വളരെ പെട്ടെന്ന് തന്നെ അയാളുടെ സ്വഭാവം മാറിത്തുടങ്ങി. അയാൾ ഭാര്യയ്ക്ക് പണം നൽകാതെയായി. പണം ചൂതാട്ടത്തിന് ചെലവഴിച്ചു.
100 കോടിയിലധികം രൂപ ലോട്ടറിയടിച്ചിട്ടും ഒരുരൂപാ പോലും ഭാര്യയ്ക്ക് കൊടുക്കാതെ വനിതാ ലൈവ് സ്ട്രീമറിനു വേണ്ടി ചെലവഴിച്ചതിന്റെ പേരിൽ ഒരാൾ ഇപ്പോൾ ചൈനയിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്) റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വിവാഹമോചനത്തിന് അപേക്ഷ നൽകിയ ശേഷമാണ് യുവാൻ എന്ന യുവതി ഹെനാൻ ടിവിയോട് തന്റെ അനുഭവം വെളിപ്പെടുത്തിയത്. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
2016 -ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഷാൻഡോങ് പ്രവിശ്യയിലെ ഡെഷൗവിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 17 -നാണ് ഭർത്താവിന് 10.17 മില്ല്യൺ യുവാൻ ലോട്ടറിയടിച്ചത്. ഇതിൽ ഭാര്യ ആദ്യം അത്യധികം സന്തോഷിക്കുകയും ചെയ്തു. നികുതിയൊക്കെ കഴിഞ്ഞ്, ആകെ സമ്മാനത്തുക 8.14 മില്ല്യൺ യുവാൻ ആയിരുന്നു. ലോട്ടറിയടിച്ച് കിട്ടിയ പണം കൊണ്ട് തനിക്ക് ആവശ്യമുള്ളതെന്തും വാങ്ങാമെന്നും ഭർത്താവ് വാഗ്ദ്ധാനം നൽകിയിരുന്നുവെന്ന് ഭാര്യ പറയുന്നു. മൂന്ന് മില്ല്യൺ യുവാൻ അടങ്ങിയ ഒരു ബാങ്ക് കാർഡ് പോലും അയാൾ ഭാര്യയ്ക്ക് നൽകിയിരുന്നു. ഭർത്താവിനെ പൂർണമായും വിശ്വസിച്ച യുവതി ബാലൻസ് പരിശോധിക്കാതെ ആ കാർഡ് ഒരു ഡ്രോയറിൽ സുരക്ഷിതമായി വയ്ക്കുകയും ചെയ്തു.
എന്നാൽ, വളരെ പെട്ടെന്ന് തന്നെ അയാളുടെ സ്വഭാവം മാറിത്തുടങ്ങി. അയാൾ ഭാര്യയ്ക്ക് പണം നൽകാതെയായി. പണം ചൂതാട്ടത്തിന് ചെലവഴിച്ചു. മാത്രമല്ല, രാത്രി വൈകിയും ലൈവ് സ്ട്രീമർമാരായ സ്ത്രീകളെ കണ്ടുകൊണ്ടിരിക്കലായി ആളുടെ പണി. അവർക്ക് ഇഷ്ടം പോലെ പണവും അയാൾ നൽകി. ഒരു വനിതാ ലൈവ് സ്ട്രീമർക്ക് മാത്രമായി 1.53 കോടി രൂപയാണ് ഇയാൾ ചെലവഴിച്ചത്. ജൂലൈയിൽ, അതേ ലൈവ് സ്ട്രീമർക്കൊപ്പം നാല് ദിവസത്തെ യാത്രയ്ക്കിടയിൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവാൻ ഭർത്താവിനെ പിടികൂടി. ചാറ്റ് പരിശോധിച്ചപ്പോൾ അയാൾ വഴിവിട്ട രീതിയിൽ ലൈവ് സ്ട്രീമറിനോട് ചാറ്റ് ചെയ്തിരുന്നതായും കണ്ടെത്തി.
പിന്നാലെ തനിക്ക് ഭർത്താവ് തന്ന ബാങ്ക് കാർഡിൽ പണമൊന്നും ഇല്ലെന്നും ഭാര്യ കണ്ടെത്തി. അവസാനം പൊറുതിമുട്ടിയ ഭാര്യ ഡിവോഴ്സിന് അപേക്ഷിച്ചു. ഭർത്താവ് തനിക്ക് ആ പണത്തിൽ ഒന്നും തന്നില്ലെന്നും അവകാശപ്പെട്ടു. ഭർത്താവ് പറയുന്നത്, ആ പണമെല്ലാം ചെലവായിപ്പോയി. ഇനി ബാക്കിയെല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ്.


