ഒരു ഗിഫ്റ്റ് ഷോപ്പിൽ നിന്നുള്ള ഒരുതരം വസ്തുവായിരിക്കും ഇത് എന്നായിരുന്നു എന്റെ ആദ്യ ചിന്ത. ഫോട്ടോ എടുത്ത് ഫോണിൽ വലുതാക്കി നോക്കിയപ്പോഴാണ് അത് സ്വർണ്ണമാണെന്ന് അറിയുന്നത്.

മധ്യകാലഘട്ടത്തിലേത് എന്ന് കരുതപ്പെടുന്ന ഒരു മിനിയേച്ചർ സ്വർണ്ണ ബൈബിൾ(Medieval Gold Bible) കണ്ടെത്തി. ഒരു മെറ്റൽ ഡിറ്റക്‌ടറിസ്റ്റാണ്(metal detectorist) അത് കണ്ടെത്തിയിരിക്കുന്നത്. ബഫി ബെയ്‌ലി(Buffy Bailey) എന്ന ഈ സ്ത്രീ ഒരു NHS നഴ്‌സ് കൂടിയാണ്. അവൾ തന്റെ ഭർത്താവായ ഇയാനോടൊപ്പം യോർക്കിനടുത്തുള്ള കൃഷിയിടം തിരയുകയായിരുന്നു. അപ്പോഴാണ് ഒരു ഫുട്‌പാത്തിന് സമീപമുള്ള ശക്തമായ സിഗ്നൽ അവളുടെ ഡിറ്റക്ടർ പിടിച്ചെടുത്തത്. രസകരമായ എന്തെങ്കിലും പ്രതീക്ഷിച്ച് അവൾ അഞ്ച് ഇഞ്ച് താഴേക്ക് കുഴിച്ചു. എന്നാല്‍, അവൾ കണ്ടെത്തിയതാവട്ടെ ഒരു ചെറിയ സ്വർണ്ണ ബൈബിളും. 

കേവലം 1.5 സെന്റീമീറ്റർ നീളമുള്ള, ഏകദേശം അഞ്ച് ഗ്രാം ഭാരവും 22 കാരറ്റ് അല്ലെങ്കിൽ 24 കാരറ്റ് സ്വർണ്ണവുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 15 -ാം നൂറ്റാണ്ടിലേതാണ് ഇതെന്നും ഇത് റിച്ചാർഡ് മൂന്നാമൻ രാജാവിന്റെ ബന്ധുവിന്‍റേതാണെന്നും വിശ്വസിക്കപ്പെടുന്നു. റിച്ചാർഡ് മൂന്നാമന്റെ ബാല്യകാല വസതിയായ മിഡിൽഹാം കാസിലിന് സമീപം 40 മൈൽ അകലെ ഒരു മെറ്റൽ ഡിറ്റക്റ്ററിസ്റ്റ് കണ്ടെത്തിയ ഒരു സ്വർണ്ണ പെൻഡന്റായ 'മിഡിൽഹാം ജ്വല്ലുമായി' വിദഗ്ധർ ഇതിനെ ഉപമിക്കുകയും ബന്ധിപ്പിക്കുകയും ചെയ്തു. ഇത് 1992 -ൽ 2.5 മില്യൺ പൗണ്ടിന് വിറ്റു. 

രണ്ട് ഇനങ്ങളും ഒരേ ആൾ തന്നെ കൊത്തിവെച്ചതും ഒരേ ഉടമയ്ക്ക് സമ്മാനിച്ചതും ആയിരിക്കാമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. റിച്ചാർഡ് മൂന്നാമന്റെ ഉടമസ്ഥതയിലുള്ള ഷെരീഫ് ഹട്ടൺ കാസിലിന് സമീപമാണ് സ്വർണ്ണ പുസ്തകം കണ്ടെത്തിയത്.

മിസ്സിസ് ബെയ്‌ലി ഡെയ്‌ലി മെയിലിനോട് പറഞ്ഞു, 'ഞാനും ഭർത്താവും രാജ്യത്തുടനീളം ലോഹം കണ്ടെത്തുന്നു. യോർക്ക് സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു, കാരണം ഇതിന് ഒരുപാട് ചരിത്രമുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. മെറ്റൽ ഡിറ്റക്റ്റിംഗ് വളരെ സൗഹാർദ്ദപരമായ ഒരു ഹോബിയല്ല, ആളുകൾ പലപ്പോഴും സംഭാഷണം ആരംഭിക്കാൻ ശ്രമിക്കും, ഓ, നിങ്ങൾ എന്തെങ്കിലും നല്ലത് കണ്ടെത്തിയോ എന്നൊക്കെ അന്വേഷിക്കും?' 

'ഞാൻ അഞ്ച് ഇഞ്ച് കുഴിച്ചെടുത്തു, ഇത് അവിടെത്തന്നെയുണ്ടായിരുന്നു. ഇത് എന്തെങ്കിലും പ്രത്യേകത നിറഞ്ഞതാണെന്ന് ഞാൻ അപ്പോഴും വിശ്വസിച്ചില്ല. ഒരു പഴയ, എന്തിന്റെയെങ്കിലും ഇയർ ടാഗോ അല്ലെങ്കിൽ ഒരു മോതിരമോ ആയിരിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, കളിമണ്ണ് മാറ്റിയപ്പോൾ അത് കുറച്ച് വ്യത്യസ്തമാണെന്ന് എനിക്ക് മനസ്സിലായി. ഒരു ഗിഫ്റ്റ് ഷോപ്പിൽ നിന്നുള്ള ഒരുതരം വസ്തുവായിരിക്കും ഇത് എന്നായിരുന്നു എന്റെ ആദ്യ ചിന്ത. ഫോട്ടോ എടുത്ത് ഫോണിൽ വലുതാക്കി നോക്കിയപ്പോഴാണ് അത് സ്വർണ്ണമാണെന്ന് അറിയുന്നത്.'

ഈ കുട്ടി സ്വർണബൈബിളിന് 100,000 പൗണ്ടോ(1,00,14,800.00) അതിൽ കൂടുതലോ വില കിട്ടും എന്നാണ് കരുതുന്നത്. ഏതായാലും, ഈ ദമ്പതികളെ അവരുടെ ഭാഗ്യം തേടിയെത്തി എന്ന് വേണം കരുതാന്‍.