എനിക്ക് നോക്കാനും പരിചരിക്കാനും രണ്ടു കുട്ടികള്‍ ഇതിനകം ഉണ്ട്്. എന്റെ വെളിവ് തിരികെ കൊണ്ടുവരാന്‍ സഹായിക്കണം എന്നപേക്ഷിച്ചാണ് കത്തു നിര്‍ത്തുന്നത്. 

കൊവിഡ് വരുത്തിയ വലിയ മാറ്റമാണ് വര്‍ക്ക് ഫ്രം ഹോം. വീട്ടില്‍നിന്നും ജോലി ചെയ്യുന്ന ഈ സമ്പ്രദായത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഓരോ തൊഴില്‍ മേഖലയിലും ഓരോ തരത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഓരോ കുടുംബാന്തരീക്ഷത്തിനും ഇതിനെ കുറിച്ച് പറയാന്‍ വ്യത്യസ്തമായ പ്രതികരണമാവും ഉണ്ടാവുക. 

അത്തരമൊരു പ്രതികരണമാണ്, വ്യവസായ ഭീമനായ ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. അതൊരു കത്താണ്. 'താങ്കളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ ഭാര്യ എഴുതുന്നത്' എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു കത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് 'എങ്ങനെ പ്രതികരിക്കണം എന്നറിയില്ല' എന്ന വാചകങ്ങേളാടെ ഗോയങ്ക ഷെയര്‍ ചെയ്തത്. 

Scroll to load tweet…

വര്‍ക്ക് ഫ്രം ഹോം ഇനിയും തുടര്‍ന്നാല്‍ അധികകാലം ഈ വിവാഹ ബന്ധം നിലനില്‍ക്കില്ല എന്നാണ് രസകരമായ ഈ കത്തില്‍ പറയുന്നത്. 

ദിവസം പത്തു തവണയെങ്കിലും ഭര്‍ത്താവ് ഇപ്പോള്‍ കോഫി കുടിക്കുന്നതായി കത്തില്‍ ഭാര്യ എഴുതുന്നു. മുറികള്‍ മാറിക്കൊണ്ടേയിരിക്കുന്നു. അതിനാല്‍, എല്ലാം വൃത്തികേടായിക്കിടക്കുന്നു. ഓഫീസ് കോളുകള്‍ക്കിടയില്‍ അദ്ദേഹം ഉറങ്ങുന്നത് ആദ്യമായാണ് കാണുന്നതെന്നും കത്തില്‍ പറയുന്നു.

എനിക്ക് നോക്കാനും പരിചരിക്കാനും രണ്ടു കുട്ടികള്‍ ഇതിനകം ഉണ്ട്്. എന്റെ വെളിവ് തിരികെ കൊണ്ടുവരാന്‍ സഹായിക്കണം എന്നപേക്ഷിച്ചാണ് കത്തു നിര്‍ത്തുന്നത്. 

രസകരമായ കമന്റുകളാണ് ട്വിറ്ററില്‍ ഈ കത്തിന് ലഭിച്ചത്. 

ഭാര്യയെ വര്‍ക്ക് ഫ്രം ഓഫീസ് സമ്പ്രദായത്തിലേക്ക് മാറ്റുകയും ഭര്‍ത്താവ് കുട്ടികളെ നോക്കി വര്‍ക്ക് ഫ്രം ഹോം തുടരുകയും ചെയ്താല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവും എന്നാണ് ഒരാളുടെ കമന്റ്. 

വീട്ടുകാര്യങ്ങളില്‍ ഒരു സഹായവും ചെയ്യാത്ത ആണുങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ഈ കത്ത് തുറന്നിടുന്നതെന്നാണ് മറ്റൊരു കമന്റ്. വീട്ടിലെ ആണുങ്ങളെ ഇത്തിരി കൂടി കാര്യബോധത്തോടെ വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു. 

എന്നാല്‍, ഈ കത്ത് ശരിക്കും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വന്നൊരു കഥയാണെന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നത്. അനീഷ ടണ്ഡന്‍ എഴുതിയതാണ് ഇതെന്നും പറയുന്നു.