ആഗ്രയിൽ, കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് 1,100 രൂപ പിഴ ചുമത്തി. ഇപ്പോൾ കാറിലും ഹെൽമറ്റ് ധരിച്ചാണ് യുവാവിന്‍റെ യാത്ര. ഗുല്‍ഷന്‍ എന്ന യുവാവാണ് കാറില്‍ സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടും ഹെല്‍മെറ്റില്ലാത്തതിന് പിഴ ചുമത്തിയതായി പറയുന്നത്.
കാർ ഓടിക്കുമ്പോഴും ഹെൽമെറ്റ് ധരിച്ച് യുവാവ്. സംഭവം നടന്നത് ഉത്തർ പ്രദേശിലെ ആഗ്ര ജില്ലയിലാണ്. നേരത്തെ കാർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് പൊലീസ് പിഴ ചുമത്തിയെന്നും അതിനാലാണ് ഇപ്പോൾ ഹെൽമറ്റ് ധരിച്ചുകൊണ്ട് കാർ ഡ്രൈവ് ചെയ്യുന്നത് എന്നുമാണ് യുവാവ് പറയുന്നത്. നവംബർ 26 -ന് തന്റെ ഫോർ വീലർ വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ല എന്ന് കാണിച്ചുകൊണ്ട് പൊലീസ് തനിക്ക് 1,100 രൂപ പിഴ ചുമത്തിയെന്നാണ് ഗുൽഷൻ എന്ന യുവാവ് ആരോപിക്കുന്നത്. ഇതിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.
"ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു, പക്ഷേ ഹെൽമെറ്റ് ധരിക്കാത്തതിന് പൊലീസ് എനിക്ക് പിഴ ചുമത്തുകയായിരുന്നു" എന്നാണ് ഇതിൽ ഗുൽഷൻ ആരോപിക്കുന്നത്. നിയമം അനുസരിക്കുന്ന ഒരു പൗരനാണെന്നും പിഴ ചുമത്തിയതുമുതൽ വാഹനമോടിക്കുമ്പോൾ താൻ ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്നും യുവാവ് പറയുന്നു. ഭാവിയിൽ പിഴ ഒഴിവാക്കാൻ വേണ്ടി താൻ അങ്ങനെ ചെയ്യുന്നത് തുടരുമെന്നും ഗുൽഷൻ പറഞ്ഞു. അധ്യാപകനായി ജോലി ചെയ്യുകയാണ് ഗുൽഷൻ.
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയിൽ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഹെൽമറ്റ് ധരിച്ചുകൊണ്ട് ഇരിക്കുന്ന യുവാവിനെ കാണാം. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാവുന്ന വീഡിയോയ്ക്ക് അനേകങ്ങൾ കമന്റുകളും നൽകുന്നുണ്ട്. യുവാവിനെ കുറ്റം പറയാൻ പറ്റില്ല, സ്വന്തം കീശയിൽ നിന്നും കാശ് പോകുമ്പോൾ ഇങ്ങനെ അല്ലാതെ എങ്ങനെയാണ് കാര്യങ്ങൾ ചെയ്യുക എന്നാണ് ആളുകൾ ചോദിക്കുന്നത് .


