ആമസോണിൽ 2.9 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് പകരം ലഭിച്ചത് ഡിറ്റർജന്റ് പാക്കറ്റ്. റീഫണ്ടും വൈകിപ്പിക്കുകയാണ്. ഇതിന് പിന്നിൽ വൻ ലോജിസ്റ്റിക്സ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും യുവാവിന്‍റെ ആരോപണം.

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ 2.9 ലക്ഷം രൂപ വിലയുള്ള ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഡിറ്റർജന്റ് പാക്കറ്റ്. 'Gigabyte RTX 5090' എന്ന പ്രീമിയം ഗ്രാഫിക്സ് കാർഡിന് പകരം 'ഘടി' സോപ്പുപൊടിയുടെ പാക്കറ്റ് ലഭിച്ച സ്വാഗത് നായക് എന്ന ഉപഭോക്താവാണ് ആമസോണിനെതിരെ രംഗത്തെത്തിയത്. സംഭവത്തിൽ ആമസോൺ റീഫണ്ട് വൈകിപ്പിക്കുകയാണെന്നും ഇതിന് പിന്നിൽ വൻ ലോജിസ്റ്റിക്സ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു.

ആമസോൺ നേരിട്ട് പരിശോധന നടത്തി അയക്കുന്ന 'Fulfilled by Amazon' എന്ന ഉറപ്പിലായിരുന്നു ഈ ഓർഡർ എത്തിയത്. എന്നാൽ സാധനം മാറി വന്നതോടെ പരാതിപ്പെട്ട യുവാവിന് തുടക്കത്തിൽ റീഫണ്ട് നൽകാൻ കമ്പനി തയ്യാറായില്ല. പിന്നീട് സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതി നൽകുകയും ചെയ്തതോടെ മാർച്ച് 30 -നകം റീഫണ്ട് നൽകാമെന്ന് കമ്പനി സമ്മതിച്ചെങ്കിലും പിന്നീടതും മാറ്റി.

റീഫണ്ട് ലഭിക്കാതെ വന്നതോടെ സ്വാഗത് നായക് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ ആമസോണിന്റെ ലോജിസ്റ്റിക്സ് ഹബ്ബുകൾ കേന്ദ്രീകരിച്ച് വലിയൊരു തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയെന്നാണ് ആരോപണം. ഓർഡറിനൊപ്പം ലഭിച്ച ഇൻവോയ്‌സിലെ ജിഎസ്ടി (GST) വിവരങ്ങൾ വ്യാജമാണെന്നും അതിലെ എച്ച്എസ്എൻ (HSN) കോഡ് നിലവിലില്ലാത്തതാണെന്നും യുവാവ് ആരോപിക്കുന്നു. Fab World Point എന്ന സെല്ലറുടെ ഇൻവോയ്‌സ് മുഹമ്മദ് ഖാലിദ് എന്ന വ്യക്തിയുടെ പേരിലായിരുന്നു. വിചിത്രമെന്നു പറയട്ടെ, സമാനമായ തട്ടിപ്പിന് ഇരയായ മറ്റൊരാൾക്ക് ആമസോൺ കസ്റ്റമർ സപ്പോർട്ടിൽ നിന്നും ലഭിച്ച ഇമെയിൽ അയച്ച വ്യക്തിയുടെ പേരും ഖാലിദ് എന്നായിരുന്നു.

കൂടാതെ, തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ജിഎസ്ടി വിലാസം ഓഖ്ലയിലെ ആമസോൺ വെയർഹൗസിന് തൊട്ടടുത്താണെന്നും യുവാവ് ചൂണ്ടിക്കാട്ടി. ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് നായക് ആരോപിക്കുന്നു.

സംഭവം പുറത്തായതോടെ സ്വാഗത് നായകിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആമസോണിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഉപഭോക്താക്കൾ പ്രതികരിച്ചു. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകിയ നായക്, ആമസോണിന് ഔദ്യോഗിക നിയമ നോട്ടീസ് അയക്കാനുള്ള തയ്യാറെടുപ്പിലാണ്.