Asianet News MalayalamAsianet News Malayalam

Magic Mushroom| കണ്ടാല്‍ പൊലീസ് പിടിച്ചിരുന്ന മാജിക് മഷ്‌റൂം ഇനി മരുന്നാവുമോ?

ഓസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകരാണ് ഉല്‍ക്കണ്ഠാ രോഗം  (anxiety) അടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി മാജിക് മഷ്‌റൂം ഉപയോഗിക്കാനുള്ള പഠനവുമായി മുന്നോട്ടുപോവുന്നത്

medicinal potential of magic mushroom is being researched
Author
Australia, First Published Nov 3, 2021, 1:13 PM IST

ലോകമെങ്ങും ലഹരിമരുന്നായി ഉപയോഗിക്കുന്ന മാജിക് മഷ്‌റൂം (magic mushrooms)  മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടോ? ഓസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകരാണ് ഉല്‍ക്കണ്ഠാ രോഗം  (anxiety) അടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി മാജിക് മഷ്‌റൂം ഉപയോഗിക്കാനുള്ള പഠനവുമായി മുന്നോട്ടുപോവുന്നത്. ഓസ്‌ട്രേലിയയിലെ ഇന്‍കാനക്‌സ് ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരുടെ രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയലിന് മൊനാഷ് യൂണിവേഴ്സിറ്റി ഹ്യൂമന്‍ റിസര്‍ച്ച് എത്തിക്സ് കമ്മിറ്റി അംഗീകാരം നല്‍കി. ഇതോടെ, ഉല്‍ക്കണ്ഠ രോഗ ചികില്‍സയില്‍ മാജിക് മഷ്‌റൂം ഉപയോഗിക്കാനുള്ള ഗവേഷണങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. 

സൈലോസിബിന്‍ എന്ന രാസവസ്തുവാണ് മാജിക് മഷ്‌റൂമിന് (magic mushrooms) ലഹരി പകരുന്നത്. അനേക കാലങ്ങളായി ആദിമ ഗോത്ര സംസ്‌കാരത്തിലും മതപരവും ആത്മീയവുമായ അനുഷ്ഠാനങ്ങള്‍ക്കും ഇത് ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഔഷധ സാധ്യതകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ േലാകമെങ്ങും നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഉല്‍ക്കണ്ഠാ രോഗത്തിന് ഇത് ഔഷധമായി ഉപയോഗിക്കാനാവുമോ എന്ന പഠനം ഓസ്‌ട്രേലിയയിലും മുന്നോട്ടുപോവുന്നത്. 

മാജിക് മഷ്‌റൂം മനോരോഗ ചികില്‍സയ്ക്ക് ഉപയോഗിക്കാനാവുമോ എന്ന ഗവേഷണം നടത്തുന്ന സ്ഥാപനമാണ് ഇന്‍കാനക്‌സ് ഹെല്‍ത്ത്കെയര്‍. സ്ഥാപനത്തിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കാണ് എത്തിക്സ് കമ്മിറ്റി അംഗീകാരം നല്‍കിയത്. മനുഷ്യരിലെ ഉത്കണ്ഠാ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് മാജിക് മഷ്‌റൂമുകള്‍ക്ക് സാധിക്കുമോ എന്നതാണ് പഠനം ലക്ഷ്യം വക്കുന്നത്. ക്ലിനിക്കല്‍ സൈക്കഡെലിക് റിസര്‍ച്ച് മേധാവി പോള്‍ ലിക്നൈറ്റ്സ്‌കിയാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്.

സാധാരണ മനോരോഗികളില്‍ മാജിക് മഷ്‌റൂം ഉപയോഗിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദരോഗത്തിനും ഇത് ഫലപ്രദമായ മരുന്നാണെന്നും കണ്ടെത്തിയിരുന്നു. മാജിക് മഷ്‌റൂമില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സൈലോബിന്‍ തലച്ചോറിനെ പുനക്രമീകരിച്ച് വിഷാദ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും എന്നായിരുന്നു വാദം. എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം ആത്മഹത്യാ പ്രവണത, ആക്രമണ സ്വഭാവം പോലുള്ള ഗുരുതമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios