറ്റിക്കപ്പെട്ടത്. കൂടാതെ, Sberbank ബാങ്കിലേക്ക് കുപ്പി ബോംബ് വലിച്ചെറിഞ്ഞതിന് ഇയാൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അ​ഗ്നിശമനസേന സംഭവസ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ബാങ്ക് ജീവനക്കാർ തീ അണച്ചിരുന്നു. അധികം വൈകാതെ തന്നെ പൊലീസ് പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ തുടർന്ന് തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തുകയായിരുന്നു. 

ബാങ്കിന്റെ പ്രതിനിധിയാണ് എന്നും പറഞ്ഞ് തട്ടിപ്പുകാർ ഇയാളെ വിളിച്ചു. ശേഷം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് സംശകരമായ എന്തൊക്കെയോ സംഭവങ്ങൾ നടക്കുന്നുണ്ട്. അക്കൗണ്ടിൽ നിന്നും പണം വെട്ടിക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണ്. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ അക്കൗണ്ടിലുള്ള പണം മുഴുവനും തങ്ങൾക്ക് അയക്കണം. തങ്ങളുടെ കയ്യിൽ അത് സുരക്ഷിതമായിരിക്കും എന്നും പറഞ്ഞു. അങ്ങനെ 48 -കാരൻ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവനും അയാൾ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കായി മാറ്റി. 

എന്നാൽ, അത് മാത്രം പോര, പണം പൂർണമായും സുരക്ഷിതമായിരിക്കണമെങ്കിൽ ബാങ്കിന്റെ ശാഖയ്ക്ക് തീ വയ്ക്കണം എന്ന് കൂടി പറഞ്ഞു. അതിനുശേഷം കുപ്പി ബോംബ്, പെട്രോൾ ബോംബ് എന്നെല്ലാം അറിയപ്പെടുന്ന മൊളോടോവ് കോക്ടെയ്ൽ നിർമ്മിക്കാൻ ഇയാളെ പഠിപ്പിക്കുകയും ചെയ്തു. ഇയാൾ അതുമായി ബാങ്കിന്റെ ശാഖയിലെത്തുകയും വലിച്ചെറിയുകയും ചെയ്തു. പക്ഷേ, അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ തീയണച്ചു. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവിച്ചതെല്ലാം ഇയാൾ തുറന്ന് പറയുന്നത്. അതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത്. ഏതായാലും ഇയാൾക്കെതിരെ ബാങ്കിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞതടക്കമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. മാത്രമല്ല, വിവിധ അക്കൗണ്ടുകളിലേക്കായി ഇയാൾ ഇട്ട പണം തിരികെ കിട്ടാൻ സാധ്യത കുറവാണ് എന്നാണ് പറയുന്നതും.