യൂറിമിയ രോഗം ബാധിച്ച യുവതി വൃക്ക ലഭിക്കുന്നതിനായി ഗുരുതരാവസ്ഥയിലുള്ള കാൻസർ രോഗിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ അവയവദാനത്തിനായി തുടങ്ങിയ ഈ ബന്ധം പിന്നീട് ഒരു യഥാർത്ഥ പ്രണയമായി മാറുകയായിരുന്നു.
ഒരു വൃക്ക ലഭിക്കുന്നതിന് വേണ്ടി ഗുരുതരാവസ്ഥയിലുള്ള കാൻസർ രോഗിയായ ഒരാളെ വിവാഹം കഴിക്കാൻ വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഒരു യുവതി തീരുമാനിച്ചത് ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. യുവതിയുടെ അസാധാരണമായ ഈ തീരുമാനം ക്രമേണ ഒരു യഥാർത്ഥ ആ ജീവനാന്ത ബന്ധമായി വളരുകയായിരുന്നു.
ഒരു വൃക്ക വേണം
ഷാൻസി പ്രവിശ്യയിൽ നിന്നുള്ള വാങ് ഷിയാവോ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന 24-കാരിയായ യുവതിക്ക് യൂറിമിയ (Uremia) എന്ന രോഗം ബാധിച്ചിരുന്നു. വാങ് ഷിയാവോയ്ക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടാതെ ഏകദേശം ഒരു വർഷം മാത്രമേ ജീവിക്കാനാവൂവെന്നായിരുന്നു ഡോക്ടർമാരുടെ നിരീക്ഷണം. ബന്ധുക്കളിൽ നിന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, മരണശേഷം വൃക്ക ദാനം ചെയ്യാൻ തയ്യാറുള്ള ഒരു വ്യക്തിയെ തേടി കാൻസർ രോഗികളെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പിൽ അവൾ ഒരു പരസ്യം നൽകി. ആ വ്യക്തിയെ വിവാഹം കഴിക്കാനും മരണം വരെ ശുശ്രൂഷിക്കാനും താൻ തയ്യാറാണന്നും വാങ് വെളിപ്പെടുത്തി.
ദാതാവുമായി പ്രണയം
ഇതിനിടയിലാണ് മാരകമായ കാൻസറുമായി പോരാടുന്ന, 30-കാരനായ ചെൻ ഷെൻഫെങ് രംഗപ്രവേശം ചെയ്യുന്നത്. തന്‍റെ മരണശേഷം വൃക്ക ചേർച്ചയുള്ള ഒരു സ്വീകർത്താവിന് നൽകുന്നതിന് അയാൾ അതിനകം സമ്മതം അറിയിച്ചിരുന്നു. ഒപ്പം വാങ്ങുമായുള്ള വിവാഹത്തിനും ചെന്‍ സമ്മതം അറിയിച്ചു. പരസ്പര സമ്മതപ്രകാരം ഇരുവരും വിവാഹത്തിനും സമ്മതിച്ചു. കാലക്രമേണ, ഇരുവരുടെയും ഇടയിലുള്ള ബന്ധം വളർന്നു. അവർക്കിടയിൽ വൈകാരികമായ അടുപ്പം രൂപപ്പെട്ടു. ഇരുവരും പരസ്പരം ബഹുമാനം കണ്ടെത്തി, ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർ തീരുമാനിച്ചു. കേവലം ഒരു അവയവമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നതിന് പകരം, അവർ ഇപ്പോൾ പരസ്പരം ആഴത്തിൽ പ്രതിബദ്ധതയോടെ ജീവിക്കുകയാണ്. ഏറ്റവും അപ്രതീക്ഷിതവും ദുരിതപൂർണ്ണവുമായ സാഹചര്യങ്ങളിലും മനുഷ്യബന്ധങ്ങൾ ഉടലെടുക്കുമെന്നതിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വാങ് ഷിയാവോയുടയും ചെൻ ഷെൻഫെങ്ങിന്‍റെയും ജീവിതമെന്നാണ് ചൈനീസ് സമൂഹ മാധ്യമങ്ങൾ ഇരുവരുടെയും ജീവിതത്തെയും പ്രണയത്തെയും വിശേഷിപ്പിച്ചത്.


