കഴിഞ്ഞ ഇരുപതു വർഷത്തോളമായി വികാസ് മാൻഹാസ് എന്ന ഈ  ചെറുപ്പക്കാരൻ നിരന്തരം യാത്രകളിലാണ്. വർഷത്തിൽ പതിനൊന്നുമാസവും യാത്രകൾ തന്നെ.  മെട്രോകളിലും, മറ്റു നഗരങ്ങളിലും, ചെറുപട്ടണങ്ങളിലും, ഗ്രാമഗ്രാമാന്തരങ്ങളിലും ഒക്കെയുള്ള വീടുകളിലേക്കാണ് വികാസിന്റെ ഈ യാത്രകൾ. ഇതൊന്നും വിനോദയാത്രകളല്ല. കഴിഞ്ഞ ഇരുപതു വർഷങ്ങളായി അദ്ദേഹം ചെന്ന് കണ്ടുപോരുന്നത് സൈനിക സേവനത്തിനിടെ വീരമൃത്യുവരിച്ച ധീരജവാന്മാരുടെ കുടുംബങ്ങളെയാണ്. ആഡംബരയാത്രയുടേതല്ല, മറിച്ച് ഒരു തീർത്ഥയാത്രയുടെ പരിവേഷമാണ് ഈ യാത്രകൾക്ക് എന്നും.. 

ഈ യാത്രകളെ വികാസ് എന്ന ചെറുപ്പക്കാരൻ തന്റെ ജീവിത നിയോഗമാക്കിയതിനു പിന്നിൽ, കഴിഞ്ഞ ഇരുപതു വർഷം കൊണ്ട് ഇരുനൂറിലധികം കുടുംബങ്ങളെ ചെന്ന് കണ്ടതിന് പിന്നിൽ ഹൃദയസ്പർശിയായ ഒരു അനുഭവകഥയുണ്ട്.

സംഭവം നടക്കുന്നത് 1994-ലാണ്. ഒരു വേനലവധിക്കാലം. വികാസ് തന്റെ നാടായ ജമ്മുവിലെ ബദർവായിൽ ഒരു ബന്ധുവിന്റെ കല്യാണം കൂടാനായി ചെന്നിരിക്കുകയാണ്. രാത്രി, അത്താഴത്തിനു മുമ്പ് ഒന്ന് നടന്നിട്ടുവരാം എന്ന് കരുതി വികാസ്. സന്ധ്യകഴിഞ്ഞാൽ ആ പ്രദേശത്ത് കർഫ്യൂ ഉണ്ടെന്ന് അയാൾക്ക് അറിയില്ലായിരുന്നു. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴേക്കും കണ്ണഞ്ചിക്കുന്ന ഒരു സെർച്ച് ലൈറ്റ്. " ഹാൾട്ട്.." എന്നൊരു ഗർജ്ജനവും. ഭയം അയാളെ ആവേശിച്ചെങ്കിലും, സകല ധൈര്യവും സംഭരിച്ചുകൊണ്ട് അയാൾ തിരിഞ്ഞോടി. ആ ബന്ധുവീടിന്റെ  വാതിൽ തള്ളിത്തുറന്ന് അകത്തുകേറി, വാതിലടച്ചു കുറ്റിയിട്ടു. എന്നിട്ട്, ഒന്നും സംഭവിച്ചിട്ടില്ലെന്ന് മട്ടിൽ അകത്തു ചെന്ന് കുടുംബാംഗങ്ങൾക്കൊപ്പം ഇരുന്നു. 

ഒക്കെ കഴിഞ്ഞെന്നു കരുതി ഒന്ന് നെടുവീർപ്പിട്ടതും പുറത്ത് പട്ടാളക്കാരുടെ ഒരു സെർച്ച് ടീം വന്നു വാതിലിൽ മുട്ടി. 

" ഈ വീടിനകത്തേക്ക് ഭീകരവാദികളിൽ ഒരാൾ പാഞ്ഞുകേറുന്നത് ഞങ്ങൾ കണ്ടു.." അവർ പുറത്തുനിന്നും പറഞ്ഞു.. 

ഗൃഹനാഥൻ ഞെട്ടിപ്പോയി. അങ്ങനെ ആരും വന്നില്ല എന്ന് അദ്ദേഹം നിഷേധിച്ചു. അപ്പോഴേക്കും എവിടെ നിന്നെന്നറിയാത്ത ഒരു ധൈര്യം വികാസിന് വീണ്ടും കൈവന്നു. അയാൾ പട്ടാളക്കാരോട് അത് താൻ തന്നെ ആയിരുന്നു എന്ന വിവരം തുറന്നു പറഞ്ഞു. " നിങ്ങൾക്ക് ഒടുക്കത്തെ ഭാഗ്യമുണ്ട് മനുഷ്യാ.." എന്നായി അവർ. 

" നിങ്ങൾ ഈ വീടിനുള്ളിലേക്ക് പാഞ്ഞുകേറും എന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നത് കൊണ്ട്, നിങ്ങളെ ജീവനോടെ പിടികൂടാം എന്ന് ഞങ്ങളുറപ്പിച്ചിരുന്നതുകൊണ്ടു മാത്രമാണ്, നിങ്ങൾക്കു നേരെ ഞങ്ങൾ വെടിയുതിർക്കാതിരുന്നത്, ഇപ്പോഴും നിങ്ങൾ ജീവനോടിരിക്കുന്നത്. 

അടുത്ത പകൽ വിവാഹം നടന്നു. എല്ലാം കഴിഞ്ഞപ്പോൾ, തലേന്നത്തെപ്പോലെ നടക്കാൻ പോവാനുള്ള ധൈര്യമൊന്നും വികാസിനുണ്ടായിരുന്നില്ല. നേരെ വന്നു വീട്ടിനുള്ളിൽ കേറിയിരുന്നു. പുറത്തെ ഇരുട്ട് കനത്തു തുടങ്ങിയപ്പോൾ താഴ്‌വരയിൽ എവിടെനിന്നോ ഒരു വെടിയൊച്ച മുഴങ്ങി. പിന്നെ തുരുതുരാ വെടിയുണ്ടകൾ പായുന്ന ഒച്ച തന്നെ. പേടിച്ച് വികാസ് കാതുപൊത്തിക്കിടന്ന് നേരം വെളുപ്പിക്കാൻ ശ്രമിച്ചു. പുലർച്ചെ അഞ്ചുമണി വരെ വെടിയൊച്ചകൾ ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്നു. 

രാവിലെയായപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. തൊട്ടടുത്ത് ഒരിടത്ത് ഒരു എൻകൗണ്ടർ നടക്കുന്നുണ്ടായിരുന്നു. പിക്കറ്റിനു നേരെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദികളും  അവിടെ അപ്പോഴുണ്ടായിരുന്ന ജവാന്മാരും തമ്മിൽ  പൊരിഞ്ഞ വെടിവെപ്പ് നടന്നിരിക്കുന്നു.  പിക്കറ്റിൽ ഉണ്ടായിരുന്ന എട്ടുജവാന്മാരിൽ ഏഴുപേരും വെടിയേറ്റു മരിച്ചു. അവശേഷിച്ചിരുന്ന ഒരാൾ, പുലരും വരെ വെടിയുതിർത്തുകൊണ്ട്, തീവ്രവാദികളെ പിക്കറ്റിനകത്തേക്ക് കയറാൻ അനുവദിക്കാതെ ചെറുത്ത് നിന്നുവത്രെ. 

അന്നത്തെ പ്രോട്ടോക്കോൾ പ്രകാരം, മരണപ്പെട്ട സൈനികരുടെ മൃതശരീരങ്ങൾ അവരുടെ വീടുകളിലേക്ക് അയച്ചില്ല സൈന്യം. യുദ്ധഭൂമിയിൽ തന്നെ അന്തിമ കർമ്മങ്ങൾ നടത്തി, ഒരു പിടി ചിതാ ഭസ്മം മാത്രം, ഒരു തൂവാലയിൽ പൊതിഞ്ഞ്, മടക്കുകിടക്കയോടും ട്രങ്കുപെട്ടിയോടുമൊപ്പം അതാത് ജവാന്മാരുടെ വീടുകളിലേക്ക് കൊടുത്തുവിട്ട സേന അന്ന്. 

ഈ വിവരമറിഞ്ഞ് വികാസ് ആകെ അസ്വസ്ഥനായി. രാജ്യത്തെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സ്വന്തം മക്കളുടെ, ഭർത്താക്കന്മാരുടെ, സഹോദരങ്ങളുടെ ഒക്കെ മുഖം അവസാനമായി ഒന്ന് കാണാനുള്ള അവകാശം പോലും അവരുടെ ആത്മബന്ധുക്കൾക്ക് നിഷേധിച്ചു എന്ന് കേട്ടപ്പോൾ അയാളുടെ മനസ്സുരുകി. അന്ത്യ കർമങ്ങളുടെ ചിത്രങ്ങൾ സൈനികർ എടുത്ത് കുടുംബങ്ങൾക്ക് അയച്ചുകൊടുക്കുകയായിരുന്നു അന്ന് ചെയ്‌തത്‌. അവിടെ ആ താഴ്‌വരയിൽ, പോരാട്ടത്തിൽ മരിച്ച സൈനികരുടെ ശരീരങ്ങൾ ചിതയിൽ എരിഞ്ഞു തീരുന്നത് കണ്ടുനിന്നപ്പോൾ ഒടുവിൽ പൊട്ടിക്കരഞ്ഞുപോയി വികാസ് എന്ന ആ യുവാവ്. 

ഇരുപതു കൊല്ലം മുമ്പത്തെ കാര്യമാണ് എന്നോർക്കണം. അന്ന് വിവരങ്ങൾ അറിയിക്കാനുള്ള സൗകര്യങ്ങൾ വളരെ കുറവായിരുന്നു. പത്രങ്ങളിൽ ഈ ഏറ്റുമുട്ടലിന്റെയും വീരമൃത്യുവിന്റേയും ഒക്കെ വിവരങ്ങൾ അച്ചടിച്ച് വന്നുവെങ്കിലും, ഓരോ സൈനികന്റെയും ഗ്രാമങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും അതിലുണ്ടായിരുന്നില്ല. ആ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരണം  എന്ന് വികാസ് ആഗ്രഹിച്ചെങ്കിലും അന്ന് അതൊന്നും നടന്നില്ല. 

1999-ലെ കാർഗിൽ യുദ്ധത്തിന് ശേഷമാണ് മാധ്യമങ്ങൾ ഓരോ രക്തസാക്ഷിത്വവും ഇന്നത്തെപ്പോലെ വിശദമായി കവർ ചെയ്യാൻ തുടങ്ങുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ച രക്തസാക്ഷികളുടെ അന്ത്യ കർമങ്ങളുടെ ലൈവ് ടെലികാസ്റ്റ് വരെ സാധ്യമാക്കിയിട്ടുണ്ട് ഇന്ന്. കാർഗിൽ യുദ്ധത്തിൽ വീരചരമമടഞ്ഞവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പബ്ലിക്  ഡൊമൈനിൽ ലഭ്യമാക്കപ്പെട്ടു. അതോടെ വികാസ് തന്റെ പഴയ ആഗ്രഹം വീണ്ടും പൊടിതട്ടിയെടുത്തു. 

അന്ന് ആ വിവരങ്ങളും ശേഖരിച്ച്, തുടക്കമിട്ട യാത്രകൾ വികാസ് കഴിഞ്ഞ ഇരുപതു വർഷമായി തുടരുന്നു. ആദ്യം അയാൾ സന്ദർശിച്ചത് പത്തൊമ്പതാമത്തെ വയസ്സിൽ വീരമൃത്യു വരിച്ച ഗ്രനേഡിയർ ഉദയമാൻ സിങ്ങ് എന്ന ഭടന്റെ വീടായിരുന്നു. 18  ഗ്രനേഡിയർ യൂണിറ്റിലെ വീരജവാനായിരുന്നു അയാൾ. കാർഗിളിലെ  ടൈഗർ ഹില്ലിലെ നടന്ന പോരാട്ടത്തിൽ  1999  ജൂലൈ 5 -ന് ഉദയമാൻ സിങ്ങ് വെടിയേറ്റു മരിക്കുകയായിരുന്നു. അയാളുടെ വീട് സ്ഥിതിചെയ്തിരുന്ന ഷമാചക്, വികസിന്റെ വീട്ടിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെയായിരുന്നു. 

പെട്ടെന്ന് തോന്നിയ ഒരു ഉൾവിളിപ്പുറത്താണ് വികാസ് ഉദയമാന്റെ വീട്ടിലേക്ക് കേറിചെന്നത്. പോവുന്ന വഴിക്ക് അയാളുടെ ഉള്ളിൽ പലവിധം ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരുന്നു. " അവിടെച്ചെന്ന് അവരെ  കണ്ടാൽ ഞാൻ എന്താണ് ചോദിക്കുക..? അവർ എങ്ങനെ എന്നോട് പ്രതികരിക്കും.?  " അങ്ങനെ പല ആശങ്കകളും. സ്നേഹിതരിൽ ചിലരെ കൂട്ടിനു വിളിച്ചു നോക്കി. അവരൊക്കെ ഒഴിഞ്ഞുമാറി.. ഒടുവിൽ, ഒരു പോക്കങ്ങു പോയതായിരുന്നു. 

സിങ്ങിന്റെ വീട്ടിൽ ചെന്ന്. വാതിൽക്കൽ മുട്ടി. ഒരു പെൺകുട്ടിയാണ് വന്നു വാതിൽ തുറന്നത്. " ആരാ..? എന്താ..? " എന്ന് ചോദ്യം. 
" ഞാൻ വന്നത് ഉദയമാന്റെ അമ്മയെ കാണാനാണ്.. " എന്ന് വികാസ് മറുപടി പറഞ്ഞു. 

അവർ അകത്തേക്ക് വരാൻ പറഞ്ഞു. ചുവരിൽ ഉദയമാന്റെ ഹ്രസ്വമായ ജീവിതയാത്രയിൽ ചില ഏടുകൾ, ചില്ലിട്ടുതൂക്കിയിരിക്കുന്നു. 

രണ്ടു നിമിഷം കഴിഞ്ഞപ്പോൾ 'അമ്മ അകത്തു നിന്നും കടന്നുവന്നു. തൊട്ടുമുന്നിൽ അവർ നിലത്തേക്കും കണ്ണ് നട്ടുകൊണ്ട് ഇരുന്നു. ഒരു മണിക്കൂർ നീണ്ടു നിന്ന മൗനം. ഒരു വാക്കുപോലും അവർ തമ്മിൽ ഉരിയാടുകയുണ്ടായില്ല. എന്നാലും, ആ നിശബ്ദത ഒട്ടും കഠിനമായിരുന്നില്ല.  ആ 'അമ്മ തന്റെ മകന്റെ മരണം തന്ന തീരാസങ്കടത്തിൽ ആണ്ടിരിക്കുകയായിരുന്നു. 

ഒരു മണിക്കൂർ കഴിഞ്ഞാണ്, വന്നു കേറിയ അതിഥിയ്ക്ക് ചായ വേണോ എന്ന് ചോദിക്കാൻ പോലും അവർക്കാവുന്നത്. അവർ അയാൾക്ക് ചായ പകർന്നു നൽകി. എന്നിട്ട് ആ സ്വീകരണമുറിയിലെ ഓരോ ഫ്രയിമിട്ട ചിത്രത്തിലുമുള്ള തന്റെ മകന്റെ ജീവിതസന്ദർഭങ്ങൾ ആ അപരിചിതനായ അതിഥിക്ക് അവർ വിവരിച്ചു. അവസാനത്തെ ചിത്രം, ആ പത്തൊമ്പതുകാരൻ ആ വീട്ടിലെ കയറ്റുകട്ടിലിൽ സ്വന്തം അമ്മയുടെ മടിയിൽ ഇരിക്കുന്നതായിരുന്നു. അവരൊന്നിച്ചുള്ള അവസാനത്തെ ചിത്രവും അതായിരുന്നു. അതെടുത്ത്, പെട്ടിയും തൂക്കി പോയ മകൻ ആ അമ്മയെക്കാണാൻ പിന്നീടൊരിക്കലും തിരികെവന്നില്ല. അതുപറഞ്ഞപ്പോൾ  ആ അമ്മ വിതുമ്പി, ഒച്ചയുണ്ടാക്കാതെ കരഞ്ഞു. 

'ഗ്രനേഡിയർ ഉദയമാൻ സിങ്ങും അമ്മയും ഒത്തുള്ള അവസാന ചിത്രം' 

ഊണുകഴിച്ചിട്ടു പോയാൽ മതി എന്ന് അവർ വികാസിനെ നിർബന്ധിച്ചു. താൻ ഉദയമാന്റെ സഹപ്രവർത്തകനോ, സുഹൃത്തോ, പരിചയക്കാരൻ പോലുമോ അല്ല എന്ന സത്യം അപ്പോൾ വികാസ് അവരോട് പറഞ്ഞു. അതുകേട്ട് അമ്പരന്നു നിന്ന അവരോട് അയാൾ പറഞ്ഞു, " ഞാൻ ഉദയമാൻ സിങ്ങ് എന്ന ധീരജവാന്റെ അമ്മയെ, കുടുംബത്തെ കണ്ട് ഒന്ന് നന്ദി പറയാൻ വന്നതാണ്.." 

യാത്ര പറഞ്ഞിറങ്ങിയപ്പോൾ, ആ അമ്മ അയാളോട് വീണ്ടും വരണം എന്ന് പറഞ്ഞു. തീർച്ചയായും ചെല്ലാം എന്നയാൾ അവർക്ക് വാക്കും കൊടുത്തു. വികാസ് കഴിഞ്ഞ ഇരുപതു വർഷത്തിനിടെ പിന്നെയും പലകുറി ആ വീട്ടിൽ ചെന്നു. അന്നത്തെ ആ ആദ്യയാത്ര, പല ദേശങ്ങളിലേക്കുള്ള, ഒരിക്കലും അവസാനിക്കാത്ത പല യാത്രകളുടെയും തുടക്കമായിരുന്നു വികാസിന്. 

ഇങ്ങനെ യാത്ര ചെയ്യാനുള്ള പണം..? 

ബെംഗളൂരു ആസ്ഥാനമായ ക്രോസ്സ് സ്ട്രീം കൺസൾട്ടിങ് എന്ന് പേരായ ഒരു നോളജ് റിസോഴ്‌സ് കമ്പനിയിൽ ആയിരുന്നു അയാൾ 2007 തൊട്ട് 2011  വരെ. ജോലിയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ അയാൾ പല രക്തസാക്ഷികളുടെയും  ഭവനങ്ങൾ സന്ദർശിച്ചു. 2011-ൽ വികാസ് തലാബ് ടില്ലോ എന്ന പേരിൽ സ്വന്തമായി ഒരു ട്രാവൽ കമ്പനി തുടങ്ങി. പിന്നെ യാത്രകൾ കൂടുതൽ എളുപ്പമായി. 

'പൂഞ്ചിൽ വെച്ച് തീവ്രവാദികളോടെതിരിട്ട് വീരചരമമടഞ്ഞ മേജർ ജെയിംസ് തോമസിന്റെ വീട്ടിൽ' 

തന്റെ നാല്പത്തിരണ്ടാമത്തെ പിറന്നാൾ ദിവസം വികാസ് ഒരു നീലയും വെള്ളയും കുർത്ത-പൈജാമയായിരുന്നു ധരിച്ചിരുന്നത്. അത് വികാസിനെ സംബന്ധിച്ചിടത്തോളം അമൂല്യസ്വത്തായിരുന്നു. അത് ജമ്മുവിലെ നഗ്രോട്ടയിൽ വെച്ച് 2016  നവംബർ 29 -ന് നടന്ന പോരാട്ടത്തിൽ വീരചരമമടഞ്ഞ മേജർ അക്ഷയ് ഗിരീഷിന്റേതായിരുന്നു. 

മേജറുടെ കുടുംബം വികാസിന് സമ്മാനിച്ചതായിരുന്നു അത്. ഡിസംബറിൽ ഒരു വിവാഹചടങ്ങിൽ പോവാൻ വേണ്ടി വാങ്ങിയതായിരുന്നു ആ കുർത്തയും പൈജാമയും അക്ഷയ്. അച്ഛൻ വിങ്ങ് കമാണ്ടർ ഗിരീഷ് കുമാറും, അമ്മ മേഘ്നയും മേജറിന്റെ ഭാര്യ സംഗീതയും ആ വസ്ത്രങ്ങൾ വികാസിന് സമ്മാനിച്ചതാണ്. 

'മേജർ അക്ഷയ് ഗിരീഷിൻറെ അമ്മ മേഘ്‌നയുമൊത്ത് , വികാസ്'

യാത്രയ്ക്കായി സ്റ്റേറ്റ് ബസുകളെയും ട്രെയിനുകളുടെ ജനറൽ കമ്പാർട്ടുമെന്റുകളെയുമാണ് വികാസ് ആശ്രയിക്കുക. താമസം ചെല്ലുന്ന കുടുംബങ്ങളിലും. അതുകൊണ്ട് വലിയ ചെലവുകളൊന്നുമില്ല. അങ്ങനെ ചെല്ലുന്ന കുടുംബങ്ങളിലെ രക്തസാക്ഷികളുടെ അമ്മമാരോടും സഹോദരീ സഹോദരന്മാരോടും  മക്കളോടും ഒക്കെ ചേർന്ന് വികാസ് ചിത്രങ്ങൾ പകർത്തും. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ ധീരജവാന്മാരുടെ വിശേഷങ്ങൾ ലോകത്തോട് പങ്കുവെക്കും. 

മരിച്ച് ആദ്യത്തെ അഞ്ചാറുമാസത്തേക്ക് വീടുകളിൽ പോവാൻ മടിക്കും വികാസ്. ഈ കാലയളവിൽ നാട്ടിൽ എല്ലാവരും ഇടയ്ക്കിടെ ചെന്ന് കാണുമല്ലോ അവരെ. ആ വരവുകളൊക്കെ മുടങ്ങും കുറെ കഴിയുമ്പോൾ. മാസങ്ങൾ കഴിയുമ്പോൾ അവരുടെ ത്യാഗം എല്ലാവരും മറന്നുതുടങ്ങും. അപ്പോഴാണ് വികാസ് തന്റെ നിയോഗവുമായി അവരെ തേടിച്ചെല്ലുന്നത്. അവരുടെ മകന്റെ, ചേട്ടന്റെ, ഭർത്താവിന്റെ ധീരതയും, പിറന്ന മണ്ണിനു വേണ്ടി ചെയ്ത ത്യാഗവും ഒന്നും ആരും മറന്നിട്ടില്ല എന്ന് അവരോട് തുറന്നു പറയാൻ. 

നേരെ ആ വീടിനു നഷ്ടമായ ആളെപ്പറ്റി ഒരിക്കലും പറഞ്ഞു തുടങ്ങില്ല വികാസ്. ഇതേപോലെ തൻ സന്ദർശിച്ച മറ്റുള്ള വീടുകളെപ്പറ്റി പറയും. അതോടെ അവരുടെ സങ്കടം ഒന്ന് അയഞ്ഞു തുടങ്ങും. അപ്പോൾ അവർ സ്വന്തം സങ്കടങ്ങൾ, വേദനകൾ എല്ലാം തിരിച്ചു വികാസിനോടും പങ്കുവെക്കും. 

" സ്വന്തം നാടിനു വേണ്ടി സ്വജീവൻ ത്യജിച്ച ഈ ധീര യോദ്ധാക്കളുടെ  വിവരങ്ങൾ അടങ്ങിയ ഒരു ഗാലറിയാണ് വികാര സ്വപ്നം. നമ്മുടെ വീടുകളിൽ നമ്മൾ സുരക്ഷിതരായി അന്തിയുറങ്ങുമ്പോൾ ആരും അത് വന്നിടിച്ചു തള്ളാത്തത്, ബോംബിട്ടുതകർക്കാത്തത് അതൊക്കെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ സൈനികർ അതിർത്തി കാക്കുന്നതുകൊണ്ടാണ്. ഏറ്റവും മുന്തിയ വിദ്യാഭ്യാസം ആർജിച്ചിരുന്നിട്ടും, ഏറെ മിടുക്കരായിരുന്നിട്ടും, എയർ കണ്ടീഷൻഡ് മുറികളുടെ തണുപ്പിൽ ഇത്രയ്ക്ക് ജീവന് ആപത്തില്ലാത്ത ജോലികൾ കിട്ടുമായിരുന്നിട്ടും അവർ അതിർത്തിയിൽ വന്നു പോരാടുന്നത് സ്വന്തം ദേശത്തോടുള്ള സ്നേഹം കൊണ്ടാണ്. അവർക്കോ അവരുടെ കുടുംബങ്ങൾക്കോ, ജീവനോടെ ഉള്ളപ്പോഴോ, മരിച്ചു കഴിഞ്ഞാലോ നിങ്ങളുടെ ആരുടെയും സാമ്പത്തിക സഹായം ആവശ്യമില്ല. അത് നൽകാൻ ഇന്നെന്തായാലും ഇവിടെ സർക്കാർ സംവിധാങ്ങളും, സൈനിക കേന്ദ്രങ്ങളുമുണ്ട്. തന്റെ മകന്റെ ജീവൻ പൊലിഞ്ഞത് വെറുതെയായിരുന്നല്ലോ എന്ന് ഒരമ്മയ്ക്കും തോന്നരുത്. ഒരു വിധവയ്ക്കും ആ തോന്നലുണ്ടാവരുത്. അച്ഛനില്ലാതെ പോയ മക്കൾക്ക് അങ്ങനെ തോന്നരുത്. അവർക്ക് വൈകാരികമായ പിന്തുണ നൽകാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്..." വികാസ് പറയുന്നു. 

വികാസ് നടത്തുന്ന ഈ യാത്രകൾ നിങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചുവെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തോട് നേരിട്ട് അതറിയിക്കാം. അദ്ദേഹത്തിന്റെ ഈമെയിൽ വിലാസം : manhasvikas41@gmail.com.

കടപ്പാട് : ദി ബെറ്റർ ഇന്ത്യ