വൈൻ ബാറിലെ ഫ്രീസറിൽ ഒമ്പത് വർഷം പഴക്കമുള്ള മൃതദേഹം, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പ്രതിഫലം!
രണ്ട് വർഷമായി റോയിയുടെ മൃതദേഹം കണ്ടെത്തിയിട്ട്. റോയിയുടെ ജീവിതത്തെ കുറിച്ച് തങ്ങൾക്ക് അറിയാമെങ്കിലും മരണത്തെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. അക്കാര്യത്തിൽ നിങ്ങളുടെ സഹായം ഞങ്ങൾക്ക് ആവശ്യമാണ് എന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ കെല്ലി അലൻ പറഞ്ഞു.

ഒമ്പത് വർഷം മുമ്പ് കൊല്ലപ്പെട്ട ഒരാളുടെ കൊലപാതകിയെ തിരഞ്ഞ് ലണ്ടൻ പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് ഏകദേശം 20 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും പൊലീസ് പറയുന്നു. പത്തുവർഷം മുമ്പ് കാണാതായ ഇയാളെ ഒടുവിൽ കണ്ടെത്തിയത് ഒരു വൈൻ ബാറിന്റെ ഫ്രീസറിനുള്ളിൽ വെറും മൃതദേഹമായിട്ടാണ്. ഒമ്പത് വർഷമായി മൃതദേഹം ഫ്രീസറിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
2021 ഒക്ടോബറിലാണ് നേരത്തെ വൈൻ ബാറായിരുന്ന ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്നും റോയ് ബിഗ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് മെട്രോപൊളിറ്റൻ പൊലീസ് സർവീസ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. പരിസരത്ത് പണിയെടുക്കുന്ന ആളുകളാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, കണ്ടെത്തുന്നതിന് എത്രയോ വർഷങ്ങൾ മുമ്പ് തന്നെ ഇയാളെ കൊലപ്പെടുത്തി ഫ്രീസറിലാക്കി ഉപേക്ഷിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. ഡെന്റൽ റെക്കോർഡുകൾ പരിശോധിച്ചതിലൂടെയാണ് മൃതദേഹം റോയ് ബിഗിന്റേതാണ് എന്ന് കണ്ടെത്തിയത്.
കൊല്ലപ്പെടുമ്പോൾ ബിഗിന് 70 വയസായിരുന്നു പ്രായം എന്ന് കരുതുന്നു. എന്നാൽ, മരണകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. കൊലപാതകം നടത്തിയത് ആരാണ് എന്നും എന്തിനാണ് എന്നും കുറേക്കാലമായി പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പൊതുജനങ്ങളുടെ സഹായം പൊലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്.
രണ്ട് വർഷമായി റോയിയുടെ മൃതദേഹം കണ്ടെത്തിയിട്ട്. റോയിയുടെ ജീവിതത്തെ കുറിച്ച് തങ്ങൾക്ക് അറിയാമെങ്കിലും മരണത്തെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. അക്കാര്യത്തിൽ നിങ്ങളുടെ സഹായം ഞങ്ങൾക്ക് ആവശ്യമാണ് എന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ കെല്ലി അലൻ പ്രസ്താവനയിൽ പറഞ്ഞു. 2012 ഫെബ്രുവരിയിലാണ് ബിഗിനെ കാണാതായത്. 2012 മുതൽ 2021 വരെ ബിഗ് എവിടെയായിരുന്നു എന്നാണ് പൊലീസിന് അറിയേണ്ടത്. ആ കാലത്ത് ഇയാളെ എവിടെയും കണ്ടിരുന്നതായി അറിവില്ല. പിന്നാലെയാണ് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ നൽകുന്നവർക്കായി 20 ലക്ഷം രൂപ പൊലീസ് റിവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായിക്കാം: ശരിക്കും ബാഹുബലി തന്നെ, കൂറ്റൻ മുതലയെ ചുമലിലേറ്റി യുവാവ്..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: