ലിനി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം.. നിപ്പ എന്ന ഭീകര രോഗം കേരളത്തെയാകെ ഭയത്തിന്‍റെ മുള്‍മുനകളില്‍ കൊരുത്തിട്ട ദിവസങ്ങള്‍.. നേഴ്സായുള്ള തന്‍റെ സേവന ജീവിതത്തില്‍ അവര്‍ ജീവന്‍ വെടിയേണ്ടി വന്നിട്ട് ഒരാണ്ട്..

സിസ്റ്റര്‍ ലിനി, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു. സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ലിനി മരിക്കുന്നത് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടില്‍ ലിനിയുടെ ഓര്‍മ്മകളുമായി ഭര്‍ത്താവ് സജീഷും മക്കള്‍ റിഥുലും സിദ്ധുവുമുണ്ട്. 

ആതുരശുശ്രൂഷയെ ഇഷ്ടപ്പെട്ടാണ് ലിനി നഴ്സിങ്ങ് തിരഞ്ഞെടുത്തത്

മരണക്കിടക്കയില്‍ വച്ച് ലിനി ഭര്‍ത്താവിന് എഴുതിയ കത്ത് അന്ന് കേരളത്തെയാകെ കരയിച്ചിരുന്നു. തനിക്ക് നിപ്പ ബാധിച്ചുവെന്നും അതെത്ര ഭീകരമായ അവസ്ഥയാണെന്നും ലിനിക്ക് മനസ്സിലായിരുന്നു. അതിനാല്‍ തന്നെ പ്രിയപ്പെട്ടവര്‍ തന്നെ കാണാനെത്തരുതെന്നും അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് അന്ന് ലിനി കുറിച്ചു, ''സജീഷേട്ടാ , am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം.  please… with lots of love.. ”

പിന്നീട്, ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കി. അമ്മയുടെ ആഗ്രഹം പോലെ തന്നെ മകന്‍ കുഞ്ചുവുമായി സജീഷ് ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. മലയാളി നഴ്സസ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അത്. പിന്നീട് നിപ്പ പ്രമേയമായി വരുന്ന വൈറസ് സിനിമയുടെ ലോഞ്ചിങ്ങിലും ഇരുവരും പങ്കെടുത്തു. 

ആതുരശുശ്രൂഷയെ ഇഷ്ടപ്പെട്ടാണ് ലിനി നഴ്സിങ്ങ് തിരഞ്ഞെടുത്തത്. ലോണെടുത്ത് ബംഗളൂരു പവന്‍ സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ നിന്ന് ബി എസ് സി നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കി. കോഴിക്കോട് വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും തുച്ഛമായ ശമ്പളമായിരുന്നു. പിന്നീടാണ്, ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 

നിപ്പയെ തുടര്‍ന്ന് ലിനി മരിച്ചത് കേരളത്തെയൊന്നടങ്കം വേദനയിലാഴ്ത്തി

ജോലിയെ ഏറെ ഇഷ്ടപ്പെട്ട ആളായിരുന്നു ലിനി. അതുകൊണ്ട് തന്നെ മുന്നിലെത്തുന്ന രോഗികളെ തികഞ്ഞ ആത്മാര്‍ത്ഥതയോടും ദീനാനുകമ്പയോടും പരിചരിച്ചു അവര്‍. നിപ്പയെ തുടര്‍ന്ന് ലിനി മരിച്ചത് കേരളത്തെയൊന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. മാലാഖ എന്ന വാഴ്ത്തലുകള്‍ക്കുമപ്പുറം കര്‍മ മണ്ഡലത്തില്‍ തന്‍റെ ജീവന്‍ ത്യജിക്കേണ്ടി വന്ന ധീരയായ സ്ത്രീയായിരുന്നു ലിനി. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം!