1991 -ൽ റിലീസ് ചെയ്ത 'പോയിന്റ് ബ്രേക്ക്' എന്ന ചിത്രത്തിലെ ഒരു രംഗത്തിനോട് സാമ്യമുള്ള രീതിയിലായിരുന്നു ഇവർ മോഷണം ആസൂത്രണം ചെയ്തത്.
വൃദ്ധന്മാരുടെ വേഷത്തിൽ എത്തി ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമിച്ച യുവസഹോദരങ്ങൾ പിടിയിൽ. ലാറ്റക്സ് മുഖംമൂടികൾ ഉപയോഗിച്ച് വൃദ്ധന്മാരുടെ രൂപത്തിലേക്ക് മാറി ജ്വല്ലറി കൊള്ളയടിക്കാൻ എത്തിയ 37 -കാരനായ ബെഞ്ചമിൻ മർഫിയും 28 -കാരനായ ജോർജ്ജ് മർഫി-ബ്രിസ്റ്റോയുമാണ് പിടിയിലായത്. ഇരുവരും സഹോദരങ്ങളാണ്. പൊലീസ് പിടിയിലായ ഇരുവർക്കും മുപ്പത്തൊന്ന് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
2021 സെപ്റ്റംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. എസെക്സിലെ എപ്പിംഗ് ഹൈ സ്ട്രീറ്റിലെ ഒരു ജ്വല്ലറിയിൽ ആണ് വൃദ്ധന്മാർ എന്ന് തോന്നിപ്പിക്കുന്ന ലാറ്റക്സ് മാസ്ക് ധരിച്ചെത്തിയ ഇവർ മോഷണശ്രമം നടത്തിയത്. മുഖത്ത് പ്രായമായവരുടേതിന് സമാനമായി ചുളിവുകളും കഷണ്ടി തലയുമുള്ള മാസ്ക് ആയിരുന്നു ഇവർ ധരിച്ചിരുന്നത്. ഇവരുടെ കയ്യിൽ ജീവനക്കാരെ ഭയപ്പെടുത്തുന്നതിനായി കത്തികളും കേബിളുകളും ഉണ്ടായിരുന്നു.
ജ്വല്ലറിയിൽ കയറിയ ഉടൻതന്നെ ഒരു ജീവനക്കാരനെ ഇവർ കസേരയിൽ കേബിളുകൾ ഉപയോഗിച്ച് ബന്ധിക്കുകയും അയാൾ കയ്യിൽ ധരിച്ചിരുന്ന 15 ലക്ഷത്തോളം (15000 പൗണ്ട്) വിലമതിക്കുന്ന റോളക്സ് വാച്ച് ഊരി വാങ്ങുകയും ചെയ്തു. തുടർന്ന് കത്തി കാണിച്ച് ജീവനക്കാരെ ഭയപ്പെടുത്തി കൂടുതൽ സാധനങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ജ്വല്ലറിയിലെ അലാറം മുഴങ്ങുമെന്ന് ഉറപ്പായതോടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.
1991 -ൽ റിലീസ് ചെയ്ത 'പോയിന്റ് ബ്രേക്ക്' എന്ന ചിത്രത്തിലെ ഒരു രംഗത്തിനോട് സാമ്യമുള്ള രീതിയിലായിരുന്നു ഇവർ മോഷണം ആസൂത്രണം ചെയ്തത്. സിനിമയിൽ മോഷ്ടാക്കൾ എത്തിയത് അമേരിക്കൻ പ്രസിഡന്റുമാരായ റൊണാൾഡ് റീഗൻ, ജിമ്മി കാർട്ടർ, റിച്ചാർഡ് നിക്‌സൺ, ലിൻഡൻ ബി എന്നിവരുടെ മുഖസാദൃശ്യമുള്ള ലാറ്റക്സ് മാസ്‌കുകൾ ധരിച്ചായിരുന്നു.
മോഷണം നടന്ന ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. എന്നാൽ, പിന്നീട് ഏതാനും ആഴ്ചകൾക്ക് ശേഷം പൊലീസ് പട്രോളിങ്ങിനിടയിൽ വാഹനം ഓടിച്ചെത്തിയ ജോർജ്ജ് മർഫി-ബ്രിസ്റ്റോയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹന പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്നും ലാറ്റക്സ് മാസ്കുകളും ജ്വല്ലറി മോഷണ സമയത്ത് പ്രതികൾ ധരിച്ചിരുന്നത് എന്ന് സംശയിക്കുന്ന വസ്ത്രങ്ങളും ആയുധങ്ങളും മറ്റും കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അധികം വൈകാതെ തന്നെ ബെഞ്ചമിൻ മർഫിയും പൊലീസിന്റെ പിടിയിലായി. എന്നാൽ, കോടതിയിൽ ഇരുവരും കുറ്റം നിഷേധിച്ചു. പക്ഷേ, തെളിവുകളെല്ലാം ഇവർക്ക് എതിരായിരുന്നതിനാൽ കുറ്റക്കാരെന്ന് കണ്ടെത്തി ഇരുവർക്കും 31 വർഷത്തെ തടവ് വിധിക്കുകയായിരുന്നു കോടതി. മോഷണത്തിനിടയിൽ ജ്വല്ലറി ജീവനക്കാരന്റെ കയ്യിൽ നിന്നും അപഹരിച്ചെടുത്ത റോളക്സ് വാച്ചിനെ കുറിച്ച് പക്ഷേ ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല.
