ആഗോളതലത്തിൽ 8,000 ജീവനക്കാരെ പിരിച്ചുവിടാൻ മെറ്റ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പദ്ധതികളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ കൂട്ടപ്പിരിച്ചുവിടലെന്ന് കമ്പനി അറിയിച്ചു. ഇതോടെ എഐയുടെ വരവോടെ ജോലി നഷ്ടമാകുമെന്ന ആശങ്ക യാഥാർത്ഥ്യമായി തുടങ്ങിയിരിക്കുന്നു.
ആഗോളതലത്തിൽ ആകെയുള്ള ജീവനക്കാരുടെ 10% പേരെ പിരിച്ചുവിടുമെന്ന് മെറ്റആ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയ്ൽ ജീവനക്കാർക്ക് അയച്ച ഇന്‍റേണൽ മെമ്മോയിൽ അറിയിച്ചു. അതായത് മെയ് 20 മുതൽ മെറ്റയിൽ നിന്നും ഏകദേശം 8,000 പേരെ പിരിച്ച് വിടുമെന്നാണ് അറിയിപ്പ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പദ്ധതികളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നത് തുടരുന്നതിനോടൊപ്പം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ കൂട്ടപ്പിരിച്ച് വിടലെന്നും കമ്പനി അറിയിച്ചു. 8,000 പേരെ പിരിച്ച് വിടുന്നതിനൊപ്പം ഏകദേശം 6,000 -ത്തോളം ഒഴിവുകൾ നിർത്തലാക്കുകയാണെന്നും അറിയിപ്പിൽ പറയുന്നു.
മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗം
ഇതോടെ എഐയുടെ വരവോടെ ജോലി നഷ്ടമാകുമെന്ന ആശങ്ക യാഥാർത്ഥ്യമായി തുടങ്ങിയിരിക്കുന്നു. മൾട്ടിനാൽഷണൽ കമ്പനികൾ പുതിയ നിയമനങ്ങളിൽ നിന്നും വലിയ തോതിൽ പിന്മാറുന്നതിന്‍റെ സൂചനയാണിതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ പുതിയ തീരുമാനം ജീവനക്കാർക്ക് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ഗെയ്ൻ തന്‍റെ കത്തിൽ സൂചിപ്പിച്ചെന്നും എന്നാൽ, നിലവിലെ സാഹചര്യങ്ങളിൽ മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗം എന്ന് അദ്ദേഹം ഈ കൂട്ടപ്പിരിച്ച് വിടലിനെ വിശേഷിപ്പിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം കൂട്ടപ്പിരിച്ച് വിടലിനെ കുറിച്ച് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ കമ്പനി ചില മാറ്റങ്ങൾ നിർദ്ദേശിച്ച് തുടങ്ങിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മെയ് 20 -ാം തിയതിയോടെ പിരിച്ച് വിടലിൽ ഉൾപ്പെട്ട ജീവനക്കാർക്ക് മെയിലുകൾ അയക്കുമെന്നാണ് വിവരം.
പിരിച്ചുവിടൽ പാക്കേജ്
പിരിച്ച് വിടലിൽ ഉൾപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് വാഗ്ദാനം ചെയ്യുമെന്നും മെറ്റാ അറിയിച്ചു. യുഎസിലുള്ള ജീവനക്കാർക്ക് 16 ആഴ്ച അടിസ്ഥാന ശമ്പളവും ഓരോ വർഷത്തെ സേവനത്തിനും രണ്ടാഴ്ച അധിക ശമ്പളവും ഈ പാക്കേജ് വഴി നൽകും. ഒപ്പം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും 18 മാസം വരെ COBRA വഴി ആരോഗ്യ സംരക്ഷണ ചെലവുകളും കമ്പനി വഹിക്കും. യുഎസിന് പുറത്തുള്ള ജീവനക്കാർക്കുള്ള പാക്കേജുകൾ അതാത് പ്രദേശത്തെ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു. അതോടൊപ്പം പിരിച്ചിവിടപ്പെട്ട തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്നതിന് കരിയർ സപ്പോർട്ട് സേവനം നൽകുമെന്നും ആവശ്യമുള്ള സ്ഥലത്തേക്ക് ഇമിഗ്രേഷൻ സഹായം നൽകുമെന്നും കമ്പനി അറിയിച്ചു.
യഥാർത്ഥ്യമാകുന്ന ആശങ്ക
ഏതെക്കെ വിഭാഗങ്ങളെയാണ് കൂട്ടപിരിച്ച് വിടൽ ബാധിക്കുകയെന്ന് മെറ്റാ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മെറ്റയിൽ നിന്നും സമീപ വർഷങ്ങൾക്കിടെ നടത്തിയ ഏറ്റവും വലിയ കൂട്ടപിരിച്ച് വിടലായി ഈ സംഭവം മാറും. ഇത് ജീവനക്കാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എഐയുടെ വരവോടെ കമ്പ്യൂട്ടർ അടിസ്ഥാന ജോലികളിൽ പലതും നഷ്ടപ്പെടുമെന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു. ഈ ആശങ്ക ഇപ്പോൾ യാഥാർത്ഥ്യമായിത്തുടങ്ങിയെന്നാണ് മെറ്റയുടെ നീക്കം നൽകുന്ന സൂചന. എഐ രംഗത്തെ കിടമത്സരം ഈ രംഗത്ത് കൂടുതൽ നിക്ഷേപത്തിന് മെറ്റായെ നിർബന്ധിതമാക്കി. ഇതോടെ കൂടുതൽ പണം ഈ രംഗത്ത് നിക്ഷേപിക്കാൻ തീരുമാനിച്ചതോടെയാണ് 8,000 ജീവനക്കാരുടെ പിരിച്ചുവിടലിലേക്ക് കാര്യങ്ങളെത്തിച്ചത്.


