"ഞാൻ വിട്ടു. എന്റെ പരിശ്രമം പാഴായി, ഇനി സ്വയം പഠിച്ച് ജയിക്കട്ടെ!" എന്ന് പിതാവ് പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്തു. അദ്ദേഹം തന്റെ കിടപ്പുമുറിയിൽ കിടന്ന് കരയുന്നതും, കണ്ണുകൾ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.
പരീക്ഷാക്കാലം വിദ്യാർത്ഥികൾക്കു മാത്രമല്ല മാതാപിതാക്കൾക്കും ടെൻഷന്റെ കാലമാണ്. മക്കൾ നന്നായി പഠിക്കുന്നുണ്ടോ, പരീക്ഷയ്ക്ക് എല്ലാം ഓർത്ത് എഴുതുമോ എന്നിങ്ങനെ നൂറ് ആശങ്കകൾ അവർക്ക് കാണും. പരീക്ഷയടുത്താൽ ലീവ് എടുത്ത് ഒപ്പമിരുന്ന് പഠിപ്പിക്കുന്ന മാതാപിതാക്കളും കുറവല്ല. അതുകൊണ്ട് തന്നെ ഫലം വരുമ്പോൾ ചങ്കിടിപ്പ് കൂടുന്നതും മാതാപിതാക്കൾക്ക് തന്നെയായിരിക്കും. ഇതുപോലെ മകന്റെ പരീക്ഷാഫലം വന്നപ്പോൾ ചൈനയിൽ നിന്നുള്ള ഒരച്ഛന് അറ്റാക്ക് വന്നില്ലെന്നേയുള്ളൂ. ഒരു വർഷത്തോളം കുത്തിയിരുന്ന് കണക്ക് പഠിപ്പിച്ചിട്ടും, ഒടുവിൽ ഫലം വന്നപ്പോൾ പത്തിൽ താഴെ മാർക്ക് മാത്രമാണ് മകൻ നേടിയത്. ഇത് കണ്ട അച്ഛൻ തകർന്ന് തരിപ്പണമായി. അദ്ദേഹം കരയുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വെയ്ബോയിൽ കിലു ഈവനിംഗ് ന്യൂസ് പങ്കിടുകയുണ്ടായി.
ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൗവിൽ സ്വദേശികളാണ് മാതാപിതാക്കൾ. ജൂൺ 23 -നാണ് മകന്റെ ഗണിതശാസ്ത്രത്തിന്റെ ഫലം പുറത്ത് വന്നത്. പരീക്ഷയിൽ മകന് നൂറിൽ വെറും ആറ് മാർക്ക് മാത്രമാണ് ലഭിച്ചത്. എന്നാൽ അദ്ദേഹം കഴിഞ്ഞ ഒരു വർഷത്തോളം തന്റെ മകനെ ദിവസവും ഒപ്പമിരുത്തി പഠിപ്പിക്കുമായിരുന്നു. പുറത്ത് ട്യൂഷന് പോലും വിടാതെ തന്റെ പ്രത്യേകം മേൽനോട്ടത്തിൽ അദ്ദേഹം അവനെ പഠിപ്പിച്ചു. എന്നാൽ ഫലം വന്നപ്പോൾ ഒരു വർഷത്തെ തന്റെ കഷ്ടപ്പാട് മുഴുവൻ വെറുതെയായി പോയി എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. തന്റെ മകനെ ദിവസവും പഠിപ്പിക്കുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഈ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
"ഞാൻ വിട്ടു. എന്റെ പരിശ്രമം പാഴായി, ഇനി സ്വയം പഠിച്ച് ജയിക്കട്ടെ!" എന്ന് പിതാവ് പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്തു. അദ്ദേഹം തന്റെ കിടപ്പുമുറിയിൽ കിടന്ന് കരയുന്നതും, കണ്ണുകൾ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ചിരിക്കുന്നതും കേൾക്കാം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് ഇങ്ങനെയൊക്കെ കാണിക്കേണ്ട കാര്യമെന്താ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ കഴിഞ്ഞ ഒരു വർഷമായി എല്ലാ ദിവസവും അർദ്ധരാത്രി വരെ ആ മനുഷ്യൻ തന്റെ കുട്ടിയെ പഠിപ്പിച്ചു എന്നാണ് പറയുന്നത്. മുൻ പരീക്ഷകളിൽ മകൻ പലപ്പോഴും പല മാർക്കാണ് വാങ്ങിയിരുന്നത്. നൂറിൽ ചിലപ്പോൾ അമ്പത് മാർക്ക് ചിലപ്പോൾ എൺപത് എന്നിങ്ങനെ ഒരു സ്ഥിരതയില്ലാത്ത അവൻ മാർക്ക് വാങ്ങി കൊണ്ട് വരുന്നത് കണ്ട അച്ഛൻ അവനെ പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനിയെങ്കിലും പരീക്ഷകളിൽ മകൻ സ്ഥിരമായി ഉയർന്ന മാർക്ക് വാങ്ങികുമെന്ന് അച്ഛന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കടുത്ത നിരാശയിലായി അദ്ദേഹം.
കണക്ക് പഠിപ്പിക്കാനുള്ള പിതാവിന്റെ കഴിവില്ലായ്മ മൂലമാണ് കുട്ടിയുടെ സ്കോർ കുറഞ്ഞതെന്ന് ഇൻറർനെറ്റിൽ പലരും വാദിച്ചു. മറ്റ് ചിലരാകട്ടെ അച്ഛനമ്മമാരുടെ അമിതമായ പ്രതീക്ഷകളെ കുറ്റപ്പെടുത്തി. അച്ഛന്റെ പാതിരാത്രി വരെയുള്ള പഠിപ്പിക്കൽ സ്കൂളിൽ ശ്രദ്ധിക്കാനുള്ള മകന്റെ കഴിവിനെ ബാധിച്ചിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
