Asianet News MalayalamAsianet News Malayalam

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്: ഈ കണക്കിന് ഉത്തരം കണ്ടെത്തിയാൽ നിങ്ങൾക്കും അപേക്ഷിക്കാം ജോലിക്ക്

പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധിയാളുകൾ തങ്ങളുടെ അഭിപ്രായവുമായി രംഗത്തെത്തി. ഈ പരസ്യത്തിന്റെ ഉപജ്ഞാതാവ് ആരാണെങ്കിലും വളരെ നല്ലൊരു ആശയം എന്നായിരുന്നു പരസ്യം കണ്ട ചിലർ കുറിച്ചത്.

maths equation in teacher hiring ad
Author
First Published Jan 23, 2023, 4:12 PM IST

പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും ഒക്കെയായി പലതരത്തിലുള്ള ജോലി പരസ്യങ്ങൾ നാം കാണാറുണ്ട്. എത്ര വലിയ കമ്പനി ആയാലും എത്ര ചെറിയ സ്ഥാപനമായാലും ജോലിക്കായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കേണ്ട പോസ്റ്റിനെ കുറിച്ചും  സ്ഥാപനത്തെക്കുറിച്ചും ഒക്കെ കൃത്യമായി പറയാറുണ്ട്. 

എന്നാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ജോലിയുടെ പരസ്യം വൈറലായി. കാരണം, ആ പരസ്യം സത്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് മുന്നിൽവെച്ചത് രസകരമായ ഒരു പരീക്ഷണമായിരുന്നു. ആ പരീക്ഷണത്തിൽ വിജയിക്കുന്നവർക്ക് മാത്രമേ ജോലിക്ക് അപേക്ഷിക്കുന്നതിനായി സ്ഥാപന അധികാരികളെ ബന്ധപ്പെടുന്നതിനുള്ള നമ്പർ ലഭിക്കുകയുള്ളൂ. 

ഗുജറാത്തിലെ ഒരു സ്കൂളിലെ കണക്ക് അധ്യാപകന്റെ ഒഴിവിലേക്ക് നൽകിയ പത്രപ്പരസ്യമാണ് ഇത്തരത്തിൽ വേറിട്ടു നിന്നത്. കണക്കിന് ഒരു ചോദ്യം നൽകി അതിന് ഉത്തരം കണ്ടെത്തിയാൽ നിങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ കിട്ടുമെന്നായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. ഏതായാലും പരസ്യം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഗുജറാത്തിലെ നവസാരി ജില്ലയിലുള്ള ഭക്താശ്രമം സ്‌കൂളിൽ ഗണിത അധ്യാപകന്റെ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് നൽകിയ പത്ര പരസ്യമാണ് ഇത്തരത്തിൽ വൈറലായത്. 

പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധിയാളുകൾ തങ്ങളുടെ അഭിപ്രായവുമായി രംഗത്തെത്തി. ഈ പരസ്യത്തിന്റെ ഉപജ്ഞാതാവ് ആരാണെങ്കിലും വളരെ നല്ലൊരു ആശയം എന്നായിരുന്നു പരസ്യം കണ്ട ചിലർ കുറിച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു പ്രഹസനത്തിന്റെ ആവശ്യമില്ലെന്നും ചോദ്യം ചോദിക്കണമെങ്കിൽ അത് അഭിമുഖസമയത്ത് ആകാമെന്നുമായിരുന്നു മറ്റു ചിലരുടെ വാദം. 

എന്നാൽ വേറെ ചിലർ ആകട്ടെ ഒരു പടി കൂടി കടന്ന് ചോദ്യത്തിന്റെ ഉത്തരം തന്നെ കമൻറ് ബോക്സിൽ പോസ്റ്റ് ചെയ്തു. ഉത്തരം കിട്ടാതെ വിഷമിക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കാൻ എന്ന കുറിപ്പോടെയാണ് ചിലർ പരസ്യത്തിൽ നൽകിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയപ്പോൾ കിട്ടിയ ഫോൺ നമ്പർ പോസ്റ്റ് ചെയ്തത്. ഇതിനോടകം 2 ലക്ഷത്തിലധികം ആളുകളാണ് ട്വിറ്ററിൽ ഈ പരസ്യം കണ്ടു കഴിഞ്ഞത്.
 

Follow Us:
Download App:
  • android
  • ios