ബിജെപിയുടെ ഓഫീസുകളിലോ, റാലികളിലോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പമോ, അമിത് ഷായ്‌ക്കൊപ്പമോ ഒന്നും നിങ്ങൾ ഈ പയ്യനെ കണ്ടിട്ടുണ്ടാവില്ല. സത്യം പറഞ്ഞാൽ ക്യാമറയ്ക്ക് മുന്നിലേക്ക് ഒരിക്കൽ പോലും പരീഖ് വന്നിട്ടില്ല. ബംഗാളിൽ ബിജെപി വെന്നിക്കൊടി പാറിച്ചതിനു ശേഷവും, അണിയറയിൽ തന്നെ തുടരാനാണ് പരീഖിനു പ്രിയം. 

കൽക്കത്താ നോർത്തിൽ തന്റെ 4BHK ഫ്ലാറ്റിനുള്ളിലിരുന്ന് ഇന്നും പരീഖ് എന്ന യുവ ടെക്കി  തന്റെ ലാപ്ടോപ്പിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുകയാണ്. കുറച്ചു കഴിഞ്ഞാൽ പരീഖിന് ഒരു വിദേശ ഐടി പ്രോജക്റ്റ് സംബന്ധിച്ചുള്ള ഒരു കോൺഫറൻസ് വീഡിയോ കോളിൽ പങ്കെടുക്കണം. അത്രമാത്രം. വേറെ ഒരു വിജയാഘോഷത്തിരക്കുകളിലും പങ്കുചേരാൻ താല്പര്യമില്ല നമ്മുടെ പയ്യന്.

എന്നാൽ പയ്യൻ ചില്ലറക്കാരനല്ല കേട്ടോ..! വേണ്ടത്ര പരിചയമില്ല എന്ന് തോന്നുന്നു..? രാവണനാണ് രാവണൻ. പത്തു തലയാണ്. കോൺഗ്രസിന്റെ അഞ്ചിരട്ടി ഓൺലൈൻ ട്രാഫിക് ബിജെപിക്ക് സമ്മാനിച്ച ബുദ്ധി ഈ കൽക്കട്ടക്കാരൻ ടെക്കിയുടേതാണ്. എന്നാൽ അതിന്റെ യാതൊരു തലക്കനവും പയ്യനില്ല. 

"പിന്നണിയിൽ നിശ്ശബ്ദനായിരുന്നുകൊണ്ട്, സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തി ജനങ്ങളിലേക്ക് നരേന്ദ്ര മോദിയുടെ സന്ദേശം എത്തിക്കുക എന്നതായിരുന്നു എന്റെ നിയോഗം ", പരീഖ് പറയുന്നു.  ഈ തെരഞ്ഞെടുപ്പ് ഒരു വാട്ട്സാപ്പ് നിയന്ത്രിത തെരഞ്ഞെടുപ്പായിരുന്നു എന്നാണ് പരീഖിന്റെ അഭിപ്രായം.  മോദിയുടെ സന്ദേശങ്ങൾ വാട്ട്സ്ആപ്പ് വഴി ജനങ്ങളിലേക്ക് വളരെ ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞതാണ് തന്റെ വിജയമെന്ന് ബംഗാളിലെ ബിജെപിയുടെ സോഷ്യൽ മീഡിയ സെൽ കൺവീനറായ ഉജ്ജ്വൽ പരീഖ് എന്ന ഈ ചെറുപ്പക്കാരൻ സവിനയം പറയുന്നു.

ഈ മുപ്പത്തൊമ്പതുകാരൻ കൽക്കട്ടാ ബോയ് ഒരു ഐടി പ്രൊഫഷണലാണ്. ഒരു ടെക്ക് കമ്പനിയിൽ ആറക്കശമ്പളം പറ്റിക്കൊണ്ടിരുന്ന മിടുക്കൻ. ലണ്ടനിൽ വളരെ നല്ലൊരു ജോലി ചെയ്തുകൊണ്ടിരുന്ന പയ്യൻ അതും കളഞ്ഞു കൊണ്ട്, 2018 ഫെബ്രുവരിയിൽ മോദിയുടെ സോഷ്യൽ മീഡിയ സെൽ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി നാട്ടിലേക്ക് പറന്നപ്പോൾ എല്ലാവരും കളിയാക്കി. 'ഹിസ്റ്ററിക്കൽ ബ്ലണ്ടർ' എന്ന് സഹപ്രവർത്തകർ അവനെ എരികേറ്റി. പക്ഷേ, അവന്റെ ലക്ഷ്യങ്ങൾ വളരെ തെളിവുറ്റതായിരുന്നു. 

മുരളീധര സെൻ പാർക്കിലുള്ള ബിജെപിയുടെ  ഓഫീസിലെ തിരക്കിൽ  നിന്നൊക്കെ മാറി സ്വഭൂമിയ്ക്കടുത്തുള്ള ഒരു നാലുമുറി ഫ്ലാറ്റിനുള്ളിൽ  സമാധാനമായിരുന്നു കൊണ്ട്, ഉജ്ജ്വൽ പരീഖും ടീമും സോഷ്യൽ മീഡിയയെ പാർട്ടിയുടെ ഗുണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നതിൽ ഗവേഷണങ്ങൾ നടത്തി. സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങുന്നതിനു മുമ്പുതന്നെ, അവർ എല്ലാ മണ്ഡലങ്ങളെപ്പറ്റിയും വേണ്ട വിവരങ്ങളെല്ലാം തന്നെ ശേഖരിച്ചു. 

" ഡാറ്റാ അനാലിറ്റിക്സിന്റെ സാദ്ധ്യതകൾ കൃത്യമായി പ്രയോജനപ്പെടുത്തിയതാണ് ഞങ്ങളുടെ ടീമിന്റെ വിജയമെന്ന് വേണമെങ്കിൽ പറയാം. " പരീഖ് സമ്മതിച്ചു. ഡാറ്റാ അനലിറ്റിക്‌സ് തന്നെയായിരുന്നു  തന്റെ പഴയ കമ്പനിയിലും അദ്ദേഹത്തിന്റെ  പ്രവർത്തനമേഖല. 

ബംഗാളിൽ മാത്രം ബിജെപിയ്ക്ക് 50,000 വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. അതാണ് ഇത്തവണ ബംഗാളിലെ കളികൾ മാറ്റിമറിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10,000 ബിജെപി പ്രവർത്തകരെ   കൃത്യമായി തന്റെ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തിക്കൊണ്ട് 'BJP4BENGAL' എന്ന ഫേസ്‌ബുക്ക് ഐഡി വഴി പരീഖ് ബന്ധപ്പെട്ടത് 2 കോടി ബംഗാളി വോട്ടര്മാരെയാണ്. ട്വിറ്ററിലും അതേ പേരിലുള്ള ഹാൻഡിൽ ഉപയോഗിച്ച് 40 ലക്ഷത്തോളം വോട്ടർമാരുമായി സമ്പർക്കം പുലർത്തി. അതിനു പുറമെ ShareChat എന്ന മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴിയും ഏകദേശം 20  ലക്ഷം പേരുമായി ബന്ധപ്പെട്ടു. 

ഈ സമ്പർക്കങ്ങളിലൂടെ മോദിയ്ക്കും ബിജെപിക്കും ഗുണം ചെയ്യുന്ന രീതിയിലുള്ള കണ്ടന്റ് : അതിനി 'ജയ് ശ്രീറാം' മീമുകളോട് മമത  കോപിഷ്ഠയായി പ്രതികരിക്കുന്നതായാലും, മമതയുടെ പ്രതിപ്രകാരണങ്ങൾ ഉപയോഗിച്ചുള്ള ട്രോളുകളായാലും - പരീഖും സംഘവും അതൊക്കെ കൃത്യമായി ജനങ്ങൾ കാണുന്നുണ്ട് എന്നുറപ്പുവരുത്തി.  ബിജെപിയുടെ ഐടി വാറിയർ സംഘത്തെ തന്റെ ആശയങ്ങൾ പരിചയപ്പെടുത്താൻ ഉജ്ജ്വൽ പരീഖ്‌ ബംഗാളിൽ മുഴുവൻ ഓടി നടന്ന് സംഘടിപ്പിച്ചത് 80  വർക്ക് ഷോപ്പുകളാണ്. 

" സോഷ്യൽ മീഡിയയിൽ കൊടുത്ത കണ്ടന്റ് മൊത്തം ബംഗാളിയിൽ മാത്രമായിരുന്നു. ഗ്രാസ് റൂട്ട് ലെവലിൽ സാധാരണ വോട്ടർമാരോട് സംവദിക്കാൻ അത് ആവശ്യമായിരുന്നു. ഞാൻ ജന്മം കൊണ്ടൊരു രാജസ്ഥാനി ആണെങ്കിലും, ഹൃദയം കൊണ്ട് ഒരു ബംഗാളി ആണ്.."  പരീഖ് പറഞ്ഞു.   തന്റെ ഭാര്യയെയും രണ്ടു പെൺമക്കളെയും രാജസ്ഥാനിലേക്ക്  പറിച്ചു നട്ട്, കഴിഞ്ഞ ഒരു കൊല്ലമായി തന്റെ മുഴുവൻ സമയവും ബിജെപിയുടെ പ്രചാരണത്തിനായി ഉഴിഞ്ഞു വെക്കുകയായിരുന്നു ഉജ്വൽ പരീഖ് എന്ന ഈ യുവ ടെക്കി. 

പാർട്ടിയുമായുള്ള പരീഖിന്റെ ബന്ധം തുടങ്ങുന്നത് 2013ലാണ്. അന്നേ പയ്യൻ ഒരു കടുത്ത 'മോദി ഫാൻ ' ആണ്. 2014 ലെ ലോക്‌സഭാ  തെരഞ്ഞെടുപ്പിലും 2016ലെ ബംഗാൾ നിയമസഭാതെരഞ്ഞെടുപ്പിലും ബംഗാളിൽ ബിജെപിയുടെ പ്രകടനം വളരെ തണുപ്പനായിരുന്നു. അന്ന് നിരാശനായി പരീഖ് രാഷ്ട്രീയം മതിയാക്കി ജീവിക്കാനുള്ള വകതേടി വിദേശത്തേക്ക് ഒരു ടെക്കിയുടെ റോളിൽ പറക്കുകയായിരുന്നു. 

" ലണ്ടനിലെ ജീവിതം സുഖ ശീതളമായ ഒന്നായിരുന്നു. എന്നെപ്പോലെ അവിടെ ചെന്നുപെടുന്ന ഒരാൾക്കും അത് അത്രയെളുപ്പം വിട്ടുപോരാൻ മനസ്സുവരില്ല.  എന്തോ, അത് എന്നെ വളരെ പെട്ടെന്ന് ബോറടിപ്പിച്ചു. എനിക്ക് നാട്ടിലെ രാഷ്ട്രീയവും, പൊടിയും, ചൂടും, വെയിലും, മഴയും ഒക്കെ കൊണ്ടില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. എനിക്ക് ഈ അവസരം തന്ന ബിജെപി നാഷണൽ സെക്രട്ടറി ശിവ് പ്രകാശ് ജിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു.. " പയ്യൻ പറഞ്ഞു. 

ഭരണം കിട്ടിയ ശേഷം പ്രത്യേകിച്ചും ബിജെപിയുടെ സോഷ്യൽ മീഡിയ വിങ്ങ് 24x7  ഉണർന്നിരിക്കുന്ന ഒന്നാണെന്ന് ഉജ്വൽ പരീഖ് പറഞ്ഞു. 

" ദേശീയ ഐടി സെൽ മേധാവി അമിത മാളവ്യയാണ് ഞങ്ങളുടെ നയങ്ങളും പ്രവർത്തന രീതികളും ഒക്കെ തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് നല്ലൊരു ടീം വർക്ക് ഉറപ്പുവരുത്തുക എന്നതാണ് എന്റെ ചുമതല. അത് ഞാൻ പരമാവധി ആത്മാർത്ഥതയോടും അർപ്പണ മനോഭാവത്തോടും നിറവേറ്റാൻ ശ്രമിക്കുന്നു എന്ന് മാത്രം. " പരീഖ് പറഞ്ഞു. 

മോദിയുടെ ജയത്തിനു പിന്നാലെ മമതാ ദീദിയ്ക്കയച്ച പോസ്റ്റുകാർഡിൽ ഉജ്ജ്വൽ പരീഖ് കുറിച്ചത്,   " നിങ്ങൾ ബംഗാളിൽ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പേരിൽ  ചരിത്രം നിങ്ങൾക്ക് ഒരിക്കലും മാപ്പുതരില്ല. നരേന്ദ്ര മോദി എന്ന കർമ്മധീരന്റെ നേതൃത്വത്തിൽ ബിജെപി 'സോനാർ ബംഗ്ളാ' തിരിച്ചു കൊണ്ടുവരിക തന്നെ ചെയ്യും.. "  എന്നായിരുന്നു.

മോദിയുടെ ഭരണനേട്ടങ്ങൾ  പ്രചരിപ്പിച്ചുകൊണ്ട് ഇനിയങ്ങോട്ടും അണിയറയിൽ തന്നെ തുടരാനാണ് ഉജ്ജ്വൽ പരീഖ് എന്ന ഈ യുവടെക്കിയുടെ തീരുമാനം.