മരങ്ങള്‍ വച്ചുപിടിപ്പിക്കണം, വനങ്ങള്‍ സംരക്ഷിക്കണം എന്ന് പറയാന്‍ എളുപ്പമാണ്. ഭൂമിയുടെ സന്തുലിതാവസ്ഥ തന്നെ തകരാറിലാക്കുന്ന രീതിയില്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കപ്പെടുമ്പോള്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കാറുണ്ടോ? വലിയ ഒച്ചപ്പാടുകളും ബഹളങ്ങളൊന്നും ഇല്ലാതെ ഒരു എണ്‍പത്തിമൂന്നുകാരന്‍ ഇതുവരെ നട്ടത് ഒരുകോടിയിലേറെ മരങ്ങള്‍.

പ്രകൃതി സംരക്ഷണത്തിനായി തന്നാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിച്ച എണ്‍പത്തിമൂന്നുകാരന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത് ഈ സേവനമനോഭാവം കണക്കിലെടുത്താണ്. തെലങ്കാനയിലെ ഖമാം ജില്ലയിലെ ദരിപാലി രാമയ്യ എന്ന വൃദ്ധനാണ് ഇതിനോടകം ഒരുകോടിയിലേറെ മരങ്ങള്‍ നട്ടിരിക്കുന്നത്. മരം രാമയ്യ, വനജീവി രാമയ്യ എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നുണ്ട്. പലരും ഭ്രാന്തനെന്ന് കരുതി പരിഹസിച്ചയാള്‍ക്ക് പത്മശ്രീ ലഭിച്ചത് ജീവിത സായാഹ്നത്തിലും മരങ്ങള്‍ വച്ച് പിടിപ്പിക്കാനുള്ള കരുതല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്. എത്ര മരങ്ങള്‍ നട്ടുവെന്ന് കൃത്യമായി കണക്കില്ലെങ്കിലും തെലങ്കാനയിലെ ഒരോ മൂന്ന് പേര്‍ക്കും എന്ന നിലയില്‍ രാമയ്യ മരങ്ങള്‍ നട്ടിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് തന്‍റെ ഹോബി അല്ല മറിച്ച് ജീവിതാഭിലാഷമെന്നാണ് രാമയ്യ പറയുന്നത്. തരിശായി കിടക്കുന്ന ഏത് സ്ഥലത്തും രാമയ്യ മരം നടും. നടുന്ന മരങ്ങള്‍ നശിച്ച് പോകാതിരിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തു. ഒരു മരം മുറിച്ചിടുന്ന കാഴ്ച ജീവന്‍ നഷ്ടമാകുന്ന പ്രതീതിയാണ് രാമയ്യക്ക് ഉണ്ടാക്കുന്നത്. സൈക്കിളില്‍ വൃക്ഷത്തൈകളുമായി പോകുന്ന തങ്ങളെ കണ്ട് നാട്ടുകാര്‍ ഭ്രാന്തരെന്ന് പരിഹസിച്ചിരുന്നുവെന്ന് രാമയ്യയുടെ ഭാര്യ ജാനമ്മ പറയുന്നത്. കിലോമീറ്ററുകളോളം ദൂരം കാല്‍നടയായി ചെന്ന് മരങ്ങള്‍ നടുന്നതിനും രാമയ്യക്ക് എതിര്‍പ്പില്ല. മരങ്ങള്‍ വച്ചുപിടിപ്പിക്കേണ്ട ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ നിറഞ്ഞ രണ്ട് മുറി വീട്ടിലാണ് രാമയ്യും ഭാര്യയും താമസിക്കുന്നത്. 

തന്‍റെ സമ്പാദ്യമായ മൂന്ന് ഏക്കര്‍ ഭൂമി വിറ്റ് കിട്ടിയ പണം ഉപയോഗിച്ചാണ് മരത്തൈകള്‍ വാങ്ങുവാനായുള്ള പണം രാമയ്യ സ്വരുക്കൂട്ടിയത്. 
എല്ലാ പ്രധാന ദിവസങ്ങളിലും ഈ ദമ്പതികള്‍ മരം നടുന്നതിന് പുറമേ തൈകള്‍ വിതരണവും ചെയ്യും. പത്താം ക്ലാസ് പഠനത്തിന് ശേഷം സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചെങ്കിലും വായനാശീലം രാമയ്യ ഉപേക്ഷിച്ചിരുന്നില്ല. ചെറുപ്പത്തില്‍ പച്ചക്കറി അടക്കമുള്ളവ നടുന്നത് അമ്മയുടെ ശീലമായിരുന്നു. താനിത് കണ്ടാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ താന്‍ വളര്‍ന്ന സാഹചര്യത്തില്‍ നിന്ന് മരങ്ങള്‍ കണ്ട് കിട്ടാനില്ലാത്ത സാഹചര്യം ആയതോടെയാണ് ആരുടേയും സഹായം തേടാനില്ലാതെ മരം നടാന്‍ രാമയ്യ ഇറങ്ങിത്തിരിച്ചത്. നഗരവത്കരണത്തിന്‍റെ ഭാഗമായി നഷ്ടമായ പച്ചപ്പ് തിരികെപിടിക്കണം എന്നതാണ് ഈ എണ്‍പത്തിമൂന്നുകാരന്‍റെ ആഗ്രഹം. വൃക്ഷത്തൈകള്‍ വാങ്ങുന്നതിനൊപ്പം വിത്തുകളില്‍ നിന്നും തൈകള്‍ ഉത്പാദിപ്പിക്കുന്നുണ്ട് രാമയ്യ. മാറ്റത്തിനായി മുറവിളി കൂട്ടിയിട്ട് കാര്യമില്ല മറിച്ച് നമ്മള്‍ തന്നെ മാറ്റമാകണമെന്നാണ് ഈ വൃദ്ധന് പറയാനുള്ളത്.