Asianet News MalayalamAsianet News Malayalam

ഒരിക്കൽ പോലും വിമാനത്തിൽ കയറിയില്ല, 203 രാജ്യങ്ങൾ സന്ദർശിക്കാൻ യുവാവിന് ചെലവായ തുക

ഏകദേശം $20 (1662 രൂപ) യാണ് ഒരു ദിവസം പെഡേഴ്സണ് ചെലവ് വന്നിരുന്നത്. എന്നാൽ, സിം​ഗപ്പൂർ പോലെയുള്ള രാജ്യങ്ങളിൽ കൂടുതൽ തുക ചെലവായെന്നും എന്നാൽ ബൊളീവിയ പോലെയുള്ള രാജ്യങ്ങളിൽ അത്രയും ചെലവായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

man visited 203 countries without flying rlp
Author
First Published Oct 20, 2023, 7:12 PM IST

യാത്രകൾ ചെയ്യാനിഷ്ടമില്ലാത്ത മനുഷ്യർ വളരെ വളരെ കുറവായിരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ലോകം മുഴുവനും ചുറ്റിക്കാണാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആ​ഗ്രഹിക്കാതിരിക്കുക. എന്നാൽ, അത് സാധ്യമാകുന്നവർ ചുരുക്കമായിരിക്കും. ഒരു ലോകയാത്രയെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്ന ഓപ്ഷൻ വിമാനയാത്രയാണല്ലേ? എന്നാൽ, ഒരിക്കൽ പോലും വിമാനത്തിൽ കയറാതെ തന്നെ ലോകം ചുറ്റിക്കണ്ട ഒരു ഒരാളെ കുറിച്ചാണ് ഇവിടെ പറയുന്നത്. 

വിമാനത്തിൽ കയറാതെ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യത്തെ വ്യക്തി താനാണെന്നാണ് ഡാനിഷ് സഞ്ചാരിയായ ടോർബ്‌ജോൺ പെഡേഴ്‌സൺ അവകാശപ്പെടുന്നത്. 10 വർഷം കൊണ്ടാണ് പെഡേഴ്സൺ തന്റെ യാത്ര പൂർത്തിയാക്കിയത്. ഈ വർഷം ജൂലൈയിലാണ് പെ‍ഡേഴ്സൺ തന്റെ യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയത്. 203 രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടി താൻ ഏകദേശം 382,000 കിലോമീറ്റർ (237,363 മൈൽ) സഞ്ചരിച്ചുവെന്ന് അദ്ദേഹം പറയുന്നു. 

അതിനായി, 20 വിവിധ തരത്തിലുള്ള യാത്രാസൗകര്യങ്ങൾ അദ്ദേഹം പ്രയോജനപ്പെടുത്തി. അതിൽ 351 ബസ്, 67 മിനിബസ്, 219 ടാക്സികൾ, 46 മോട്ടോർ സൈക്കിൾ ടാക്സികൾ, 87 ഷെയർ ടാക്സികൾ, 4 ഷെയർ മോട്ടോർ സൈക്കിൾ ടാക്സികൾ, 28 ഫോർ വീൽ ഡ്രൈവ് വെഹിക്കിൾ, 9 ട്രക്കുകൾ, 158 ട്രെയിൻ, 19 ട്രാം, 128 മെട്രോകൾ / സബ്‌വേകൾ, 43 റിക്ഷകൾ, 40 കണ്ടെയ്‌നർ കപ്പലുകൾ, 33 ബോട്ടുകൾ, 32 ഫെറികൾ, 3 സെയിൽ ബോട്ടുകൾ, 2 ക്രൂയിസ് കപ്പലുകൾ, 1 കുതിരവണ്ടി, 1 പൊലീസ് കാർ, ഒരു സ്പീഡ് ബോട്ട് എന്നിവയെല്ലാം പെടുന്നു.

ഏറ്റവും കൂടുതൽ കാലം പെഡേഴ്സൺ ചെലവഴിച്ചത് ഹോംകോങ്ങിലാണ്. 772 ദിവസം. കൊവിഡ് കാലത്തായിരുന്നു ഇത്. ഏറ്റവും കുറവ് വത്തിക്കാൻ സിറ്റിയിലും. 24 മണിക്കൂർ കൊണ്ട് ഇവിടെ സന്ദർശനം പൂർത്തിയാക്കി. ട്രെയിനുകളിലും കപ്പലുകളിലും ഹോസ്റ്റലുകളിലും ഊഞ്ഞാൽ കിടക്കയിലും ഒക്കെയായിരുന്നു ഉറക്കങ്ങൾ. എന്നാൽ, അതില്ലാത്ത ദിവസങ്ങളിൽ ഹോസ്റ്റ് ഫാമിലിക്കൊപ്പമായിരുന്നു കഴിഞ്ഞത്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായതോടെ തനിക്ക് നൂറ് കണക്കിനാളുകൾ താമസസൗകര്യം തന്നു എന്നും ഇയാൾ പറയുന്നു.

Ross Energy എന്ന സ്ഥാപനമാണ് പെഡേഴ്സണ് 10 വർഷം നീണ്ട യാത്രക്കുള്ള ഫണ്ട് നൽകിയത്. $600 (ഏകദേശം 50000 രൂപ) കമ്പനി ഓരോ മാസവും അദ്ദേഹത്തിന് അയച്ചു നൽകും. ഏകദേശം $20 (1662 രൂപ) യാണ് ഒരു ദിവസം പെഡേഴ്സണ് ചെലവ് വന്നിരുന്നത്. എന്നാൽ, സിം​ഗപ്പൂർ പോലെയുള്ള രാജ്യങ്ങളിൽ കൂടുതൽ തുക ചെലവായെന്നും എന്നാൽ ബൊളീവിയ പോലെയുള്ള രാജ്യങ്ങളിൽ അത്രയും ചെലവായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഒപ്പം തന്റെ പാത പിന്തുടരാൻ ആ​ഗ്രഹിക്കുന്നവരോട് പെഡേഴ്സൺ പറയുന്നത്, അത് ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നാണ്. തന്റെ ജീവിതത്തിന്റെ വലിയ ഒരു ഭാ​ഗം അങ്ങനെ പോയി. വളരെ അധികം തുക ചെലവായി എന്നാണ് പെഡേഴ്സൺ പറയുന്നത്. അതിന് പകരം കൂടുതൽ ബുദ്ധിപരമായി കൂടുതൽ ആസ്വദിക്കാൻ പറ്റുന്ന എന്തെങ്കിലും ചെയ്യൂ എന്നും അദ്ദേഹം പറയുന്നു. ഏതായാലും യാത്ര ചെയ്യാൻ ഉറപ്പിച്ചവരോട് “ശ്രദ്ധിച്ചു നോക്കുക. മണവും രുചിയും അറിയുക, നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിക്കുക, ഒരു സ്പോഞ്ച് പോലെ എല്ലാം വലിച്ചെടുക്കാൻ ശ്രമിക്കുക. പക്ഷേ, അവിടെ നിങ്ങളുടെ കാൽപ്പാടുകളല്ലാതെ മറ്റൊന്നും ശേഷിക്കരുത്” എന്നും അദ്ദേഹം പറയുന്നു. 

വായിക്കാം: കാമുകന്റെ വാക്ക് കേട്ട് 35 കിലോ ഭാരം കൂട്ടിയ മോഡലിന് സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

Follow Us:
Download App:
  • android
  • ios