''ഇത്തരം സംഭവങ്ങള്‍ മിക്ക സ്ത്രീകള്‍ക്കും ഉണ്ടായിട്ടുണ്ടാവും എന്നുറപ്പാണ്. ചൊവ്വാഴ്ച രാത്രി ഞാന്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍നിന്നും കുറച്ചു പലചരക്കു സാധനങ്ങള്‍ വാങ്ങിച്ചു.ഡെലിവറിക്ക് വന്ന യുവാവ് അതിനു ശേഷം എനിക്ക് ഇത്തരം മെസേജുകള്‍ വാട്ട്‌സാപ്പിലൂടെ അയച്ചു. ഇത് ആദ്യമായല്ല. അവസാനത്തേതുമായിരിക്കില്ല.''-പ്രാപ്തി ട്വീറ്റ് ചെയ്തു.  

മിസ് യൂ, നിങ്ങള്‍ സുന്ദരിയാണ്, നല്ല പെരുമാറ്റം....

ഇത് ദില്ലിയിലെ ഒരു സ്ത്രീയ്ക്ക് വാട്ട്‌സാപ്പില്‍ വന്ന മെസേജുകളാണ്. മെസേജ് അയച്ചത്, തൊട്ടുമുമ്പ് ഫ്‌ളാറ്റിലെത്തി അവര്‍ക്ക് പലചരക്ക് സാധനങ്ങള്‍ കൈമാറിയ സ്വിഗ്ഗി ഡെലിവറി ഏജന്റും. സാധനങ്ങള്‍ ഏല്‍പ്പിച്ച് മടങ്ങിയ ശേഷമാണ് അവര്‍ക്ക് രാത്രിയില്‍ ഡെലിവറി ഏജന്റായ യുവാവിന്റെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ എത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ഈ അനുഭവം ആ സ്ത്രീ തുറന്നു പറഞ്ഞത്. പ്രാപ്തി എന്ന ഹാന്‍ഡിലിലൂടെയാണ് തനിക്കു വന്ന മെസേജുകളെക്കുറിച്ചും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ കുറിച്ചും യുവതി എഴുതിയത്. സ്വിഗ്ഗി സപ്പോര്‍ട്ട് ടീമിന് ഇക്കാര്യം പറഞ്ഞ് പരാതിപ്പെട്ടെങ്കിലും പ്രതികരണം നല്ലതായിരുന്നില്ല എന്നും അവര്‍ ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാവരുത് എന്ന ബോധ്യത്തോടെയാണ് താനീ വിവരങ്ങള്‍ പുറത്തുപറയുന്നതെന്നും അവര്‍ കുറിച്ചു. 

''ഇത്തരം സംഭവങ്ങള്‍ മിക്ക സ്ത്രീകള്‍ക്കും ഉണ്ടായിട്ടുണ്ടാവും എന്നുറപ്പാണ്. ചൊവ്വാഴ്ച രാത്രി ഞാന്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍നിന്നും കുറച്ചു പലചരക്കു സാധനങ്ങള്‍ വാങ്ങിച്ചു.ഡെലിവറിക്ക് വന്ന യുവാവ് അതിനു ശേഷം എനിക്ക് ഇത്തരം മെസേജുകള്‍ വാട്ട്‌സാപ്പിലൂടെ അയച്ചു. ഇത് ആദ്യമായല്ല. അവസാനത്തേതുമായിരിക്കില്ല.''-പ്രാപ്തി ട്വീറ്റ് ചെയ്തു. 

ഇക്കാര്യം സ്വിഗ്ഗിയുടെ കസ്റ്റമര്‍ സര്‍വീസ് ടീമിനെ അറിയിച്ചുവെന്നും എന്നാല്‍, അവര്‍ വേണ്ട നടപടി എടുത്തില്ലെന്നും യുവതി ട്വിറ്ററിലൂടെ ആരോപിച്ചു. 

'ദയവ് ചെയ്ത് ഇത്തരം ആരോപണങ്ങള്‍ നിസ്സാരമായി എടുക്കരുത്.'-പ്രാപ്തി ട്വിറ്ററില്‍ എഴുതി. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ നമ്പര്‍ ഡെലിവറി ഏജന്റുമാര്‍ക്ക് ലഭിക്കുമെന്നും ഇത് ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും അവര്‍ എഴുതി. 

ഡെലിവറിക്ക് വന്ന ഏജന്റിനെ ഡെലിവറി വൈകിയതിനാല്‍ താന്‍ വിളിച്ചിരുന്നുവെന്നും അങ്ങനെയാണ് തന്റെ നമ്പര്‍ അയാള്‍ക്ക് കിട്ടിയതെന്നും യുവതി ട്വിറ്ററിലൂടെ പറഞ്ഞു. 

തനിച്ച് താമസിക്കുന്നതിനാല്‍, താനിനി രാത്രി കാലങ്ങളില്‍ സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നും അവര്‍ പറഞ്ഞു. 

ട്വിറ്ററിലൂടെ ഈ സംഭവം വലിയ ചര്‍ച്ചയായ ശേഷം സ്വിഗ്ഗി എസ്‌കലേഷന്‍ ടീമും സി ഇ ഒയുടെ ഓഫീസും സംഭവത്തില്‍ ഇടപെട്ടതായി പിന്നീട് യുവതി ട്വീറ്റ് ചെയ്തു. '' അവര്‍ എന്റെ പരാതി കേള്‍ക്കുകയും ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിന് എല്ലാ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും ഉറപ്പുനല്‍കി. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാവില്ലെന്നും അവര്‍ ഉറപ്പുനല്‍കി.''-അവര്‍ എഴുതി.