Asianet News MalayalamAsianet News Malayalam

പ്ലാവില ആയും വളരും മാവില ആയും വളരും, ഓന്തിന്റെ സ്വഭാവമുള്ള ഈ വിചിത്ര സസ്യത്തെ അറിയുമോ?

സാധാരണയായി മരങ്ങളിൽ പടർന്നു വളരുന്ന ഈ ചെടിയുടെ ഇലയാണ് ഇത്തരത്തിൽ ഒരു വിചിത്ര സ്വഭാവം ഈ ചെടിക്ക് സമ്മാനിക്കുന്നത്.

mimic plant Boquila trifoliolata
Author
First Published Jan 27, 2023, 4:13 PM IST

ഓന്തിന്റെ സ്വഭാവമുള്ള മനുഷ്യർ എന്നൊക്കെ നമ്മൾ പറയാറില്ലേ? ഓന്ത് നിറം മാറുന്നത് പോലെ ഓരോ സമയത്തും ഓരോ സ്വഭാവം കാണിക്കുന്നവരെയാണ് പരിഹാസ രൂപേണ നാം ഇങ്ങനെ വിളിക്കാറ്. എന്നാൽ ഇതേ സ്വഭാവക്കാരനായ ഒരു ചെടിയുണ്ട്. ഈ വിചിത്രമായ സ്വഭാവം കൊണ്ട് തന്നെ സസ്യലോകത്ത് ഓന്തിന്റെ സ്വഭാവമുള്ള ചെടി എന്നൊരു ഇരട്ടപ്പേരും ഇതിനുണ്ട്. ബോക്വില ട്രൈഫോളിയോലേറ്റ എന്നാണ് ഈ ചെടിയുടെ പേര്. ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടി എന്നാണ് നാഷണൽ ജോഗ്രഫിക്ക് മാഗസിൻ ഈ ചെടിയെ വിശേഷിപ്പിച്ചിട്ടുള്ളത്. 

സാധാരണയായി മരങ്ങളിൽ പടർന്നു വളരുന്ന ഈ ചെടിയുടെ ഇലയാണ് ഇത്തരത്തിൽ ഒരു വിചിത്ര സ്വഭാവം ഈ ചെടിക്ക് സമ്മാനിക്കുന്നത്. ഇവയുടെ ഇലകൾക്ക് പ്രത്യേകിച്ച് ഒരു ആകൃതി ഇല്ല എന്നതാണ് സത്യം. ഏതു മരത്തിലാണോ വളരുന്നത് ആ മരത്തിന്റെ ഇലക്ക് സാമ്യമായ രീതിയിൽ ഇവയുടെ ഇലയും വളരും. എന്നുവച്ചാൽ മാവിൽ പടർന്നു കയറിയാൽ മാവില. പ്ലാവിലാണ് പടർന്നു കയറുന്നതെങ്കിൽ പ്ലാവില. പടർന്നുകയറുന്ന മരത്തിന്റെ ഇലയുടെ ആകൃതി, നിറം, വലുപ്പം, ഇല ഞരമ്പുകൾ എന്നറിയപ്പെടുന്ന പാറ്റേണുകൾ പോലും ഒരുപോലെ ആയിരിക്കും എന്നതാണ് ബോക്വില ചെടിയുടെ പ്രത്യേകത.

ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ആണ് ഈ ചെടികൾ ഇത്തരത്തിൽ വേഷപ്പകർച്ച നടത്തുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഇലകൾ തിന്നു തീർക്കുന്ന പുഴുക്കളാണ് ഇവയുടെ പ്രധാന ശത്രുക്കൾ. ജീവികളും സസ്യങ്ങളും മറ്റൊരു ജീവിയുടെയോ സസ്യത്തിന്റെയോ രൂപം സ്വീകരിക്കുന്നതിന് ജീവശാസ്ത്ര ലോകത്ത് ബേസിയൻ മിമിക്രി എന്നാണ് പറയുന്നത്. മറ്റു പല സസ്യങ്ങളും ഇത്തരത്തിൽ അനുകരണ സ്വഭാവം കാണിക്കാറുണ്ടെങ്കിലും ബോക്വില ചെടിക്ക് അനുകരിക്കാൻ സാധിക്കുന്നത്ര കൃത്യമായി മറ്റൊരു ചെടികൾക്കും അനുകരിക്കാൻ കഴിയില്ല. 8 വ്യത്യസ്ത തരം ഇലകളെ അനുകരിക്കാൻ ഈ ചെടിക്ക് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios