“ഗേറ്റുകൾ തുറന്നിരുന്നു. ഞാൻ ഗേറ്റിലൂടെ നടന്നു, എന്നിട്ട് അവർ ആ ഗേറ്റ് എന്റെ നേരെ അടച്ചു. ഞാൻ അതിക്രമിച്ചു കടക്കുകയാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ കടുവയെ സാധാരണ പോലെ കാണാൻ പോകുകയാണെന്ന് ഞാൻ കരുതി“ എന്നും എബ്രഹാം പറയുന്നു.

തിങ്കളാഴ്ച യുഎസ്സിലെ ബോസ്റ്റണിലെ ഫ്രാങ്ക്ലിൻ പാർക്ക് മൃഗശാല(Franklin Park Zoo)യിലെ കടുവയുടെ താവളത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. കടുവയെ കാണാനായി നിർമ്മിച്ചിരിക്കുന്ന ഒരു ഗേറ്റിന് മുകളിലൂടെ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് മാത്യു എബ്രഹാം (Matthew Abraham -24) അറസ്റ്റിലായത്. ഇയാൾക്കെതിരെ അതിക്രമിച്ചുകയറിയതിനും അച്ചടക്കരഹിതമായ പെരുമാറ്റത്തിനും കേസെടുത്തതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ചോദ്യം ചെയ്തപ്പോൾ കടുവകളോട് തനിക്ക് വലിയ കൗതുകമുണ്ടെന്നാണ് ഇയാൾ പറഞ്ഞതെന്ന് മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പൊലീസ് പറഞ്ഞു. എബ്രഹാം രാവിലെ മൃഗശാലയിലേക്കുള്ള ഒരു ഗേറ്റിന് മുകളിലൂടെ കയറുകയും നിരവധി വേലികൾ കടക്കുകയും മുന്നറിയിപ്പ് അടയാളങ്ങൾ അവഗണിക്കുകയും ചെയ്തു. എന്നാൽ, കടുവകളുടെ തൊട്ടടുത്തെത്താൻ ഇയാൾക്ക് കഴിഞ്ഞിരുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.

പണം നൽകാതെ മൃഗശാലയിലേക്ക് കടന്നു എങ്കിലും, അനല എന്ന് പേരുള്ള സിംഹത്തിന്റെ അടുത്തേക്ക് ചെല്ലാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. ഒരു സ്റ്റാഫ് ഇയാളുടെ അടുത്തെത്തിയതോടെ ഇയാൾ ഓടിപ്പോകാൻ തുനിഞ്ഞു. എന്നാൽ, സെക്യൂരിറ്റി ജീവനക്കാർ പിന്നാലെ ചെന്ന് ഇയാളെ പിടികൂടി. എബ്രഹാം പിന്നീട് ന്യൂസ് സെന്റർ 5 -നോട് പറഞ്ഞത്, താൻ ഒരു കാഴ്ചക്കാരനായി മൃഗശാല സന്ദർശിക്കുകയായിരുന്നു എന്നും ഒരു കടുവയെ കാണാൻ ആഗ്രഹിച്ചു, പ്രത്യേകിച്ച് ഒരു കടുവയുടെ കണ്ണുകൾ എന്നുമാണ്.

“മൃഗശാലയിൽ ഒരു കാഴ്ചക്കാരനായിട്ടാണ് ചെന്നത്. ഞാൻ ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ കടുവയെ ഉപദ്രവിക്കാൻ നോക്കിയില്ല. ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ നോക്കിയില്ല. കടുവ എന്താണെന്ന് കാണാൻ പോകുക മാത്രമായിരുന്നു എന്റെ പ്ലാൻ. ഒരു കടുവ മനുഷ്യനോട് എങ്ങനെ പ്രതികരിക്കും എന്ന് നോക്കുക മാത്രമായിരുന്നു" ഇയാൾ ന്യൂസ് സ്റ്റേഷനോട് പറഞ്ഞു. 

“ഗേറ്റുകൾ തുറന്നിരുന്നു. ഞാൻ ഗേറ്റിലൂടെ നടന്നു, എന്നിട്ട് അവർ ആ ഗേറ്റ് എന്റെ നേരെ അടച്ചു. ഞാൻ അതിക്രമിച്ചു കടക്കുകയാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ കടുവയെ സാധാരണ പോലെ കാണാൻ പോകുകയാണെന്ന് ഞാൻ കരുതി“ എന്നും എബ്രഹാം പറയുന്നു. മഞ്ഞുകാലത്ത് അകത്ത് പ്രവേശിക്കാൻ പണം നൽകണം എന്ന് അദ്ദേഹത്തിന് അറിയാത്തതാവും എന്നും പറയുന്നുണ്ട്. ഏതായാലും ജാമ്യത്തുക കെട്ടിവച്ച് അയാൾ ജാമ്യത്തിലിറങ്ങി.