എങ്ങനെയാണ് ഒരു അധ്യാപികയ്ക്ക് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ കുറിച്ച് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ പറ്റുന്നത് എന്നും പലരും വിമർശനം ഉന്നയിച്ചു.
ജോലിക്ക് കയറി ആദ്യ ദിവസം തന്നെ താൽക്കാലികാധ്യാപികയെ പിരിച്ചുവിട്ടു. അച്ഛനമ്മമാരുടെ സമ്മതമില്ലാതെ കുട്ടികളുടെ വീഡിയോ പകർത്തി ടിക്ടോക്കിൽ ഷെയർ ചെയ്തതിനാണ് അധ്യാപികയെ പിരിച്ചുവിട്ടിരിക്കുന്നത്. ഇത് മാത്രമല്ല, വിദ്യാർത്ഥികളുടെ വീഡിയോ ഷെയർ ചെയ്യുന്നതോടൊപ്പം ചില കമന്റുകളും അധ്യാപിക പറഞ്ഞത്രെ. ഇത് തികച്ചും അനുചിതമാണ് എന്നാണ് പല രക്ഷിതാക്കളും ആരോപിച്ചത്. 24 -കാരിയായ മിയാറ്റ ബോർഡേഴ്‌സ് എന്ന അധ്യാപികയേയാണ് സ്കൂൾ പിരിച്ചു വിട്ടിരിക്കുന്നത്. മിസിസിപ്പിയിലാണ് സംഭവം.
മിസിസിപ്പിയിലെ ലേക്ക് കോർമോറന്റ് ഹൈസ്കൂളിൽ മറ്റൊരു ടീച്ചറിന് പകരക്കാരിയായി എത്തിയതാണ് മിയാറ്റ ബോർഡേഴ്‌സ്. ഒക്ടോബർ 17 -നാണ് അവൾ വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്യുന്നതും ജോലിയിൽ നിന്നും പിരിച്ചുവിടുന്നതും. ടിക് ടോക്ക് വീഡിയോയിൽ, മിയാറ്റ അധ്യാപകർക്കുള്ള മേശപ്പുറത്ത് കാലുകൾ വച്ചിരിക്കുന്നതായി കാണാം. താൻ ഒരു വിദ്യാർത്ഥിയാണെന്ന് മിക്കവരും തെറ്റിദ്ധരിച്ചുവെന്ന് പറയുകയും അതിൽ സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് സ്കൂൾ പരിസരമെല്ലാം കാണിക്കുകയാണ്. എന്നാൽ, ഇതിനേക്കാളൊക്കെ പ്രശ്നമായി രക്ഷിതാക്കൾ കണ്ടത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും അവൾ പകർത്തിയ വീഡിയോയിൽ ഉണ്ട്. ലൈംഗികമായി വ്യാഖ്യാനിക്കാവുന്ന ചില പരാമർശങ്ങളും അധ്യാപിക നടത്തിയതായി ആരോപണം ഉയർന്നു.
പല വിദ്യാർത്ഥികളെയും കുറിച്ച് അധ്യാപിക പരാമർശങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ പലർക്കും ഇതത്ര സുഖകരമായിരുന്നില്ല എന്നും വീഡിയോയിൽ കാണാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എങ്ങനെയാണ് ഒരു അധ്യാപികയ്ക്ക് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ കുറിച്ച് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ പറ്റുന്നത് എന്നും പലരും വിമർശനം ഉന്നയിച്ചു. പിന്നീട്, അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കിയതായി ഡിസോട്ടോ കൗണ്ടി സ്കൂൾസ് സ്ഥിരീകരിച്ചു. ഇനി അവർ അധ്യാപികയായി അവിടെ ഉണ്ടാവില്ല എന്ന് സ്കൂളും പറഞ്ഞു. ഡെസോട്ടോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയാണ് ലേക്ക് കോർമോറന്റ്.
മിയാറ്റ പിന്നീട് സംഭവത്തിൽ വിശദീകരണവുമായി വീഡിയോ ഷെയർ ചെയ്തു. താൻ ഒരിക്കലും വിദ്യാർത്ഥികളെ മോശമായി കണ്ടിട്ടില്ല, താൻ അങ്ങനെയൊരാളല്ല എന്നും തന്റെ വീഡിയോ എടുക്കുമ്പോൾ അതിൽ വിദ്യാർത്ഥികൾ കൂടി ഉൾപ്പെട്ടതാണ് എന്നും തെറ്റിദ്ധാരണയുണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ലെസ്ബിയൻ കൂടിയായ മിയാറ്റ പ്രതികരിച്ചു.


