Asianet News MalayalamAsianet News Malayalam

വെള്ളം തണുപ്പിച്ചു നിര്‍ത്താന്‍ ഒരു ബാഗ് മതി; നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന 'ചില്‍ വാട്ടര്‍ ബാഗ്' ഇപ്പോഴും ഇവിടെ കാണാം...

തന്‍റെ പിതാവും അദ്ദേഹത്തിന്‍റെ പിതാവുമെല്ലാം ഇതേ ജോലി തന്നെയാണ് ചെയ്തിരുന്നത് എന്ന് ജമീല്‍ പറയുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മഷാക്കില്‍ വെള്ളം നിറച്ചു വിറ്റിരുന്ന പലരും ആ തൊഴില്‍ ഉപേക്ഷിക്കുകയും മറ്റുപല തൊഴിലുകളും തേടുകയും ചെയ്തിരുന്നു. 

mashak water bags in delhi
Author
Delhi, First Published Jul 31, 2019, 2:24 PM IST

അതിവേഗം മാറിക്കൊണ്ടിരിക്കുന്നൊരു നഗരമാണ് ദില്ലി. ജീവിതരീതിയിലും നഗരത്തിന്‍റെ മുഖച്ഛായയിലും എല്ലാമത് ദൃശ്യമാണ്. എന്നാല്‍, ഇത്രയൊക്കെ മാറ്റങ്ങളുണ്ടാകുമ്പോഴും മാറാതെ ഓരോ കാലത്തെയും അതിജീവിച്ചൊരു ഭൂതകാലത്തിന്‍റെ അവശേഷിപ്പുണ്ട് അവിടെ, വാള്‍ഡ് സിറ്റിയില്‍. 

അതുകാണണമെങ്കില്‍ അവിടെ മസ്ജിദിന് പുറത്തുള്ള മുഷ്താഖീം എന്നൊരു കുഞ്ഞുചായക്കടയുണ്ട്. അതിനടുത്തേക്ക് ചെല്ലണം. മെറ്റല്‍ കൊളുത്തുകളില്‍ തൂക്കിയിട്ടിരിക്കുന്ന കുറച്ച് ലെതര്‍ ബാഗുകള്‍ കാണാം അവിടെ. ആടിന്‍റെ തോലില്‍ നിന്നുണ്ടാക്കുന്നതാണ് ഈ ബാഗുകള്‍. മഷാക്ക് എന്നാണ് പേര്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഷാജഹാനാബാദിനടുത്ത് തണുത്ത വെള്ളം നല്‍കിക്കൊണ്ടിരുന്നവര്‍ ഉപയോഗിച്ചിരുന്നതാണ് ഈ മഷാക്കുകള്‍. ചരിത്രത്തിലും ഈ മഷാക്കിന് വലിയ പ്രാധാന്യമുണ്ട്. മുഗള്‍ ഭരണാധികാരിയായിരുന്നു ഹുമയൂണ്‍ ഒരിക്കല്‍ ഗംഗയില്‍ വീണുപോയി. വെള്ളമെടുക്കാന്‍ വന്ന നിസാം എന്നൊരാളാണ് അന്ന് അദ്ദേഹത്തെ രക്ഷിച്ചത്. അതും തന്‍റെ മഷാക്ക് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുകയും ഹുമയൂണ്‍ അതുപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. 

ദില്ലിയിലെ പഴയ തെരുവുകളിലൊന്നായ സാക്കേവാലി തെരുവിലെ ഒരുകൂട്ടം ആളുകള്‍ ഇങ്ങനെ മഷാക്കുകളില്‍ വെള്ളം വിറ്റ് ജീവിച്ചിരുന്നു. തെരുവ് ഇന്നുമുണ്ടെങ്കിലും ഇവരുടെ പുതുതലമുറയില്‍ പെട്ടവര്‍ ആ തൊഴില്‍ ചെയ്യുന്നില്ല. 

പക്ഷെ, എല്ലാവരും ഉപേക്ഷിച്ചിട്ടും ഈ സഹോദരന്മാര്‍ ഈ തൊഴിലുപേക്ഷിച്ചില്ല. ചരിത്രത്തിന്‍റെ ശേഷിപ്പായി അതിന്നും ഈ കടയിലുണ്ട്. ഒരു പഴയ കിണറിനടുത്തായാണ് ഈ കട. ജമീല്‍, ഖലീല്‍, ഷക്കീല്‍, അഖീല്‍ എന്നീ സഹോദരന്മാരാണ് അവിടെയുള്ളത്. അവര്‍ കിണറില്‍ നിന്ന് വെള്ളമെടുത്ത് മഷാക്കുകളില്‍ നിറക്കുന്നു. ദിവസം മുഴുവന്‍ ഈ തണുത്ത വെള്ളം വില്‍ക്കുന്നു. 

mashak water bags in delhi

തന്‍റെ പിതാവും അദ്ദേഹത്തിന്‍റെ പിതാവുമെല്ലാം ഇതേ ജോലി തന്നെയാണ് ചെയ്തിരുന്നത് എന്ന് ജമീല്‍ പറയുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മഷാക്കില്‍ വെള്ളം നിറച്ചു വിറ്റിരുന്ന പലരും ആ തൊഴില്‍ ഉപേക്ഷിക്കുകയും മറ്റുപല തൊഴിലുകളും തേടുകയും ചെയ്തിരുന്നു. സത്യത്തില്‍, ഈ സഹോദരന്മാര്‍ ദില്ലിയില്‍ നിന്നുള്ളവരല്ല. മൊറാദാബാദില്‍ നിന്നുള്ളവരാണ്. പക്ഷെ, ചെറുപ്പകാലം മുതലേ അവര്‍ ജീവിക്കുന്നത് ദില്ലിയിലാണ്. ചെയ്യുന്നത് ഈ തൊഴിലും.

എന്നുമുതലാണ് മഷാക്ക് വന്നത് എന്ന് ചോദിച്ചാല്‍ ശരിയായ ഉത്തരം ഇവര്‍ക്കാര്‍ക്കും അറിയില്ല. രാജാവിന്‍റെ കാലം മുതലെന്നാണ് ഇവരുടെ ഉത്തരം. തങ്ങളുടെയും സഹോദരന്മാരുടെയും കാലം കഴിയുന്നതോടെ ഈ തൊഴില്‍ ഇല്ലാതാവുമെന്നും തങ്ങളുടെയെല്ലാം മക്കള്‍ മറ്റ് തൊഴിലുകളിലേക്ക് തിരിയുമെന്നും ജമീല്‍ പറയുന്നു. 

രാവിലെ ഏഴ് മണിക്ക് ദില്ലിയിലെ ഈ തെരുവിലെത്തുകയാണെങ്കില്‍ നമുക്ക് മഷാക്കില്‍ വെള്ളം നിറച്ചെത്തുന്ന സഹോദരന്മാരെ കാണാം. എല്ലായിടത്തുനിന്നും അപ്രത്യക്ഷമായൊരു തൊഴില്‍ കാണണമെങ്കിലും ഇവിടെ വരാം. നോക്കൂ, പണ്ടുപണ്ടേ ഉണ്ടായിരുന്നൊരു തൊഴില്‍, തണുത്ത വെള്ളം നിറച്ച് വില്‍ക്കാനുള്ളൊരു മാര്‍ഗം ഈ ആധുനിക കാലത്തും എത്ര മനോഹരമായി നിലനില്‍ക്കുന്നുവെന്ന്. 

(കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)

Follow Us:
Download App:
  • android
  • ios