ഏതായാലും, ഇങ്ങനെ ഒരു കപ്പൽ യാത്ര തെരഞ്ഞെടുക്കാൻ വേറെ ഒരു കാരണം കൂടി ഇവർ പറയുന്നുണ്ട്. റിട്ടയർമെന്റ് ഹോമിൽ താമസിക്കുന്നതിനേക്കാൾ ചെലവ് കുറവാണ് ഈ യാത്രയ്ക്ക് എന്നാണ് ഇവരുടെ പക്ഷം.
പ്രായമായി കഴിഞ്ഞാൽ വീട്ടിലോ റിട്ടയർമെന്റ് ഹോമിലോ ജീവിതം ചെലവഴിക്കുകയാണ് അധികം ആളുകളും ചെയ്യാറ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാര്യമാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ ദമ്പതികൾ ചെയ്തത്. ഏകദേശം അഞ്ഞൂറോളം ദിവസങ്ങൾ, കടലിൽ തന്നെ ജീവിച്ച ദമ്പതികളാണ് ഇത്.
എന്നുവച്ചാൽ അക്കാലമത്രയും ഒരു ആഡംബരക്കപ്പലിലാണ് മാർട്ടി - ജെസ്സ് ആൻസൺ ദമ്പതികൾ കഴിഞ്ഞത്. കൊവിഡിന് ശേഷമാണ് ഇരുവരും 'കോറൽ പ്രിൻസസ്' എന്ന കപ്പലിലുള്ള തങ്ങളുടെ യാത്ര ആരംഭിച്ചത്. ആടിയും പാടിയും ജീവിതാവസാനം വരെ നിലനിന്നേക്കാവുന്ന സുഹൃത്തുക്കളെയുണ്ടാക്കിയും ആ ദിനങ്ങൾ അവർ ആഘോഷമാക്കുകയാണ്.
2000 യാത്രക്കാരെ ഉൾക്കൊള്ളുന്നതാണ് കപ്പൽ. 2022 ജൂൺ 16 -നാണ് അവർ തങ്ങളുടെ യാത്ര ആരംഭിച്ചത്. കപ്പലിൽ സെലിബ്രിറ്റികൾ തന്നെയാണ് മാർട്ടിയും ജെസ്സും. കാരണം, ഇത്രയധികം ദിവസങ്ങൾ കപ്പലിൽ തന്നെ തുടരുന്നവർ കുറവാണല്ലോ. അവരുടെ കഥ കേട്ട് പ്രചോദിതരായി ആളുകൾ അവരെ കാണാൻ വേണ്ടി മാത്രം കുറച്ച് ദിവസങ്ങൾ കപ്പലിൽ കഴിയാൻ എത്തുന്ന അവസ്ഥ വരെയുണ്ടായിരുന്നു എന്നാണ് പറയുന്നത്.
ഏതായാലും, ഇങ്ങനെ ഒരു കപ്പൽ യാത്ര തെരഞ്ഞെടുക്കാൻ വേറെ ഒരു കാരണം കൂടി ഇവർ പറയുന്നുണ്ട്. റിട്ടയർമെന്റ് ഹോമിൽ താമസിക്കുന്നതിനേക്കാൾ ചെലവ് കുറവാണ് ഈ യാത്രയ്ക്ക് എന്നാണ് ഇവരുടെ പക്ഷം. മാത്രമല്ല, ലോകം ചുറ്റുകയും മൊത്തത്തിൽ അടിച്ചു പൊളിക്കുകയും ചെയ്യാമല്ലോ.
നേരത്തെയും ഇതുപോലെ കപ്പൽ യാത്രകൾ അനേകം ഇവർ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത്രയധികം നീണ്ട കാലം കപ്പലിൽ തന്നെ കഴിയാനുള്ള തീരുമാനം ഇവരെടുക്കുന്നത് കൊവിഡിന് ശേഷമാണ്. ഭക്ഷണം പാകം ചെയ്യണ്ട, മുറി വൃത്തിയാക്കണ്ട അങ്ങനെ ആകെ രസമാണ് കപ്പലിലെ ജീവിതം എന്നാണ് ഇരുവരുടേയും അഭിപ്രായം. രാവിലെ ടേബിൾ ടെന്നിസ് കളിച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. പിന്നീട്, രണ്ട് ബിയറുകൾ പൊട്ടിച്ച് ബാൽക്കണിയിൽ ഇരുന്ന് കാഴ്ചകൾ കണ്ടുകൊണ്ട് അത് ആസ്വദിക്കുന്നു.
വരുന്ന ആഴ്ചകളിൽ ദമ്പതികൾ ഹവായ് ചുറ്റി സഞ്ചരിക്കും. ഇരുവരുടേയും യാത്രയിൽ ഇനിയും എട്ട് മാസം കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞ് കരയിൽ എത്തിയാലും 'ക്രൗൺ പ്രിൻസസ്' എന്ന കപ്പലിൽ ഒരു വർഷത്തെ യാത്രയ്ക്ക് പ്ലാൻ ചെയ്തിരിക്കയാണ് ഇരുവരും.
