ഹൊസെ ഹൊസെ... പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഗായകന്‍. ഉന്മാദത്തിന്‍റെയും വിഷാദത്തിന്‍റെയും ആകാശത്ത് അലഞ്ഞുതിരിഞ്ഞ മനുഷ്യന്‍. തന്‍റെ എഴുപത്തിയൊന്നാമത്തെ വയ്യസ്സില്‍ അന്തരിച്ചിരിക്കുന്നു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ഹൊസെ. അതേസമയം ഹൊസെയുടെ മൃതദേഹമെവിടെ എന്നതിനെച്ചൊല്ലിയുണ്ടായ വിവാദവും വാര്‍ത്തയാവുകയാണ്. 28 -നാണ് ഹൊസെ അന്തരിക്കുന്നത്. 29 മുതല്‍ മൃതദേഹം കാണുന്നില്ലെന്നാണ് പരാതി. ഹൊസെയുടെ മൃതദേഹം തങ്ങളുടെ ഇളയ അര്‍ധസഹോദരി സറീത്തയും അമ്മ സാറാ സാലസറും ചേര്‍ന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ഹൊസെയുടെ മക്കളായ ജോയലും മരിസോളും പറയുന്നത്. ഇതുകാട്ടി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 

ഗായകനായ ഹൊസെ ഹൊസെ സൊസ എസ്ക്വിവലിന്‍റെയും പിയാനിസ്റ്റായ മര്‍ഗരീറ്റ ഓര്‍ടിസിന്‍റെയും മകനായി 1948 ഫെബ്രുവരി 17 -ന് മെക്സിക്കോയിലാണ് ഹൊസെയുടെ ജനനം. ഹൊസെ റോമുലോ സൊസ ഓര്‍ടിസ് എന്നായിരുന്നു ഹൊസെയുടെ മുഴുവന്‍ പേര്. ഹൊസെയേ നേരത്തെ പിതാവ് ഉപേക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിനോട് ഹൊസെയ്ക്ക് എപ്പോഴും കടപ്പാടുണ്ടായിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് ഹൊസെ ഹൊസെ എന്ന പേര് പോലും അദ്ദേഹം സ്വീകരിക്കുന്നത്. 

'എല്‍ ത്രിസ്തെ' എന്ന ഗാനം 1970 -ലെ ലാറ്റിനമേരിക്കന്‍ ഗാനോത്സവത്തില്‍ പാടിയതാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ലാറ്റിന്‍ റിക്കോഡിങ് അക്കാദമിയുടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍, ഗ്രാമി പുരസ്കാരത്തിനായി എട്ട് തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും പുരസ്കാരം ലഭിച്ചില്ല. 

പ്രണയവും വിരഹവേദനയും തുടിച്ചുനിന്ന ശബ്ദത്തിനുടമയായ ആ അനുഗ്രഹീത ഗായകന്‍ മദ്യത്തിന് അടിമയായിരുന്നു. ഹൊസെയുടെ അച്ഛനും മദ്യപാനിയായിരുന്നു. ഹൊസെയ്ക്ക് 15 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഇറങ്ങിപ്പോകുന്നത്. അന്നേ മദ്യപിക്കുമായിരുന്നു ഹൊസെ. പിന്നീട്, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ മയക്കുമരുന്നായി ലഹരി. വിവാഹബന്ധം തകര്‍ന്നതും മറ്റും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഗൗരവം ചോര്‍ത്തിക്കളഞ്ഞു. ടാക്സിക്കാറിലാണ് പലപ്പോഴും അദ്ദേഹം അന്തിയുറങ്ങിയത്. ജീവിതം നശിച്ചുവെന്നായപ്പോള്‍ സുഹൃത്തുക്കളാണ് അദ്ദേഹത്തിന്‍റെ കൈപിടിച്ചത്.

പിന്നീട് രോഗം കൂടി ബാധിച്ചതോടെ ലോകത്താകെ ആരാധകരെയുണ്ടാക്കിയ ആ ശബ്ദവും അദ്ദേഹത്തിന് നഷ്ടമായിരുന്നു. 2017 മാര്‍ച്ചില്‍ അദ്ദേഹത്തിന് കാന്‍സറാണെന്ന് സ്ഥരീകരിക്കുകയായിരുന്നു. തന്‍റെ എഴുപത്തിയൊന്നാമത്തെ വയസ്സില്‍ മരിക്കുമ്പോഴേക്കും കാലത്തോളം ഓര്‍ക്കാനുള്ളത് അദ്ദേഹം പാടിവെച്ചിരുന്നു.