ഫിൻലണ്ടിലെ 34 -കാരിയായ  സന്ന മാരിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുന്നു. 16 വയസ്സുമാത്രം പ്രായമുള്ള ഗ്രെറ്റ തുംബർഗ് എന്ന പെൺകുട്ടി ഏറ്റവും പ്രായം കുറഞ്ഞ 'ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ' ആകുന്നു. അതേ, പ്രായം എന്നത് വെറുമൊരു സംഖ്യമാത്രമാണ്. നമ്മുടെ നാട്ടിലുമുണ്ട് ഇതുപോലെ പ്രായക്കുറവിൽ നേടിയ പ്രശംസനീയ നേട്ടത്തിന്റെ ഒരു ഉദാത്തമാതൃക. 

22 വയസ്സ് മാത്രം പ്രായമുള്ള സഫിൻ ഹസൻ എന്ന ഗുജറാത്ത് സ്വദേശിയായ യുവാവ്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി ഇതാ ചാർജ്ജെടുക്കുകയായി. ജാംനഗർ എഎസ്പി ആയി സഫിൻ ഡിസംബർ 23 -ന് ചാർജ്ജെടുക്കുന്നതോടെ ചരിത്രം അദ്ദേഹത്തിന്റെ പേരിൽ തിരുത്തിക്കുറിക്കപ്പെടുകയായി. 
 


 

സമ്പൽ സമൃദ്ധിയുടെ ധാരാളിത്തത്തിനു നടുവിൽ വളർന്നുവന്ന ഒരാളല്ല, മറിച്ച് ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം എതിരിട്ട് അതിൽ വിജയം കണ്ടുകൊണ്ടാണ് സഫിൻ തന്റെ ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് ഈ കൃത്യത്തിന്റെ മഹത്വമേറ്റുന്നത്. സൂറത്തിലെ ഒരു വജ്രനിർമാണ യൂണിറ്റിൽ തൊഴിലാളികളായിരുന്ന സഫിന്റെ പിതാവ് മുസ്തഫ ഹസനും, മാതാവ് നസീം ബാനുവിനും ഒരു സുപ്രഭാതത്തിൽ അവരുടെ ജോലി നഷ്ടപ്പെടുന്നു. മകന്റെ കോളേജ് ഫീസടയ്ക്കാനുള്ള തുക കണ്ടെത്താൻ പോലും അവർ ഏറെ പണിപ്പെട്ടു അക്കാലത്ത്. ചെയ്തുകൊണ്ടിരുന്ന പരമ്പരാഗത തൊഴിൽ കൈമോശം വന്നിട്ടും അതിൽ നിരാശനായില്ല മുസ്തഫ. ഒരു ഇലക്ട്രീഷ്യന്റെ വേക്കൻസി വന്നപ്പോൾ അദ്ദേഹം അത് രണ്ടു കയ്യും നീട്ടിപ്പിടിച്ചു. നസീം ബാനു ഹോട്ടലുകൾക്കുംവിവാഹങ്ങൾക്കും ചപ്പാത്തി പരത്തി നൽകി കുടുംബം പോറ്റാൻ ശ്രമിച്ചു. അതിനും പുറമെ വൈകുന്നേരങ്ങളിൽ ചായയും ഓംലെറ്റും വിറ്റും അധികവരുമാനം കണ്ടെത്തി. 
 


 

അങ്ങനെ, സാമ്പത്തികമായി ഏറെ പരാധീനതകൾ അനുഭവിച്ചുകൊണ്ടിരുന്ന ഒരു കുടുംബത്തിൽ വളർന്നുവന്ന കുട്ടിയായിരുന്നിട്ടും, സഫിൻ ഒരു കാര്യത്തിൽ അനുഗൃഹീതനായിരുന്നു. അത് അവന് ജന്മനാൽ സിദ്ധിച്ചിരുന്ന തെളിഞ്ഞ ബുദ്ധിയായിരുന്നു. ഒരിക്കൽ അവന്റെ ഗ്രാമത്തിൽ ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ജില്ലാ കളക്ടർ നേരിട്ടെത്തി. അദ്ദേഹം അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്തു. നിമിഷനേരം കൊണ്ട് അദ്ദേഹം ഗ്രാമവാസികളെ കയ്യിലെടുത്തു. ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരസ്ഥാനത്തുള്ള ആ ബ്യൂറോക്രാറ്റിനെ നാട്ടുകാർ ഒന്നടങ്കം തികഞ്ഞ ആരാധനയോടെ വീക്ഷിക്കുന്നത് കണ്ടപ്പോൾ സഫിനും ഒരു കാര്യം മനസ്സിലുറപ്പിച്ചു. പറ്റുമെങ്കിൽ ഒരു കളക്ടർ തന്നെ ആകണം. നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം. 
 


അവന് ഉറക്കമിളച്ച്‌ തന്നെ പഠിച്ചു. കണക്കിലുണ്ടായിരുന്ന താത്പര്യം അവനെ ആദ്യമെത്തിച്ചത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എഞ്ചിനീയറിങ് പഠനത്തിലാണ്. അത് പൂർത്തിയാക്കിയ ശേഷമായിരുന്നു സിവിൽ സർവീസിനുള്ള തയ്യാറെടുപ്പ്. ഒടുവിൽ ഫലം വന്നപ്പോൾ സഫിന്റെ റാങ്ക് അഖിലേന്ത്യാ തലത്തിൽ 570 ആയിരുന്നു. ആ റാങ്കിന് കിട്ടിയത് ഐപിഎസ് ആയിരുന്നു. ഹൈദരാബാദിൽ പരിശീലനം പൂർത്തിയാക്കി അദ്ദേഹം ഇതാ ചാർജ്ജെടുക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും ഏതാണ്ട് ഒരു ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള സഫിൻ സിവിൽ സർവീസ് രംഗത്ത് നേട്ടങ്ങൾ കൊയ്യാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ യുവത്വങ്ങൾക്കുമുന്നിൽ പ്രതീക്ഷയുടെ തിരിനാളമായി ഇന്ന് വെളിച്ചം പകർന്നു നിൽക്കുകയാണ്.