ബ്രസീലിൽ മറ്റൊരാളുടെ പ്രതിശ്രുത വധുവിനെ വീട്ടിൽ ഒളിപ്പിച്ചെന്നാരോപിച്ച് പുരോഹിതനെ നാട്ടുകാർ പിടികൂടി. പുരോഹിതന്റെ വീട് വളഞ്ഞ നാട്ടുകാർ, ബാത്ത്റൂമിലെ സിങ്കിനടിയിൽ ഒളിച്ചിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു.
മറ്റൊരാളുടെ പ്രതിശ്രുത വധുവിനെ പുരോഹിതൻ വീട്ടില്‍ വിളിച്ച് കയറ്റിയെന്ന് ആരോപിച്ച് നാട്ടുകാര്‍ വീട് വളഞ്ഞു. പിന്നാലെ വീട്ടിനുള്ളിലെ സിങ്കിന് അടിയിൽ നിന്നും യുവതി നാട്ടുകാര്‍ പിടികൂടി. ബ്രസീലിലെ അപ്പാരസിഡയിലെ ഔവർ ലേഡി ചർച്ചിലെ റെക്ടറിയിലെ ബാത്ത്റൂം സിങ്കിനടിയിൽ നിന്നാണ് യുവതിയെ നാട്ടുകാര്‍ പിടികൂടിയത്. പിന്നാലെ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വീട് വളഞ്ഞ് നാട്ടുകാര്‍
വിശ്വാസിയായ ഒരാളുടെ പ്രതിശ്രുത വധുവിനയൊണ് ബ്രസീലിയൻ മാറ്റോ ഗ്രോസോ സംസ്ഥാനത്തെ നോവ മരിംഗയിലുള്ള ഔർ ലേഡി ഓഫ് അപാരെസിഡ ഇടവകയുടെ തലവനായ റവ. ലൂസിയാനോ ബ്രാഗ സിംപ്ലിഷ്യോയുടെ താമസസ്ഥലമാണ് പ്രദേശവാസികൾ വളഞ്ഞത്. വീട്ടിലേക്ക് ഇരച്ചുകയറിയ നാട്ടുകാർ അർദ്ധനഗ്നനായ അവസ്ഥയിൽ പുരോഹിതനെ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാതിരുന്ന സമയത്താണ് പുരോഹിതന്‍ യുവതിയെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രോഷാകുലരായ നാട്ടുകാർ കുളിമുറിയുടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ 21 വയസ്സുള്ള യുവതി സിങ്കിനടിയിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. പിന്നാലെ യുവതിയെ നാട്ടുകാര്‍ വലിച്ച് പുറത്തിടുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
പുരോഹിതന്‍റെ പ്രതികരണം
എന്നാല്‍, വ്യായാമത്തിന് ശേഷം വീട്ടിലേക്ക് എത്തിയ സ്ത്രീയ്ക്ക് കുളിക്കാൻ അനുവാദം നല്‍കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നാണ് റവ. ലൂസിയാനോ ബ്രാഗ സിംപ്ലിഷ്യോ, ടിഎംസെഡ് എന്ന പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. എന്നാല്‍, യുവതിയെയും കൂട്ടി പുരോഹിതന്‍ പള്ളിയിലെ സ്വന്തം വസതിയിലേക്ക് പോകുന്നത് കണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. ബാത്ത്റൂമിൽ നിന്ന് പുറത്ത് വരുമ്പോൾ ഷോർട്ട്സും ടാങ്ക് ടോപ്പുമായിരുന്നു സ്ത്രീ ധരിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പുരോഹിതനും സ്ത്രീയും അവകാശപ്പെട്ടു. സംഭവം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് സ്ത്രീ പോലീസില്‍ പരാതി നല്‍കി.


