പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനെത്തിയ ഭാര്യയെ ആക്രമിക്കാൻ ഭർത്താവ് പോളിംഗ് ബൂത്തിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നു. വോട്ടർ കാർഡിൽ നിന്ന് തൻ്റെ പേര് നീക്കം ചെയ്യാത്തതിനാലാണ് ഇയാൾ ഭാര്യയെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. ഒടുവിൽ പോലീസ് ഇടപെട്ട് യുവതിക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി.

ശ്ചിമ ബംഗാളിൽ വോട്ട് ചെയ്യാൻ എത്തിയ ഭാര്യയെ ആക്രമിക്കാൻ ബൂത്തിന് പുറത്ത് മണിക്കൂറുകൾ കാത്തുനിന്നയാളെ ഒടുവിൽ പോലീസ് പിടികൂടി. ഇന്നലെ (ഏപ്രിൽ 24) നടന്ന ആദ്യഘട്ട ബംഗാൾ സംസ്ഥാന തെരഞ്ഞെടുപ്പിലായിരുന്നു ഈ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. സിലിഗുരി ഉപവിഭാഗത്തിലെ മതിഗര-നക്സൽബാരി അസംബ്ലി സെഗ്‌മെന്‍റിന് കീഴിലുള്ള ഫാൻസിദേവയിലെ താരാബാരിയിലെ താരാബാരി പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യ വോട്ടുചെയ്യാൻ എത്തുമെന്ന് പ്രതീക്ഷിച്ച് അയാൾ രാവിലെ മുതൽ ബൂത്തിന് പുറത്ത് കാത്ത് നിന്നു. ഒടുവിൽ ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയ ഭാര്യയെ അയാൾ മുടിയിൽ പിടിച്ച് വലിക്കുകയും അക്രമിക്കുകയുമായിരുന്നു. ഇതോടെയാണ് പോലീസിന് സംഭവത്തിൽ ഇടപെടേണ്ടിവന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

പോളിംഗ് കാത്തിരുന്ന് അക്രമണം

ദൃക്സാക്ഷി വിവരണം അനുസരിച്ച് പോളിംഗ് സ്റ്റേഷനിലെ ബൂത്ത് നമ്പർ 25/238- ൽ അതിരാവിലെ തന്നെ അയാൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഒരിക്കൽ പോലും അയാൾ വോട്ട് ചെയ്യാൻ ശ്രമിച്ചില്ല. എന്നാൽ വളരെ ശാന്തനായി വോട്ട് ചെയ്യാനെത്തുന്നവരെ ശ്രദ്ധിച്ച് കനത്ത ചൂട് സഹിച്ച് അയാൾ അനങ്ങാതെ അവിടെ നിന്നു. ഉച്ചയ്ക്ക് 2 മണിയോടെ, ഒരു സ്ത്രീ വോട്ടർ സ്ലിപ്പും ഫോട്ടോ ഐഡന്‍റിറ്റി കാർഡുമായി പോളിംഗ് സ്റ്റേഷനിൽ എത്തി. അതുവരെ ശാന്തനായി നിന്ന അയാൾ പെട്ടെന്ന് അവരുടെ അടുത്തേക്ക് നീങ്ങി. പിന്നാലെ അവരുടെ വോട്ടർ കാർഡ് തട്ടിയെടുക്കാൻ ശ്രമിച്ചു, പിന്നെ മുടി പിടിച്ചു വലിച്ചു. പിന്നിൽ നിന്നും പിടിച്ച് വലിച്ച് താഴെ ഇടാൻ ശ്രമിച്ചു. ഈ സമയമത്രയും ആ സ്ത്രീ അയാളിൽ നിന്നും രക്ഷപ്പെട്ടാൻ ശ്രമിച്ച് കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ കേന്ദ്ര സായുധ പോലീസ് സേനാ ഉദ്യോഗസ്ഥർ ഓടിയെത്തി ഇരുവരെയും പിടിച്ച് മാറ്റി. ഇതോടെ അയാൾ ആ സ്ത്രീയെ അസഭ്യം വിളിക്കാൻ തുടങ്ങിയെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പറയുന്നു.

കാരണം കേട്ട് ഞെട്ടി ഉദ്യോഗസ്ഥർ

പിന്നാലെ സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇരുവരെയും ചോദ്യം ചെയ്തു. ഈ സ്ത്രീ അയാളുടെ ഭാര്യയായിരുന്നു. എന്നാൽ, രണ്ട് വർഷം മുമ്പ് അവർ അയാളെ ഉപേക്ഷിച്ച് മറ്റൊരാളിനൊപ്പം പോയി. വോട്ട് ചെയ്യാൻ അവർ വരുമെന്ന് അറിയാമായിരുന്ന അയാൾ അതിരാവിലെ മുതൽ പോളിംഗ് ബൂത്തിൽ അവർക്കായി കാത്ത് നിന്നു. എന്നാൽ, പിന്നാലെ അയാൾ പറഞ്ഞത് കേട്ട് പോലീസുകാരും ബൂത്തിലുണ്ടായിരുന്നവരും ഞെട്ടി. വോട്ടർ കാർഡിലെ ഭർത്താവിന്‍റെ പേരിന്‍റെ സ്ഥാനത്ത് നിന്നും തന്‍റെ പേര് മാറ്റാത്തിടത്തോളം കാലം അവരെ വോട്ട് ചെയ്യാൻ സമ്മതിക്കില്ലെന്നും അതിന് അനുവദിക്കരുതെന്നും അയാൾ പോലീസുകാരോട് പറഞ്ഞു. എന്നാൽ, അയാളുടെ ആവശ്യത്തിന് ഉദ്യോഗസ്ഥർ ചെവി കൊടുത്തില്ല. ഏതാണ്ട് 20 മിനിറ്റുകൾക്ക് ശേഷം അവർ വോട്ട് ചെയ്ത് സുരക്ഷിതയായി പുറത്തിറങ്ങി. പിന്നാലെ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കൊണ്ട് ബൂത്തിൽ നിന്നും ഇറങ്ങിപ്പോയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 92.72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 294 സീറ്റുകളിൽ ശേഷിക്കുന്ന 142 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 -ന് നടക്കും.