യുകെയിലെ സ്കെഗ്നെസ് അക്വേറിയത്തിൽ സ്രാവുകൾ നിറഞ്ഞ ടാങ്കിനുള്ളിൽ വെച്ച് നടന്ന വേറിട്ട വിവാഹാഭ്യർത്ഥനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജെയിംസ് വാൽഷ് എന്ന യുവാവാണ് തന്‍റെ കാമുകിയായ പേജ് കുക്കിനോട് വെള്ളത്തിനടിയിൽ വെച്ച് വിവാഹാഭ്യർത്ഥന നടത്തിയത്. സ്കൂബാ ഡൈവിംഗിനിടെ ബോർഡ് ഉയർത്തിക്കാട്ടിയായിരുന്നു ഈ അപൂർവ്വ പ്രൊപ്പോസൽ.

പ്രണയം വായുവിൽ മാത്രമല്ല, ഇനി വെള്ളത്തിനടിയിലും പാറിക്കളിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ദമ്പതികൾ. യുകെയിലെ ലിങ്കൺഷെയറിലുള്ള സ്കെഗ്നെസ് അക്വേറിയത്തിലെ സ്രാവുകൾ നിറഞ്ഞ കൂറ്റൻ ടാങ്കിനുള്ളിൽ വെച്ച് നടന്ന വേറിട്ട വിവാഹാഭ്യർത്ഥനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബക്കിംഗ്ഹാംഷെയറിലെ വെൻഡോവറിൽ നിന്നുള്ള ജെയിംസ് വാൽഷ് എന്ന യുവാവാണ് തന്‍റെ കാമുകിയായ പേജ് കുക്കിനോട് വെള്ളത്തിനടിയിൽ വെച്ച് വിവാഹാഭ്യർത്ഥന നടത്തിയത്.

സ്രാവുകൾക്ക് നടുവിലൊരു പ്രണയാഭ്യർത്ഥന

സ്കൂബാ ഡൈവിംഗ് അനുഭവത്തിന്‍റെ ഭാഗമായി അക്വേറിയത്തിലെ ടാങ്കിലിറങ്ങിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം. സ്രാവുകളെ വളരെയധികം ഇഷ്ടപ്പെടുന്ന കാമുകിക്കായി തികച്ചും വ്യത്യസ്തവും ഓർത്തുവെക്കാവുന്നതുമായ ഒരു പ്രൊപ്പോസൽ പ്ലാൻ ചെയ്യണമെന്ന ആഗ്രഹമാണ് ജെയിംസിനെ ഇതിലേക്ക് നയിച്ചത്. ഇതിനായി സെപ്റ്റംബർ 10 തെരഞ്ഞെടുക്കുകയും അക്വേറിയം അധികൃതരുമായി മുൻകൂട്ടി ബന്ധപ്പെടുകയും ചെയ്തു. ജെയിംസിന്‍റെ പ്ലാനിന് പൂർണ്ണ പിന്തുണ നൽകിയ അക്വേറിയം ജീവനക്കാർ, വെള്ളത്തിനടിയിൽ വെച്ച് ഉയർത്താനായി "Will you marry me?" എന്ന് രേഖപ്പെടുത്തിയ പ്രത്യേക ബോർഡും തയ്യാറാക്കി നൽകി.

അമ്പരപ്പ്, പിന്നാലെ സമ്മതം

ഡൈവിംഗിനിടെ മറ്റ് പങ്കാളികളിൽ നിന്നും ഇരുവരെയും മാറ്റിനിർത്തിയ ശേഷം ജീവനക്കാർ ബോർഡ് ജെയിംസിന് കൈമാറുകയായിരുന്നു. സ്കൂബാ ഗിയറും വെറ്റ്സ്യൂട്ടും ധരിച്ച് വെള്ളത്തിനടിയിൽ മുട്ടുകുത്തി നിന്ന ജെയിംസ് ബോർഡ് ഉയർത്തിക്കാട്ടിയതോടെ പേജ് വികാരഭരിതയായി. നിമിഷങ്ങൾക്കകം സ്വയം നിയന്ത്രിച്ച്, സ്കൂബാ ഡൈവിംഗിൽ ഉപയോഗിക്കുന്ന 'OK' എന്ന സൈൻ ലാംഗ്വേജിലൂടെ പേജ് തന്‍റെ സമ്മതം അറിയിക്കുകയും തുടർന്ന് ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു. "തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു ഇതെന്ന്" സംഭവം കഴിഞ്ഞ് പേജ് പ്രതികരിച്ചു. അപ്രതീക്ഷിത സംഭവങ്ങളുടെ ഞെട്ടലിൽ താൻ ഒരു സ്രാവ് ടാങ്കിനുള്ളിലാണെന്ന കാര്യം പോലും നിമിഷനേരത്തേക്ക് മറന്നുപോയെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങൾ അക്വേറിയം അധികൃതർ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു. തികച്ചും സാഹസികവും ആവേശം നിറഞ്ഞതുമായ അനുഭവം എന്നാണ് അക്വേറിയം അധികൃതർ ഈ അപൂർവ്വ പ്രൊപ്പോസലിനെ വിശേഷിപ്പിച്ചത്.