മുതലയുടെ വയറ്റിൽ നിന്നും കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളിൽ നിന്നും അത് കാണാതായ കർഷകന്റെ മൃതദേഹം തന്നെയാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മലേഷ്യയിൽ ഈ മാസം 18 -ന് 60 വയസുള്ള ഒരു കർഷകനെ കാണാതെയായി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും നാട്ടുകാരും എല്ലാം ചേർന്ന് വലിയ തിരച്ചിലാണ് അദ്ദേഹത്തിന് വേണ്ടി നടത്തിയത്. എന്നാൽ, ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തിയപ്പോൾ അത് വലിയൊരു ദുരന്ത വാർത്തയായി മാറുകയായിരുന്നു. 60 വയസ്സുള്ള ആഡി ബംഗ്‌സ എന്ന കർഷകനെയാണ് കാണാതെയായത്. ഒടുവിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് പതിനാലടി വരുന്ന ഒരു മുതലയുടെ അകത്തു നിന്നുമാണ്. 

കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് കർഷകന്റെ മൃതദേഹം മുതലയുടെ ശരീരത്തിനകത്ത് കണ്ടെത്തിയത്. സബാഹ് വൈൽഡ്‍ലൈഫ് ഡിപാർട്‍മെന്റാണ് മുതലയെ പിടികൂടിയത്. പിടികൂടിയ ശേഷം സംഘം അതിനെ കൊന്ന് വയർ പരിശോധിക്കുകയായിരുന്നു. ആഡി ബംഗ്‌സയുടെ കുടുംബത്തിന്റെ മുന്നിൽ വച്ചാണ് വന്യജീവി വകുപ്പിൽ നിന്നുള്ളവർ മുതലയുടെ വയർ കീറിയത്. വന്യജീവി വകുപ്പ് എന്തുകൊണ്ടാണ് കാണാതായ കർഷകനെ മുതലയുടെ വയറ്റിൽ തിരയാൻ തീരുമാനിച്ചത് എന്ന കാര്യം വ്യക്തമല്ല. 

മുതലയുടെ വയറ്റിൽ നിന്നും കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളിൽ നിന്നും അത് കാണാതായ കർഷകന്റെ മൃതദേഹം തന്നെയാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുതലയെ കീറിമുറിക്കവെ മരിച്ചയാളുടെ കുടുംബാംഗങ്ങൾ അവിടെയുണ്ടായിരുന്നുവെന്ന് തവാവോ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ മേധാവി ജെമിഷിൻ ഉജിൻ സ്ഥിരീകരിച്ചു. മുതലയെ ആദ്യം വെടിവച്ച് കൊന്നശേഷമാണ് മൃതദേഹമുണ്ടോ എന്ന് ഉറപ്പിക്കുന്നതിന് വേണ്ടി കീറിമുറിച്ചത്. 

രാവിലെ മൂന്ന് മണിക്കാണ് മുതലയെ വെടിവച്ച് കൊന്നത്. ഒമ്പത് മണിക്ക് വീട്ടുകാരുടെ സാന്നിധ്യത്തിൽ കീറിമുറിച്ചു. ശേഷം കർഷകൻ‌റെ ദേഹം മുതലയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തു. 11 മണിയോടെ എല്ലാം പൂർത്തിയായതായും സംഘം പറയുന്നു.