അപ്പോഴേക്കും ബലൂൺ റഷ്യയുമായുള്ള അതിർത്തിയോട് ചേർന്നുള്ള ഫാങ്‌ഷെങ് മേഖലയിൽ എത്തിയിരുന്നു. 320 കിലോമീറ്റർ ആണ് ഹൈഡ്രജൻ ബലൂൺ ഹുവുമായി സഞ്ചരിച്ചത്.

ഹൈഡ്രജൻ ബലൂണുകൾ ആകാശത്തിൽ കൂടി പൊങ്ങി പറക്കുമ്പോൾ ചിലപ്പോഴൊക്കെ നമുക്കും തോന്നാറില്ലേ ബലൂണിൽ തൂങ്ങിക്കിടന്ന് ആകാശത്തിലൂടെ പോയാലോ എന്ന്. എന്നാൽ അങ്ങനെയൊരു അനുഭവം ശരിക്കും നേരിടേണ്ടി വന്നിരിക്കുകയാണ് ചൈനക്കാരനായ ഒരു വ്യക്തിക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഹു എന്നറിയപ്പെടുന്ന ഇയാളുമായി ഹൈഡ്രജൻ ബലൂൺ ആകാശത്തിലൂടെ പറന്നത് 320 കിലോമീറ്റർ ആണ്. രണ്ടുദിവസത്തോളം ഇയാൾ ബലൂണിനുള്ളിൽ ആകാശത്ത് ചിലവഴിച്ചു.

ഹീലോംഗ്ജിയാങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു ഫോറസ്റ്റ് പാർക്കിലെ ജീവനക്കാരാണ് ഹു എന്ന നാൽപതുകാരനും അദ്ദേഹത്തിൻ്റെ ഭാര്യയും. ഞായറാഴ്ച പതിവുപോലെ ഫോറസ്റ്റ് പാർക്കിൽ ജോലിക്ക് എത്തിയതായിരുന്നു ഇരുവരും. പൈൻ പരിപ്പ് ശേഖരിക്കുന്നതിനിടയിൽ ഇവർ ഉണ്ടായിരുന്ന ഹൈഡ്രജൻ ബലൂണിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അതോടെ ബലൂൺ ആകാശത്തിലേക്ക് പറന്നുയരാൻ തുടങ്ങി. ബലൂൺ പറന്നു ഉയർന്നു തുടങ്ങിയപ്പോൾ തന്നെ ഹൂവിന്റെ ഭാര്യ ബലൂണിനുള്ളിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെട്ടു. പക്ഷേ ഹൂവിന് താഴേക്ക് ചാടാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ബലൂൺ വളരെ ഉയരത്തിൽ എത്തിയിരുന്നു. 

ഉടൻതന്നെ ഹൂവിന്റെ ഭാര്യ രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചു. പക്ഷേ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴേക്കും ഹൂവുമായി ബലൂൺ എവിടേക്കോ പോയിരുന്നു. ഉടൻതന്നെ രക്ഷാപ്രവർത്തകർ അദ്ദേഹത്തിൻറെ സെൽഫോണിൽ ബന്ധപ്പെട്ട് ലൊക്കേഷൻ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും ഹൂവിനെ താഴെ ഇറക്കാൻ സാധിച്ചില്ല. അങ്ങനെ രണ്ടാം ദിവസമായപ്പോൾ രക്ഷാപ്രവർത്തകർ അദ്ദേഹത്തോട് ബലൂണിന്റെ കാറ്റ് പതിയെ അഴിച്ചുവിട്ട് താഴേക്ക് ഇറങ്ങാൻ ശ്രമിക്കാൻ പറഞ്ഞു. രക്ഷാപ്രവർത്തകർ പറഞ്ഞതുപോലെ തന്നെ ഹൂ ചെയ്തു.

അപ്പോഴേക്കും ബലൂൺ റഷ്യയുമായുള്ള അതിർത്തിയോട് ചേർന്നുള്ള ഫാങ്‌ഷെങ് മേഖലയിൽ എത്തിയിരുന്നു. 320 കിലോമീറ്റർ ആണ് ഹൈഡ്രജൻ ബലൂൺ ഹുവുമായി സഞ്ചരിച്ചത്. ഒടുവിൽ രക്ഷാപ്രവർത്തകർ അദ്ദേഹത്തെ സുരക്ഷിതനായി താഴെ ഇറക്കി. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കാര്യമായി പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും തുടർച്ചയായി രണ്ടുദിവസം ബലൂണിൽ ഉള്ളിൽ ആകാശത്ത് എഴുന്നേറ്റു നിന്നതിന്റെ ശാരീരിക ക്ഷീണം അദ്ദേഹത്തിന് ഉണ്ടെന്ന് അധികൃതർ പറഞ്ഞു.